പിളര്‍ന്നതോ പിളര്‍ത്തിയതോ..? പുതിയ സംഘടനയുടെ തലപ്പത്ത് ദിലീപ്..?

  • By: Karthik
Subscribe to Oneindia Malayalam

കൊച്ചി: ഒരേ തന്ത്രം എന്നും വിലപ്പോകില്ല, ചിലപ്പോഴത് തിരിഞ്ഞു കൊത്തും. തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തിയറ്റര്‍ ഉടമകള്‍ നടത്തിയിരുന്നു സ്ഥിരം സമ്മര്‍ദ തന്ത്രം അവരെ തിരിഞ്ഞു കൊത്തിയിരിക്കുകയാണ്. ഇതില്‍ നഷ്ടം സംഭവിച്ചത് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനാണ്. ഒപ്പം സമരത്തിന് ഊടും പാവും പകര്‍ന്ന് സംഘടനാ തലപ്പത്തിരുന്ന ലിബര്‍ട്ടി ബഷീറിനും.

ഒരേ ഊര്‍ജത്തോടെ തിയറ്റര്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനു കീഴിലുള്ള എ ക്ലാസ് തിയറ്ററുകള്‍ സമരം തുടങ്ങിയത്. 40: 60 എന്നത് 50:50 എന്ന അനുപാതത്തിലാക്കണമെന്നായിരുന്നു ആവശ്യം. എപ്പോഴും തിയറ്റര്‍ അടച്ചിട്ടുള്ള ഇവരുടെ സമ്മര്‍ദ തന്ത്രത്തിനു മുന്നില്‍ മുട്ട് മടക്കിയിരുന്ന നിര്‍മാതാക്കള്‍ ഇക്കുറി വഴങ്ങിയില്ല. ഒടുവില്‍ സംഭവിച്ചതോ... ഫെഡറേഷനിലെ തിയറ്ററുകള്‍ തന്നെ അഭിപ്രായ ഭിന്നതയിലെത്തി. ഒടുവില്‍ പിളര്‍ന്നു.

ഫെഡറേഷന്‍ പിളര്‍ത്താന്‍ ആസൂത്രിതമായ ശ്രമം നടന്നുവെന്ന് ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചു. ദിലീപാണ് അതിനു പിന്നില്‍ കളിച്ചെതെന്നും അദ്ദേഹം പറഞ്ഞു. അതു എന്തുതന്നെയായാലും ഫെഡറേഷനിലെ ഒരു വിഭാഗം മറുകണ്ടം ചാടി. ശനിയാഴ്ച ദിലീപിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന എക്‌സിബിറ്റേഴ്‌സിനായി രൂപം കൊള്ളുമെന്നാണ് അറിയുന്നത്. ഫെഡറേഷന്റെ ഏക പ്രതീക്ഷയായിരുന്ന വിജയ് ചിത്രം ഭൈരവയാണ് ഫെഡറേഷന്റെ പിളര്‍പ്പിന് നിമിത്തമായതും.

സമരത്തിലേക്ക്...

തിയറ്റര്‍ വിഹിതം 40: 60 എന്നത് 50:50 എന്ന അനുപാതത്തിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഫിലിം എക്‌സിബിറ്റേ്‌സ് ഫെഡറേഷന്റെ കീഴിലുള്ള തിയറ്ററുകളാണ് സമരം ചെയ്തത്. ആവശ്യം അവരുടെയായിരുന്നു. എന്നാല്‍ ഈ ആവശ്യം നിര്‍മാതാക്കളും വിതരണക്കാരും അംഗീകരിക്കാതിരുന്നതോടെ തിയറ്ററില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കെണ്ട എന്ന തീരുമാനത്തിലേക്ക് തിയറ്ററുടമകള്‍ എത്തി. അതോടെ ക്രിസ്തുമസ് അവധിക്കാലം സ്വപ്‌നം കണ്ടിരുന്ന എണ്ണം പറഞ്ഞിരുന്ന മലയാള സിനിമകള്‍ പെട്ടിയിലായി. സര്‍ക്കാര്‍ മദ്ധ്യസ്ഥതയില്‍ ചര്‍ച്ചക്കായി ശ്രമം നടന്നു. ചര്‍ച്ചക്ക് തയാറാകാതെ ഫെഡറേഷന്‍ ആവശ്യത്തില്‍ ഉറച്ചു നിന്നു. വിഹിതം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും അന്യഭാഷാ ചിത്രങ്ങള്‍ കൡപ്പിക്കുമെന്നും തിയറ്ററുടമകള്‍ പ്രഖ്യാപിച്ചു.

