Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഷയുണ്ട്, ലിപിയില്ല.. കച്ചവടത്തിനെത്തി നാട്ടുകാരായി മാറിയവര്‍; ചേലൂറൂം ചേലക്കരയിലെ വൈവിധ്യങ്ങള്‍

ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ വിധിയെഴുത്തിന് മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. മൂന്ന് മുന്നണികളും അരയും തലയും മുറുക്കിയുള്ള അങ്കത്തിലാണ്. കൃഷി പ്രധാന തൊഴിലായ ചേലക്കര പ്രകൃതിസൗന്ദര്യം തുളുമ്പി നില്‍ക്കുന്ന നാടാണ്. പേര് പോലെ തന്നെ ചോലോറും കരയാണ് ചേലക്കര. എന്നാല്‍ പ്രകൃതിയുടെ ലാവണ്യം മാത്രമല്ല ചേലക്കരയെ വ്യത്യസ്തമാക്കുന്നത്. വൈവിധ്യങ്ങളുടെ ഒരു കര കൂടിയാണ് ചേലക്കര.

ചേലക്കര മണ്ഡലത്തിലെ വടക്കേയറ്റത്തെ പഞ്ചായത്തായ തിരുവില്വാമലയിലെ ഗ്രാമങ്ങളിലെത്തിയാല്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരെ കാണാം. ഭാഷ മാത്രമല്ല സംസ്‌കാരങ്ങളിലും ആചാരങ്ങളിലും എല്ലാം വ്യത്യസ്തരാണ് ഇവര്‍. തിരുവില്വാമലയിലെ ആക്കപ്പറമ്പില്‍ ഇത്തരം സവിശേഷമായ ഭാഷയും സംസ്‌കാരവും പിന്തുടരുന്ന 24 മന തെലുങ്കുചെട്ടി സമുദായാംഗങ്ങള്‍ താമസിക്കുന്ന സ്ഥലമാണ്.

Chelakkara By Election 2024

കച്ചവടത്തിനായി ആന്ധ്രാപ്രദേശില്‍ നിന്ന് കേരളത്തിലെത്തിയവരുടെ പിന്‍തലമുറയാണ് 24 മന തെലുങ്കുചെട്ടിയാര്‍ സമുദായത്തില്‍പ്പെട്ടവര്‍. ആരാണ് 24 മന തെലുങ്കുചെട്ടിയാര്‍മാര്‍ എന്നും എന്താണ് അവരുടെ സവിശേഷതകള്‍ എന്നും നമുക്ക് വിശദമായി മനസിലാക്കാം.

150 വര്‍ഷം മുമ്പുള്ള ചരിത്രം

ആന്ധ്രയില്‍ നിന്നും കച്ചവടത്തിനായി എത്തിയവരാണ് 24 മന തെലുങ്കുചെട്ടിയാര്‍ സമുദായത്തിലെ പൂര്‍വികന്‍മാര്‍. 150 വര്‍ഷം മുന്‍പായിരുന്നു ഇത് എന്ന് പറയപ്പെടുന്നു. കച്ചവടത്തിന് വന്ന് നിലവില്‍ കേരളത്തിലാകമാനം എല്ലാ ജില്ലകളിലും തങ്ങളുണ്ട് എന്നാണ് ആക്കപ്പറമ്പിലെ 24 മന തെലുങ്കുചെട്ടിയാര്‍ സമുദായത്തിലെ പ്രധാന വ്യക്തിത്വങ്ങളിലൊരാളായ മോഹനന്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞത്.

'ഞങ്ങളുടെ ആദ്യ തലമുറ ഏകദേശം 150 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ എത്തിയത് എന്നാണ് പൂര്‍വികര്‍ പറഞ്ഞ് തന്നിട്ടുള്ളത്. ആക്കപ്പറമ്പിന് അകത്ത് ഏകദേശം 310 ഓളം വീടുകള്‍ ഉണ്ട്. അതിനകത്ത് 1400 അംഗങ്ങളും ഉണ്ട്. ചേലക്കര നിയോജക മണ്ഡലത്തില്‍ ഏകദേശം ഒമ്പതോളം തെരുവുകളാണ് ഉള്ളത്. അതിലൊന്നാമത്തെ തെരുവ് ആക്കപ്പറമ്പ് ആണ്. കൊണ്ടാഴി, മായന്നൂര്‍, ചേലക്കര, കിള്ളിമംഗലം, പാഞ്ഞാള്‍, ചെറുതുരുത്തി എന്നീ പ്രദേശങ്ങളിലും സമുദായത്തില്‍പ്പെട്ടവര്‍ തിങ്ങി പാര്‍ക്കുന്നുണ്ട്,' അദ്ദേഹം പറഞ്ഞു.

