'ബഫർ സോണില്‍ യുഡിഎഫ്, ബിജെപി നീക്കം പൊളിഞ്ഞ് പാളീസായി: കോടതിയില്‍ സർക്കാറിന് ആദ്യ വിജയം'
കോഴിക്കോട്: ബഫർസോൺ വിഷയത്തില്‍ സർക്കാർ ഇടപെടലിന് സുപ്രീംകോടതിയില്‍ ആദ്യ വിജയം നേടിയിരിക്കുകയാണെന്ന് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയാക്കണമെന്ന 2022 ജൂൺ 3ന്റെ സുപ്രീംകോടതിവിധി പുനഃപരിശോധിക്കുമെന്നും അതിനായി മൂന്നംഗബെഞ്ച് രൂപീകരിക്കുമെന്നുമുള്ള പുതിയ വിധി മലയോരജനതയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. എംവി ജയരാജന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ബഫർസോൺ : സർക്കാർ ഇടപെടലിന്റെ ആദ്യവിജയം
=============
സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയാക്കണമെന്ന 2022 ജൂൺ 3ന്റെ സുപ്രീംകോടതിവിധി പുനഃപരിശോധിക്കുമെന്നും അതിനായി മൂന്നംഗബെഞ്ച് രൂപീകരിക്കുമെന്നുമുള്ള പുതിയ വിധി മലയോരജനതയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. അത്തരമൊരു വിധിയിലേക്കെത്തിക്കുന്നതിന് കോടതി മുമ്പാകെ സർക്കാർ സ്വീകരിച്ച ശരിയായ നിലപാടാണ് സഹായകരമായത്. ഒരു കിലോമീറ്റർ ബഫർസോൺ പ്രഖ്യാപിച്ചത് അനധികൃത ഖനനം തടയാനാണെന്നും മറ്റു കാര്യങ്ങളിൽ ഇളവുനൽകുന്നതിൽ വിരോധമില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്. ഖനി മാഫിയകളെ തടയുകതന്നെ വേണം.

സ്റ്റാൻസ്വാമിയെ അനധികൃത ഖനനത്തിനെതിരെ പൊരുതിയതിനെ തുടർന്നാണ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതും മതിയായ ചികിത്സ നൽകാതെ ജീവൻ നഷ്ടപ്പെടുത്തിയതും. ബഫർ സോൺ വിഷയത്തിൽ വന്യജീവി സങ്കേതങ്ങളുടെ അതിർത്തി സീറോ പോയിന്റായി കണക്കാക്കി മറ്റ് ഭൂമിയിൽ കൃഷിചെയ്യുകയും താമസിക്കുകയും ചെയ്യുന്നവരെ കുടിയൊഴിപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിശ്ചയദാർഢ്യമാണ് ഇപ്പോൾ കോടതിവിധിയിലൂടെ ഉറപ്പിച്ചിട്ടുള്ളത്. വിഴിഞ്ഞത്തേത്‌പോലൊരു സമരമാക്കി മലയോരമേഖലയിൽ കലാപമുണ്ടാക്കാനായിരുന്നു യുഡിഎഫും ബിജെപിയും പരിശ്രമിച്ചത്. അത് പൊളിഞ്ഞു.
കണ്ണൂർ ജില്ലയിൽ കൊട്ടിയൂർ, കേളകം, ആറളം പഞ്ചായത്തുകളിലെ 17 വാർഡുകൾ ബഫർസോണായി മാറുമെന്നാണ് സുപ്രീംകോടതി വിധിയെത്തുടർന്ന് ഉളവായ സാഹചര്യം. കോടതി നിർദ്ദേശിച്ച രീതിയിൽ സർവ്വേ നടത്തുകയും പരാതികൾ സ്വീകരിക്കുകയും ചെയ്തതിനെ തുടർന്ന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനവാസമേഖലയെ ഒഴിവാക്കണമെന്നാണ് കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ആ നിലപാട് കോടതി സ്വീകരിച്ചു. എൽഡിഎഫ് സർക്കാറിനെ ഈ പ്രശ്‌നത്തിൽ ഒറ്റപ്പെടുത്തിയ പ്രതിപക്ഷനേതാവ്, യുഡിഎഫ് ഭരിക്കുമ്പോൾ 12 കിലോമീറ്റർ ബഫർ സോണായി പ്രഖ്യാപിക്കണമെന്ന റിപ്പോർട്ട് നൽകിയ ആളാണ്.
അതിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭ 12 കിലോമീറ്റർ ബഫർസോണായി തീരുമാനിക്കുകയും ചെയ്തിരുന്നു. ആ നിലപാടല്ല, എൽഡിഎഫ് സർക്കാറിനുള്ളതെന്നും ഇപ്പോൾ വ്യക്തമായി. പ്രശ്‌നം ഉയർന്നുവന്നപ്പോൾ തന്നെ മലയോര മേഖലയിലെ ജനപ്രതിനിധികളെയും ജനങ്ങളെയും വൈദികരെയും സിപിഐ(എം) പ്രവർത്തകർ ഹെൽപ് ഡെസ്‌കുകൾ രൂപീകരിച്ച് സമീപിക്കുകയും അവരോട് കാര്യങ്ങൾ ആരായുകയും ചെയ്തു. അവർക്കൊപ്പം ഡിസംബർ 22ന് ആ പ്രദേശത്ത് വൈദികർ അടക്കമുള്ളവരെ കാണാൻ വേണ്ടിയുള്ള സ്‌ക്വാഡിൽ ഈ ലേഖകനുമുണ്ടായിരുന്നു. മലയോര ജനതയ്‌ക്കൊപ്പമാണ് ഇടതുപക്ഷമെന്ന നിലപാട് അന്ന് വ്യക്തമാക്കി. മലയോര ജനതയുടെ ആശങ്കയകറ്റാൻ എല്ലാകാലത്തും ഇടതുപക്ഷം ഒപ്പം തന്നെ.












Click it and Unblock the Notifications