ബ്രഹ്മപുരത്ത് നടന്നത് കോടികളുടെ അഴിമതി: അന്വേഷണം വേണമെന്ന് വി മുരളീധരന്‍
കര്‍ണാടക മുഖ്യമന്ത്രി 2019 ല്‍ സോണ്‍ട്ര ഇന്‍ഫാടെക്കിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതാണ്.

തിരുവനന്തപുരം: ബ്രഹ്മപുരത്ത് നടന്നത് കോടികളുടെ അഴിമതിയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. പിണറായി വിജയന്‍ സര്‍ക്കാരും സോണ്‍ട്ര ഇന്‍ഫോടെക് കമ്പനിയും ചേര്‍ന്ന് നടത്തിയ അഴിമതിയില്‍ സ്വതന്ത്രമായ അന്വേഷണം വേണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
കര്‍ണാടക മുഖ്യമന്ത്രി 2019 ല്‍ സോണ്‍ട്ര ഇന്‍ഫാടെക്കിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതാണ്. 2020 ല്‍ അതേ കമ്പനിക്ക് കേരളത്തില്‍ കെഎസ്‌ഐഡിസിയുടെ പ്രത്യേക ഇടപെടലില്‍ ബ്രഹ്മപുരം കരാര്‍ ലഭിച്ചു. കരാര്‍ കാലാവധിക്കുള്ളില്‍ പാതിപോലും പണി പൂര്‍ത്തിയാക്കാതിരുന്ന കമ്പനിക്ക് കരാര്‍ നീട്ടിക്കൊടുക്കാനുള്ള നിര്‍ദേശം എവിടെ നിന്നായിരുന്നു എന്നും വി. മുരളീധരന്‍ ചോദിച്ചു.
2023 ഫെബ്രുവരിയില്‍ ജപ്പാനുമായി ചേര്‍ന്നുള്ള കോഴിക്കോട് പദ്ധതി വിവാദ കമ്പനിയെ ഏല്‍പ്പിക്കാന്‍ പിണറായി വിജയന്‍ തന്നെ മുന്‍കയ്യെടുത്തിരുന്നു. മാപ്പര്‍ഹിക്കാത്ത തെറ്റാണ് പിണറായി സര്‍ക്കാരും സിപിഎം ഭരിക്കുന്ന കൊച്ചി നഗരസഭയും കേരളത്തോട് ചെയ്തത് എന്നും വി. മുരളീധരന്‍ പറഞ്ഞു.
തലമുറകളുടെ ജീവന്‍ അപകടത്തിലാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പിണറായി വിജയന്‍ തയാറാകണം. സോണ്‍ട്ര ഇന്‍ഫാടെക് വൈക്കം വിശ്വന്റെ മരുമകന്റെതാണെന്നത് അറിയില്ല എന്നാകും രാഷ്ട്രീയ ധാര്‍മികത തൊട്ടുതീണ്ടിയിട്ടില്ലാത്ത മുഖ്യമന്ത്രിയുടെ മറുപടി എന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. കമ്യൂണിസ്റ്റ് ഭരണത്തിലെ അഴിമതിയും സ്വജനപക്ഷപാതവും വമിപ്പിക്കുന്ന വിഷപ്പുക ശ്വസിച്ച് ജീവിക്കേണ്ട അവസ്ഥ ആണ് ജനങള്‍ക്ക് എന്നും മന്ത്രി പറഞ്ഞു.
അതേസമയം, ബ്രഹ്മപുരം വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്രപരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവിന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ കത്തയച്ചിരുന്നു. പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പഠിക്കണമെന്നും ഒരു വിദഗ്ദ്ധസംഘത്തെ കൊച്ചിയിലേക്കയയ്ക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
മാലിന്യ പ്ലാന്റിന് തീപ്പിടിച്ചിട്ട് ഒരാഴ്ചയിലധികമായിട്ടും കൊച്ചി കോര്‍പ്പറേഷനും സംസ്ഥാന സര്‍ക്കാരിനും ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. കൊച്ചിക്കാര്‍ ഏത് നിമിഷവും പൊട്ടിത്തെറിക്കുന്ന അഗ്‌നി പര്‍വ്വതത്തിന് പുറത്താണ് ഇപ്പോള്‍ ജീവിക്കുന്നത്. ബ്രഹ്മപുരം പ്ലാന്റിന് ആസൂത്രിതമായി തീവെച്ചതാണോയെന്ന സംശയം കൊച്ചിക്കാര്‍ക്കുണ്ട്. എന്നിട്ടും ആരോഗ്യ അടിയന്തരാവസ്ഥ പോലും പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല .
മാലിന്യനിര്‍മ്മാര്‍ജ കരാറിന്റെ മറവില്‍ വലിയ അഴിമതിയാണ് കൊച്ചി കോര്‍പ്പറേഷനില്‍ നടക്കുന്നത്. കോണ്‍ഗ്രസ്- സി പി എം നേതാക്കളുടെ മക്കള്‍ക്കും മരുമക്കള്‍ക്കുമാണ് ഇതിന്റെ കരാര്‍ ലഭിച്ചത്. ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ അഴിമതിയുടെ പങ്കുപറ്റിയതിന്റെ ദുരന്തമാണ് കൊച്ചിക്കാര്‍ അനുഭവിക്കുന്നതെന്നും കേന്ദ്രമന്ത്രിക്കയച്ച കത്തില്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു .












Click it and Unblock the Notifications