Chelakkara By Election 2024

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സമുദായംഗങ്ങള്‍ ഉള്ളത്. തൃശൂര്‍, എറണാകുളം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലും 24 മന തെലുങ്ക് ചെട്ടിയാര്‍ സമുദായത്തില്‍പ്പെട്ടവര്‍ ഗണ്യമായി ഉണ്ട്.

സംസ്‌കാരം, ഭാഷ, വിവാഹം, തൊഴില്‍

മാരിയമ്മയും കാളിയമ്മയും ആണ് സമുദായത്തിന്റെ ആരാധനാമൂര്‍ത്തികള്‍. ഏപ്രില്‍-മേയ് മാസത്തിലാണ് ക്ഷേത്രങ്ങളിലെ മാരിയമ്മന്‍ പൂജ മഹോത്സവം നടക്കുന്നത്. ഈ മഹോത്സവത്തിന് ലോകത്തെവിടെയാണെങ്കിലും ആ തെരുവിന് അകത്തുള്ള എല്ലാവരും ഒത്തുചേരും. ഏഴ് ദിവസം വ്രതമെടുത്ത് കൊണ്ടാണ് ഉത്സവത്തില്‍ പങ്കെടുക്കുക. സമുദായത്തിന് പാരമ്പര്യമായി ഒരു ചിട്ടിക്കാരന്‍ പട്ടക്കാരന്‍ ഉണ്ടാകും.

അദ്ദേഹത്തിനായിരിക്കും സമുദായത്തിന്റെ നേതൃത്വം. മാരിയമ്മന്‍ പൂജ മഹോത്സവം കഴിഞ്ഞാല്‍ 20 ദിവസത്തിനുള്ളില്‍ സമുദായത്തിന്റെ വരവ് ചെലവ് കണക്കുകള്‍ മുഴുവന്‍ കാണിക്കും. അത് കഴിഞ്ഞാല്‍ സമുദായം പൊതുയോഗം കൂടി എല്ലാ കാര്യങ്ങളും നിശ്ചയിച്ച് അടുത്ത വര്‍ഷത്തേക്ക് തിരഞ്ഞെടുക്കാനുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കും. സമുദായത്തിന്റെ നാട്ടാമയേയും ചിട്ടിക്കാരനേയും പട്ടക്കാരനേയും തിരഞ്ഞെടുക്കും.

വോട്ടെടുപ്പ് ഉണ്ടായിരിക്കില്ല. ഒരാളുടെ പേര് നിര്‍ദേശിക്കും അത് ഭൂരിപക്ഷത്തോട് കൂടി കൈയടിച്ച പാസാക്കും. പരമാവധി സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങളായിരിക്കും ചിട്ടിക്കാരന്‍ പട്ടക്കാരന്‍ സ്ഥാനത്തേക്ക് വരിക. സമുദായത്തിന്റെ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും നേതൃത്വം കൊടുക്കേണ്ടത് അവരാണ്. സമുദായത്തിന്റെ തീരുമാനങ്ങള്‍ ക്ഷേത്രത്തിന്റെ നടയില്‍ വെച്ച് ചിട്ടിക്കാരന്‍ പട്ടക്കാരന്‍ വിശദീകരിക്കും.