സിനിമകള്‍ പിന്‍വലിച്ചു...

തിയറ്ററുമകള്‍ തീരുമാനം കടുപ്പിച്ചതോടെ നല്ല വരുമാനത്തില്‍ തിയറ്ററുകളില്‍ ഓടിക്കൊണ്ടിരുന്ന പുലിമുരുകന്‍, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഒപ്പം തുടങ്ങിയ ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ തിയറ്ററുടമകളും തീരുമാനിച്ചു. ഇതോടെ തിയറ്ററുകളലില്‍ സിനിമകള്‍ ഇല്ലാതായി. ഇതിനിടെ ആകെ റിലീസ് ചെയ്തത് രണ്ട് അന്യഭാഷാ ചിത്രങ്ങളലായിരുന്നു. ഇവയില്‍ അല്പമെങ്കിലും തിയറ്ററുകള്‍ക്ക് ആശ്വാസം നല്‍കിയത് അമീര്‍ഖാന്റെ ദംഗല്‍ മാത്രമായിരുന്നു.

പൊടി തട്ടിയെടുത്ത് പഴയ തമിഴ് ചിത്രങ്ങള്‍

തിയറ്ററില്‍ നിന്നും സിനിമകള്‍ കുറഞ്ഞതോടെ നേരത്തെ റിലീസ് ചെയ്തിട്ടുള്ള നല്ല തമിഴ് സിനിമകള്‍ തിയറ്ററിലെത്തി. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ ആളെത്തിയില്ല. ഇതോടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ തിയറ്ററുകള്‍ അടച്ചിടുന്നതാണ് നല്ലതെന്ന തീരുമാനത്തിലേക്ക് ഉടമകള്‍ എത്തി. സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യയമുയര്‍ന്നു.

അടച്ചിട്ട് സമരം...

സിനിമകള്‍ ഇല്ലാതായതോടെ തിയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ച ഫെഡറേഷന്‍ അതിനെ ഒരു സമരമായി പ്രഖ്യാപിച്ചു. തിയറ്റര്‍ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് സമരം നടത്തുമെന്ന് ഫെഡറേഷന്‍ പ്രഖ്യാപിച്ചു. ഇതോടെ ഉടമകള്‍ക്കിടയില്‍ തന്നെ ചില മുറുമറുപ്പുകള്‍ രൂപപ്പെട്ടു തുടങ്ങിയിരുന്നു. ഇതിനെ കൂടുതല്‍ ശക്തമാക്കുന്നതായിരുന്നു നിര്‍മാതക്കളുടേയും വിതരണക്കാരുടേയും തീരുമാനം.

പുതിയ സംഘടന

ഫെഡറേഷന്റെ തീരുമാനത്തില്‍ വിയോജിപ്പുള്ള തിയറ്ററുടമകളേയും ഫെഡറേഷനില്‍ അംഗമല്ലാത്ത തിയറ്റര്‍ ഉടമകളേയും ചേര്‍ത്ത് എക്‌സിബിറ്റേഴ്‌സിന് പുതിയ സംഘടന രൂപീകരിക്കാന്‍ നിര്‍മാതാക്കളും വിതരണക്കാരും ചേര്‍ന്ന് തീരുമാനിച്ചു. ഇതോടെ ഫെഡറേഷന്റേയും സമരത്തിന്റേയും കാര്യം അനിശ്ചിതത്വത്തിലായി. തിയറ്ററുടമകളുടെ പുതിയ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത് ദിലീപാണ്. ഒപ്പം തിയറ്റര്‍ ഉടമകളായ നിര്‍മാതാക്കളും വിതരണക്കാരും അണിയറ പ്രവര്‍ത്തകരും സംഘടനയുടെ മേല്‍നോട്ടം വഹിക്കും.

