ജെഎസ്‌കെയ്ക്ക് എട്ട് വെട്ടൽ നിർദ്ദേശിച്ച് സെൻസർ ബോർഡ്; റീ എഡിറ്റിന് പിന്നാലെ പ്രദർശനാനുമതി, റിലീസ് എപ്പോൾ?
തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്ക് ഒടുവിൽ സുരേഷ് ഗോപി നായകനായ ജെഎസ്‌കെയ്ക്ക് (ജാനകി വേഴ്‌സസ് സ്‌റ്റേറ്റ്) പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. പുതുതായി സമർപ്പിച്ച പകര്‍പ്പില്‍ എട്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് വിവരം. ടൈറ്റിലില്‍ നടി അനുപമയുടെ കഥാപാത്രത്തിന്‌റെ പേര് ജാനകി വി എന്നാക്കി ചേർക്കും. പുതിയ മാറ്റങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് സെന്‍സര്‍ ബോര്‍ഡ് ജെഎസ്‌കെയ്ക്ക് പ്രദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്.
ചിത്രത്തിൽ അനുപമ പരമേശ്വരന്റെ കഥാപാത്രമായ ജാനകി എന്ന പേര് പരാമർശിക്കുന്ന സ്ഥലങ്ങൾ മ്യൂട്ട് ചെയ്യുന്നത് ഉൾപ്പെടെ 8 മാറ്റങ്ങളാണ് റീഎഡിറ്റിൽ വരുത്തിയിരിക്കുന്നത് എന്നാണ് സൂചന. കോടതി വിചാരണ വേളയിലെ രംഗങ്ങളിലാണ് ഈ തിരുത്ത് വരുത്തിയിരിക്കുന്നത്. മാറ്റങ്ങൾ വരുത്തി കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ ചിത്രം സെൻസർ ചെയ്യാനായി സമർപ്പിച്ചിരുന്നു.

ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവർത്തകരോട് നിർദ്ദേശിച്ചത്. ഇത്തരത്തിലുള്ള മാറ്റങ്ങൾ അവർ വരുത്തുകയും ചെയ്‌തിട്ടുണ്ട്.
നേരത്തെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചിരുന്നു. കേസ് കോടതി പരിഗണിച്ചപ്പോള്‍ ടൈറ്റില്‍ മാറ്റുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് നിര്‍മ്മാതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു. അങ്ങനെ വരുമ്പോൾ ജാനകി എന്ന പേര് ഉപയോഗിക്കുന്ന 96ഓളം ഭാഗങ്ങളിലും കട്ട് വേണ്ടിവരുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഇതോടെയാണ് ടൈറ്റിലില്‍ ജാനകി വി എന്നാക്കിയാൽ മതിയാകുമെന്ന് സെന്‍സര്‍ ബോര്‍ഡ് നിലപാട് എടുത്തത്.
സുരേഷ് ഗോപി, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള സെൻസർ വിവാദത്തിലൂടെയാണ് കൂടുതൽ പേരിലേക്ക് എത്തിയത്. പീഡനത്തിരയായി ഗര്‍ഭിണിയായ യുവതിയെയാണ് അനുപമ പരമേശ്വരൻ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇത്തരത്തിൽ ഉള്ളൊരു കഥാപാത്രത്തിന് സീതാദേവിയുടെ പേര് നൽകിയതാണ് സെൻസർ ബോർഡിനെ ചൊടിപ്പിച്ചത്. പ്രവീൺ നാരായണൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ ശ്രുതി രാമചന്ദ്രൻ, മാധവ് സുരേഷ്, ദിവ്യ പിള്ള, അസ്‌കർ അലി, ബൈജു സന്തോഷ്, ഷോബി തിലകൻ, ജയൻ ചേർത്തല, കോട്ടയം രമേശ്, ജോയ് മാത്യു എന്നിങ്ങനെ വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
അതേസമയം, സെൻസർ ബോർഡ് അനുമതി ലഭിച്ചതോടെ സിനിമ ഈ മാസം 17ന് പുറത്തിറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നേരത്തെ നിരവധി പ്രമുഖർ അഭിപ്രായം അറിയിച്ചിരുന്നു. ഫെഫ്‌ക ഉൾപ്പെടെയുള്ള സംഘടനകൾ പ്രത്യക്ഷ സമരത്തിന് ഇറങ്ങുകയും ചെയ്‌തിരുന്നു.
നേരത്തെ ജൂൺ 27നായിരുന്നു സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ സെൻസറിംഗുമായി ബന്ധപ്പെട്ട തടസങ്ങൾ മൂലം റിലീസ് മാറ്റുകയായിരുന്നു. ഏറെക്കാലത്തിന് ശേഷം സുരേഷ് ഗോപിയുടെ ഒരു ചിത്രം പ്രദർശനത്തിന് എത്തുന്നു എന്ന പ്രത്യേകത കൂടി ജെഎസ്‌കെയ്ക്കുണ്ട്. 2023ൽ പുറത്തിറങ്ങിയ ഗരുഡനാണ് സുരേഷ് ഗോപിയുടെ അവസാനത്തെ തിയേറ്റർ റിലീസ്. കേന്ദ്രമന്ത്രി ആയ ശേഷമുള്ള ആദ്യ ചിത്രം കൂടിയാണിത്.












Click it and Unblock the Notifications