അത് എല്ലാ അംഗങ്ങളും അംഗീകരിക്കും. സമുദായത്തിന്റെ പ്രത്യേകത വിവാഹം പോലുള്ള ചടങ്ങുകളിലും വേറിട്ട് നില്‍ക്കുന്നതാണ്. 8 പ്ലസ് 16 എന്ന തരത്തിലാണ് 24 മന ചെട്ടിയാര്‍മാര്‍ എന്ന് പറയുന്നത്. അതായത് വിവാഹം കഴിക്കുമ്പോള്‍ എട്ടും 16 ഉം സമുദായത്തില്‍പ്പെട്ടവരാണ് വിവാഹം കഴിക്കുക. എട്ടുവീട്ടില്‍ ചെക്കനാണെങ്കില്‍ 16 വീട്ടില്‍ പെണ്ണ് വേണം. അല്ലെങ്കില്‍ നേരെ തിരിച്ചും.

പരമ്പരാഗതമായി കച്ചവടമാണ് ഇവരുടെ തൊഴില്‍. അതില്‍ തുണിക്കച്ചവടമാണ് പ്രധാനം. തലചുമടായി തുണികള്‍ കൊണ്ട് പോയി വീട് തോറും വില്‍ക്കുക എന്നതാണ് പ്രധാന ജോലി. 80 ശതമാനം പേരും ആ ബിസിനസാണ് നടത്തുന്നത് എന്നും എന്നാല്‍ മികച്ച വിദ്യാഭ്യാസം ലഭിച്ചതോടെ അധ്യാപകര്‍, ഓഫീസ് ജീവനക്കാര്‍ തുടങ്ങിയ തൊഴില്‍ ചെയ്യുന്നവരും തങ്ങള്‍ക്കിടയിലുണ്ട് എന്നും മോഹനന്‍ പറയുന്നു.

Chelakkara By Election 2024

ഈ സമുദായത്തിന് ലിപിയില്ലാത്ത ഭാഷയാണ് ഉള്ളത്. തെലുങ്കാണ് സമുദായത്തില്‍പ്പെട്ടവര്‍ തമ്മില്‍ പരസ്പരം സംസാരിക്കുക. എന്നാല്‍ ആന്ധ്ര പ്രദേശില്‍ സംസാരിക്കുന്ന തെലുങ്ക് അല്ല ഇവര്‍ സംസാരിക്കുന്നത്. എങ്കിലും ഇവിടെ പഠിക്കുന്നത് മലയാളത്തിലാണ്. തങ്ങളുടെ ഭാഷയ്ക്ക് സമുദായത്തിന് അകത്ത് പ്രത്യേക വിദ്യാഭ്യാസം നല്‍കുന്നില്ല എന്നും അച്ഛനമ്മമാര്‍ പറയുന്നത് മക്കള്‍ പഠിച്ച് വരും എന്ന് മാത്രമെ ഉള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചേലക്കര ഉപതിരഞ്ഞെടുപ്പ്

ചേലക്കരയില്‍ എട്ടോളം തെരുവുകളിലാണ് 24 മന തെലുങ്ക് ചെട്ടിയാര്‍ സമുദായത്തില്‍പ്പെട്ടവര്‍ ഉള്ളത്. ഏകദേശം 5000 ത്തോളം വോട്ടര്‍മാര്‍ ഈ മണ്ഡലത്തില്‍ സമുദായത്തില്‍ നിന്നുണ്ട്. 'ഞങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. എന്നാല്‍ സമുദായവുമായി ഇതുവരെ അതിനെ കൂട്ടിക്കുഴച്ചിട്ടില്ല. സമുദായം സമുദായത്തിന്റെ വഴിക്കും രാഷ്ട്രീയം രാഷ്ട്രീയത്തിന്റെ വഴിക്കും ആണ് നീങ്ങുന്നത്. ഞങ്ങളുടെ സമുദായത്തിന്റെ കാര്യം വരുമ്പോള്‍ എല്ലാവരും ഒറ്റക്കെട്ടാണ്' മോഹനന്‍ പറഞ്ഞു.

പഞ്ചായത്ത് മെമ്പര്‍ നിലവില്‍ ഞങ്ങളുടെ സമുദായത്തില്‍പ്പെട്ട ആളാണ്. നാല് ടേമായി സമുദായത്തില്‍ നിന്നുള്ളവരാണ് പഞ്ചായത്ത് മെമ്പര്‍മാരായി എത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+