ആരാണ് ദിലീപ്..?

നടനായ ദിലീപിന് ഇതിലെന്ത് കാര്യമെന്ന് ചോദിക്കാന്‍ വരട്ടെ. ദിലീപ് മലയാള സിനിമയില്‍ ഒരു നടന്‍ മാത്രമല്ല, നിര്‍മാതാവും വിതരണക്കാരനും തിയറ്റര്‍ ഉടമയുമാണ്. പുതിയ സംഘടനയുടെ തലപ്പത്തെത്തുന്നത് തിയറ്റര്‍ ഉടമയായ ദിലീപാണ്. അങ്ങനെ മനസിലാക്കിയാല്‍ ദിലീപിന് ഇവിടെയെന്താണ് കാര്യമെന്ന് മനസിലാകും. ചാലക്കുടിയിലാണ് നാല് തിയറ്ററുകളുള്ള ദിലീപിന്റെ ഡി സിനിമാസ് പ്രവര്‍ത്തിക്കുന്നത്. ഫെഡറേന്‍ തകര്‍ക്കാന്‍ സിനിമയിലെ മറ്റു സംഘടനകള്‍ ആസൂത്രിതമായി ശ്രമിക്കുകയാണെന്നും അതിന് നേതൃത്വം നല്‍കുന്നത് ദിലീപാണെന്നും ലിബര്‍ട്ടി ബഷീര്‍ ആരോപിച്ചിരുന്നു.

ചതിച്ചത് ഭൈരവ..?

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ ചതിച്ചത് വിജയ് നായകനായി എത്തിയ ഭൈരവയാണ്. ഭൈരവ പ്രതീക്ഷിച്ചായിരുന്നു സിനിമ സമരത്തിന് ഫെഡറേഷന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നത്. മലയാള ചിത്രങ്ങള്‍ കിട്ടിയില്ലെങ്കിലും ഭൈരവ പോലുള്ള ചിത്രങ്ങള്‍ മതി നിലനില്‍ക്കാന്‍ എന്നവര്‍ കണക്കു കൂട്ടി. പക്ഷെ സമരം സമയത്തിന് തീര്‍ക്കാന്‍ അവര്‍ക്കായില്ല. ഭൈരവ സമയത്തിനെത്തുകയും ചെയ്തു. ഇതോടെ തിയറ്റര്‍ അടച്ചിടുമെന്ന ഫെഡറേഷന്റെ തീരുമാനത്തിന് വിരുദ്ധമായി ആദ്യ ദിനം 30 തിയറ്ററുകള്‍ ഭൈരവ റിലീസ് ചെയ്യാന്‍ തയാറായി. രണ്ടാം ദിനം 20 തിയറ്ററുകളില്‍ കൂടെ ഭൈരവ റിലീസ് ചെയ്തു. ഇതോടെ ഫെഡറേഷനിലെ പിളര്‍പ്പ് പൂര്‍ണമായി.

പുതിയ റിലീസുകള്‍

ശനിയാഴ്ച പുതിയ സംഘടന ഔദ്യോഗികമായി രൂപം കൊള്ളുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതിന് ശേഷം പുതിയ റിലീസുകളുടെ തിയതി തീരുമാനിക്കും. ക്രിസ്തുമസ് റിലീസായി നിശ്ചയിച്ചിരുന്ന സിനിമകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. പുതിയ സംഘടനയിലെ തിയറ്ററുകളിലായിരിക്കും ഇവ റിലീസ് ചെയ്യുക. ആദ്യം തിയറ്ററുകളിലെത്തുക പൃഥ്വിരാജിന്റെ എസ്രയും വിനീതിന്റെ കാംബോജിയുമാണ്. 19നാണ് ഇരുചിത്രങ്ങളും തിയറ്ററിലെത്തുക. മറ്റു ചിത്രങ്ങളുടെ തിയതി പിന്നീട് തീരുമാനിക്കും.

English summary
Cinema Strike: Dileep may lead film Exhibitors new Organisation. Almost 50 members leave exhibitors federation with Treasurer Kavitha Saju.
Please Wait while comments are loading...