കേരള തീരത്തെ കപ്പല്‍ അപകടം: ഇന്ത്യന്‍ സേനകള്‍ക്ക് ചൈനയുടെ കൈയ്യടി; പ്രൊഫഷണല്‍ സമീപനം
കേരള തീരത്ത് കപ്പല്‍ തീ പിടിച്ചതിനെ തുടർന്ന് ഇന്ത്യൻ നാവികസേനയും മുംബൈ കോസ്റ്റ് ഗാർഡും നടത്തിയ പൊഫഷണല്‍ രക്ഷാപ്രവർത്തനത്തിന് നന്ദി അറിയിച്ച് ചൈന. ചൈനീസ് എംബസി വക്താവ് യു ജിംഗ് എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇന്ത്യന്‍ സേനകള്‍ക്ക് നന്ദി അറിയിച്ചത്. യു ജിംഗിന് പുറമെ സിംഗപ്പൂർ ഹൈക്കമ്മീഷണർ സൈമൺ വോംഗും ഇന്ത്യയെ പ്രശംസിച്ച് രംഗത്ത് വന്നു.
'ജൂൺ 9 ന്, കേരളത്തിലെ അഴീക്കലിൽ നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ, എംവി വാൻ ഹായ് 503 എന്ന കപ്പലിൽ സ്ഫോടനവും തീപിടുത്തവും ഉണ്ടായി. കപ്പലിലെ ആകെ 22 ജീവനക്കാരിൽ 14 പേർ ചൈനക്കാരാണ്, അതിൽ 6 പേർ തായ്‌വാനിൽ നിന്നുള്ളവരാണ്. ഇന്ത്യൻ നാവികസേനയ്ക്കും മുംബൈ കോസ്റ്റ് ഗാർഡിനും അവരുടെ വേഗത്തിലുള്ളതും പ്രൊഫഷണൽതുമായ രക്ഷാപ്രവർത്തനത്തിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു. കൂടുതൽ തിരച്ചിൽ പ്രവർത്തനങ്ങൾ വിജയകരമാകണമെന്നും പരിക്കേറ്റ ക്രൂ അംഗങ്ങൾ വേഗത്തിൽ സുഖം പ്രാപിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു.' യു ജിംഗ് എക്സില്‍ കുറിച്ചു.

ഡെക്കിനടിയിൽ ഉണ്ടായ സ്ഫോടനവും തീപിടുത്തവുമാണ് എംവി വാൻ ഹായ് 503 എന്ന കണ്ടെയ്‌നർ കപ്പലിനെ അപകടത്തിലേക്ക് നയിച്ചത്. കപ്പലിലെ തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ലെങ്കിലും 22 ജീവനക്കാരിൽ 18 പേരെ രക്ഷിക്കാൻ ഇന്ത്യൻ നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും കഴിഞ്ഞിട്ടുണ്ട്. പരിക്കുകളുമായി രക്ഷപ്പെടുത്തിയവരെ ന്യൂ മംഗലാപുരത്ത് എജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊളംബോയിൽ നിന്നും മുംബൈ നാവാ ഷേവയിലേക്ക് 650-ലധികം കണ്ടെയ്‌നറുകളുമായി പുറപ്പെട്ടതായിരുന്നു കപ്പല്‍. മധ്യഭാഗത്ത് പൊട്ടിപ്പുറപ്പെട്ട തീ കണ്ടെയ്‌നർ ബേയിലേക്ക് വ്യാപിക്കുകയായിരുന്നു. മുൻഭാഗത്തെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കപ്പൽ നിലവില്‍ 10-15 ഡിഗ്രി ചരിഞ്ഞ് ഒഴുകുകയാണ്. അപകടകരമായതുള്‍പ്പെടെ 20 കണ്ടെയ്‌നറുകൾ കടലിൽ വീണത് ആശങ്കയ്ക്കും ഇടയാക്കിയിട്ടുണ്ട്.
ഐഎന്‍എസും സൂറത്തും ഡോർണിയർ വിമാനവും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായി നാവികസേനയും ഐസിജിഎസ് രാജ്ദൂത്, അർണവേഷ്, സചേത്, സമുദ്ര പ്രഹരി, സമർത്ഥ് എന്നീ കോസ്റ്റ് ഗാർഡ് കപ്പലുകളുമാണ് രക്ഷാപ്രവർത്തനത്തിനും തീ അണയ്ക്കലിനും നേതൃത്വം നല്‍കുന്നത്. തീ അണയ്ക്കാന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ കപ്പലില്‍ നിന്നും ശക്തമായി വെള്ളവും ഫോമും പമ്പ് ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്.












Click it and Unblock the Notifications