'ബോബി ചെമ്മണ്ണൂരിന് ഇതിലും വലിയൊരു പ്രതികാരം ഇനി ചെയ്യാനില്ല: അഗ്രഗണ്യനാണ്, തിരക്കഥയും അദ്ദേഹം തന്നെ'
ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ പുതിയ ഷോറൂം ഉദ്ഘാടനത്തിനായി കുംഭമേളയിലെ വൈറല്‍ താരം മൊണാലിസയെ കൊണ്ടുവന്ന ബോബി ചെമ്മണ്ണൂരിനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. ബോബി ചെമ്മണ്ണൂരിനെ സംബന്ധിച്ച് നിരവധി കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ കച്ചവട ബുദ്ധിയെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് സിനിമ പിന്നണി ഗായകനും സംരഭകനുമായ അബ്ദുൽ ഹഖ് കെ ടി തിരുരങ്ങാടി ഫേസ്ബുക്കില്‍ കുറിക്കുന്നത്.
എന്തൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചാലും ബോബി ചെമ്മണ്ണൂരിനെ അത്ര പെട്ടെന്നൊന്നും തളർത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം തന്നെ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയ നടിയെ തന്റെ കുറിപ്പിലൂടെ അബ്ദുള്‍ ഹഖ് പരോക്ഷമായി വിമർശിക്കുന്നുമുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബോബിക്ക് ഇതിലും വലിയൊരു പ്രതികാരം ഇനി ചെയ്യാനില്ല, വെല്‍ഡണ്‍ ഡിയർ. ബിസിനസ് മേഖലയിൽ തന്റെതായ ഒരു തട്ടകം സൃഷ്ടിച്ചെടുക്കുന്നതിൽ അഗ്രഗണ്യനാണ് ബോച്ചെ. അതിന് വേണ്ടി ചില കോമാളിത്തരങ്ങളും ,ചില ആംഗിളിൽ നിന്നും നോക്കിയാൽ ശകലം കിറുക്കുണ്ടോ എന്ന് വരേ തോന്നിയേക്കാം. ഡബിൾ മീനിങ്ങിലാണെങ്കിൽ ഡബിൾ പി എച്ച് ഡി എടുത്ത ബോച്ചേയുടെ മുന്നിലേക്ക് വരുമ്പോൾ ആരായാലും അയാളുടെ ഭാഗത്ത് നിന്നും എന്തെങ്കിലുമൊക്കെ കോമിക്കുകൾ പ്രതീക്ഷിച്ചിട്ട് തന്നെ വേണം വരാൻ.
ഇനി വല്യ മർമ്മമുള്ളവരാണെങ്കിൽ ബുക്ക് ചെയ്യാൻ വിളിക്കുമ്പോഴേ തുറന്നങ്ങട് പറഞ്ഞേക്കണം 'വരാം, പക്ഷേ മോശമായ തമാശകളോ സ്പർശനങ്ങളോ അരുത്' എന്ന്. കാരണം വിളിച്ചത് ബോചെയാണെന്നുള്ളത് കൊണ്ട് തന്നെ. ഇത് ഒരുവൾ ബുക്കിങ് ഏറ്റെടുക്കുന്നു, അഡ്വാൻസ് വാങ്ങുന്നു, ഉത്ഘാടനത്തിനെത്തുന്നു, ബോബി തമാശ പറയുന്നു, ചിരിക്കുന്നു, നെക്ലസ് കെട്ടിക്കൊടുക്കുന്നു, സന്തോഷത്തോടെ നിന്ന് കൊടുക്കുന്നു.
പക്ഷേ ഏതാനും ദിവസങ്ങൾക്കു ശേഷം ആരുടെയൊക്കെയോ മൂച്ചിമ്മേൽ കയറ്റലിൽ ബോബിക്കെതിരെ ഒരു പരാതി കൊടുക്കുന്നു. ആ പരാതി തന്നെ കൊടുക്കാൻ ദിവസങ്ങളോളം കാത്തു നിൽക്കേണ്ടി വന്നു ആ പരാതിക്കാരിക്ക്. മാധ്യമങ്ങളും പരാതിക്കാരിക്കൊപ്പം ഉറച്ചു നിന്നു. അതിന് കാരണം ചെമ്മണ്ണൂർ പരസ്യങ്ങൾ കേരളത്തിലെ മാധ്യമങ്ങളിൽ നൽകാത്തത് തന്നെ.
നല്ല തറവാട്ടിൽ പിറന്ന പെണ്ണാണെങ്കിൽ തനിക്ക് ഇഷ്ട്ടമല്ലാത്ത പ്രവൃത്തി ഏതെങ്കിലും പുരുഷന്റെ ഭാഗത്ത് നിന്നുണ്ടായാൽ സ്പോട്ടിൽ പ്രതികരിക്കും. ഇല്ലെങ്കിൽ മിനിമം അവിടെ നിന്നും പോയി ആ ദിവസം വൈകീട്ടെങ്കിലും ഒരു പരാതി നൽകും. അതല്ലേ അതിന്റെയൊരു ശരി? ചെമ്മണ്ണൂരിന്റെ പരസ്യങ്ങളുടെ തിരക്കഥയും, അഭിനയവും സംപ്രേഷണവും ബോച്ചെ തന്നെ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ചെമ്മണ്ണൂർ ബ്രാൻഡ് അംബാസ്സഡരും മൂപ്പര് തന്നെ.
ഒരിക്കലും മലയാളികൾക്ക് അടുത്തു കാണാൻ കഴിയില്ല എന്ന് കരുതിയിരുന്ന ഫുഡ്ബാൾ ലജന്റ് മറഡോണയെ മലയാളികൾക്ക് കൺകുളിർക്കേ കാണാൻ കേരളത്തിൽ കൊണ്ടു വന്നത് മുതൽ, മൊണാലിസ എന്ന നാടോടി സുന്ദരിയെ വരേ കേരളത്തിലെത്തിച്ച ബോച്ചെയെ അത്ര പെട്ടെന്നൊന്നും തളർത്താൻ ആർക്കും കഴിയില്ല.












Click it and Unblock the Notifications