'വിരട്ടാനൊന്നും നോക്കണ്ട, പിപ്പിടി കാണിച്ചാലൊന്നും ഇങ്ങോട്ട് ഏശില്ല', മറുപടിയുമായി മുഖ്യമന്ത്രി
കോട്ടയം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങള്‍ കത്തുന്നതിനിടെ ആദ്യ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പിപ്പിടി കാണിച്ചാലോന്നും ഏശില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് കെജിഒഎ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് സ്വര്‍ണ്ണക്കടത്ത് കേസ് പരാമര്‍ശിക്കാതെയുളള മുഖ്യമന്ത്രിയുടെ പരോക്ഷ മറുപടി. വിരട്ടാനൊന്നും നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
''ഇതൊക്കെ കണ്ട് അങ്ങ് ഇളകിക്കളയും എന്നാണ് കരുതുന്നതെങ്കില്‍ അതിന് വേറെ ആളെ നോക്കണം. ജനങ്ങളെ പൂര്‍ണ വിശ്വാസം ഉണ്ടെന്നും അവര്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും''. നവകേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിനുളള തുടര്‍പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങളേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. സ്വന്തം വിശ്വാസ്യതയ്ക്ക് ചേരുന്ന തരത്തിലാണോ കാര്യങ്ങളെന്ന് മാധ്യമങ്ങള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരും തിരുത്താന്‍ വരില്ലെന്നും സ്വയം തിരുത്തിയാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി.

''2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് നുണകളുടെ മലവെള്ളപ്പാച്ചിലും വലിയ പടയൊരുക്കവും ഉണ്ടായി. ഭരണം ലഭിക്കുമെന്ന് പ്രതീക്ഷിരുന്നവരും കേന്ദ്ര ഏജന്‍സികളും ഒന്നിച്ചിറങ്ങി. നാട്ടിലെ വലിയൊരു വിഭാഗം മാധ്യമങ്ങളും അതിനൊപ്പം ചേര്‍ന്നു. എല്‍ഡിഎഫ് തീര്‍ന്നെന്ന് അവര്‍ കരുതി. അടുത്ത മന്ത്രിസഭയിലെ അംഗങ്ങളുടെ പട്ടികയുമായി ഇറങ്ങി. എന്നാല്‍ അവര്‍ ഇതൊക്കെ പറഞ്ഞത് കേരളത്തിലെ ജനങ്ങളോടാണ്. എല്ലാ ഘട്ടവും പിന്നിട്ട് വന്ന ജനം തങ്ങളെ മനസ്സിലാക്കി. 99 സീറ്റില്‍ ഭരിക്കാന്‍ പറഞ്ഞു''. നാടിന് ആവശ്യം മെച്ചപ്പെട്ട തുടര്‍ഭരണം ആയിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തിയ പിസി ജോര്‍ജിന് എതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. എന്തും വിളിച്ച് പറയുന്നവരുടെ പിന്നില്‍ ഏത് കൊലകൊമ്പനായാലും കണ്ടുപിടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസിനേയും ബിജെപിയേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ആര്‍എസ്എസും ബിജെപിയും മാതൃകയാക്കുന്നത് ഹിറ്റ്‌ലറെ ആണെന്ന് പിണറായി കുറ്റപ്പെടുത്തി. അത് അവര്‍ പച്ചയായി തുറന്ന് പറഞ്ഞിട്ടുളളതാണ്. ഈ രാജ്യത്തെ പൗരത്വത്തിന്റെ അടിസ്ഥാനം മതമല്ലെന്നും അത് മാറ്റാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കോട്ടയത്ത് മാമ്മന്‍ മാപ്പിള ഹാളിലാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയൊരുക്കിയാണ് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുത്തത്.












Click it and Unblock the Notifications