മഴക്കെടുതി: ചെന്നൈ നിവാസികളെ ചേർത്തുനിർത്തണമെന്ന് മുഖ്യമന്ത്രി, ആവശ്യമെങ്കില്‍ സഹായിക്കണം
തൃശ്ശൂർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മിഷോം ചുഴലിക്കാറ്റിൽ കനത്ത ദുരിതം അനുഭവിക്കുന്ന തമിഴ്‌നാട്ടിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി ബന്ധപ്പെട്ട് അന്വേഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ വെള്ളപ്പൊക്കമുണ്ടായ 2015ൽ പെയ്തതിനേക്കാൾ അധികമാണ് ചെന്നൈയിൽ ഇത്തവണത്തെ മഴയെന്നാണ് റിപ്പോർട്ടെന്നും അദ്ദേഹം പറഞ്ഞു.
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേർത്തുനിർത്തേണ്ടതുണ്ട്. ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെ എല്ലാ സഹായവും തമിഴ് നാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു നൽകാൻ നടപടി എടുത്തതായി മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമെങ്കിൽ സഹായം ചെയ്യാൻ എല്ലാ മലയാളികളും തയ്യാറാവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

അതേസമയം, പാലക്കാട്ട് നവകേരള സദസിൽ പ്രധാനമായും ചർച്ചയായത് നെൽകൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1990-കളിൽ നടപ്പാക്കിയ നവ ഉദാരവൽക്കരണ നയങ്ങൾ കൂടുതൽ തീവ്രതയോടെയാണ് കേന്ദ്ര സർക്കാർ നടപ്പാക്കി വരുന്നത്. അതിൻ്റെ ഭാഗമായി ഏറ്റവും കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുള്ളത് രാജ്യത്തെ കാർഷിക മേഖലയ്ക്കാണ്. എന്നാൽ, ഒരു സംസ്ഥാനത്തിൻ്റെ പരിമിതികളെ അതിജീവിച്ച്, കർഷകർക്ക് അനുകൂലമായ നിരവധി നയങ്ങളും പദ്ധതികളുമാണ് കഴിഞ്ഞ ഏഴു വർഷമായി എൽഡിഎഫ് സർക്കാർ നടപ്പാക്കുന്നത്. അതിൻ്റെ ഫലമായി രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വിധം കർഷകക്ഷേമം ഉറപ്പു വരുത്താൻ കേരളത്തിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാർഷികമേഖലയിലെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം മുൻനിർത്തി നിരവധി ഇടപെടലുകളാണ് സർക്കാർ നടത്തിയത്. പതിനാറിനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ചു. നെല്ലിന് ഉയർന്ന സംഭരണ വില നൽകി. കേരഗ്രാമം, സുഭിക്ഷ കേരളം, വിള ഇൻഷുറൻസ് തുടങ്ങിയ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കാനായി. അങ്ങനെ കാർഷിക വിളകളുടെ ഉത്പാദനം, വിപണനം, കർഷകരുടെ ക്ഷേമം തുടങ്ങി വിവിധ മേഖലകളിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചു.
കൃഷിയുടെ എല്ലാ മേഖലകളിലും കർഷകർക്ക് സഹായം വേണ്ടതുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമാവധി സേവനം ഏറ്റവും വേഗത്തിൽ ലഭ്യമാക്കുന്നതിനായി കൃഷി ഭവനുകളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തും. അതിനായി അടിസ്ഥാന സൗകര്യങ്ങളടക്കം വിപുലീകരിച്ച് കൃഷിഭവനുകളെ 'സ്മാർട്ട് കൃഷി ഭവനുകളായി' പരിഷ്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നെൽകൃഷിയുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി 2021 - 22 സാമ്പത്തിക വർഷത്തിൽ 83,333.33 ഹെക്ടർ പാടശേഖരങ്ങൾക്ക് നെൽവിത്ത്, വളം, ജൈവ കീടരോഗ നിയന്ത്രണം എന്നിവയ്ക്ക് ധനസഹായം നല്കി. 107.10 കോടി രൂപ നെൽകൃഷി വികസന പദ്ധതികൾക്കായി ചെലവഴിച്ചു. 2022 - 23 വർഷത്തിൽ 93509.94 ഹെക്ടർ പാടശേഖരങ്ങൾക്ക് ഇതേ ധനസഹായം നല്കി. 49കോടിയോളം രൂപ നെൽകൃഷി വികസന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്. നെൽവയലുകൾ തരം മാറ്റുന്നത് നിരുത്സാഹപ്പെടുത്തുന്നതിനായി ഹെക്ടറിന് 2000 രൂപ എന്നത് 3000 ആയി റോയൽറ്റി വർദ്ധിപ്പിച്ചു. തരിശു നിലങ്ങളെ കൃഷി യോഗ്യമാക്കുന്നതിന് ഹെക്ടർ ഒന്നിന് 40,000 രൂപ നിരക്കിൽ 31 കോടി രൂപ ചെലവഴിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications