'സ്വന്തം വീട്ടിലെ ഇരട്ട വോട്ടു പോലും അദ്ദേഹം കണ്ടില്ല', രമേശ് ചെന്നിത്തലയ്ക്ക് എതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: വോട്ടേഴ്‌സ് ലിസ്‌റ്റിൽ നിന്ന് നാല് ലക്ഷത്തിലധികം പേരുകള്‍ പ്രസിദ്ധീകരിച്ച് അവരെ കള്ള വോട്ടര്‍മാരായി ചിത്രീകരിച്ച പ്രതിപക്ഷനേതാവ് കേരളത്തെ ലോകത്തിന് മുന്നിൽ അപകീർത്തിപെടുത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിനു മുന്നില്‍ വ്യാജ വോട്ടര്‍മാരുടെ നാടാക്കി കേരളത്തെ അപമാനിച്ചു. ഒരേ പേരുള്ളവര്‍, സമാനമായ പേരുകള്‍ ഉള്ളവര്‍, ഇരട്ട സഹോദരങ്ങള്‍ ഇവരൊക്കെ അദ്ദേഹത്തിന് കള്ള വോട്ടര്‍മാർ മാത്രമാണ്. രാജ്യത്ത് ഏറ്റവും സ്വതന്ത്രവും നീതിപൂര്‍വ്വകവുമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിലൊന്നാണ് നമ്മുടേത്. പരാജയ ഭീതിയുണ്ടാകുമ്പോൾ അതിനു മേല്‍ ചെളിവാരിയെറിയാന്‍ പ്രതിപക്ഷ നേതാവ് തന്നെ പുറപ്പെടാമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
'പ്രതിപക്ഷ നേതാവിൻ്റെ ആരോപണങ്ങളെത്തുടർന്ന് ട്വിറ്ററിലും മറ്റും ദേശീയ തലത്തില്‍ തന്നെ കേരളത്തിനെതിരെ വലിയ അപവാദ പ്രചരണങ്ങളാണ് നടക്കുന്നത്. വലതുപക്ഷ വര്‍ഗ്ഗീയ ഹാന്‍ഡിലുകള്‍ അവ കേരളത്തിനെതിരെ ഉപയോഗിക്കുകയാണ്. 20 ലക്ഷം ബംഗ്ലാദേശുകാർ കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയെന്നാണ് അവര്‍ ആക്ഷേപിച്ചത്. തെറ്റായ ആരോപണങ്ങള്‍ കേരളത്തിനെതിരെയുള്ള ആയുധങ്ങളായാണ് കേരള വിരുദ്ധ ശക്തികള്‍ ഉപയോഗിക്കുന്നത്'.
'വോട്ട് ചേര്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചെയ്യേണ്ടത്. അതിനുള്ള ഭരണഘടനാപരമായ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണുള്ളത്. അപാകതകള്‍ കണ്ടെത്തി തിരുത്തണം എന്ന നിലപാട് എല്‍ഡിഎഫ് ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക തലത്തില്‍ അതിന് ശ്രമിക്കുന്നുമുണ്ട്. യുഡിഎഫ് ആ സാധ്യത വിനിയോഗിച്ചിട്ടുണ്ടോ എന്ന് പറയേണ്ടത് അവര്‍ തന്നെയാണ്'. അതിനുപകരം പ്രതിപക്ഷ നേതാവ് മറ്റൊരു കാര്യമാണ് ചെയ്‌തത് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
'പല തരത്തില്‍ ഇരട്ട വോട്ട് വരാറുണ്ട്. വിവാഹ ശേഷം ഭര്‍ത്താവിന്റെ നാട്ടില്‍ വോട്ടു ചേര്‍ക്കുന്നവരുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ ആദ്യ ലിസ്റ്റില്‍ ആ പേര് തുടര്‍ന്നാല്‍ ആ പെണ്‍കുട്ടി വ്യാജ വോട്ടറാകുന്നതെങ്ങനെയാണ്? രണ്ടു സ്ഥലത്ത് വോട്ടു ചെയ്യാതെ നോക്കുകയാണ് വേണ്ടത്. അതിനാണ് തെരഞ്ഞെടുപ്പ് കമീഷന്‍. കമീഷനും കോടതിയും അത് വ്യക്തമാക്കിയിട്ടുമുണ്ട്. ഇവിടെ പ്രതിപക്ഷ നേതാവ് അതൊന്നുമല്ല കാണുന്നത്. സ്വന്തം വീട്ടിലെ ഇരട്ട വോട്ടു പോലും അദ്ദേഹം കണ്ടില്ല. പകരം കേരളത്തിലാകെ ഇരട്ട വോട്ടാണ് എന്ന പ്രഖ്യാപനമാണ് നടത്തിയത്'.
കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം
'പ്രതിപക്ഷ നേതാവ് പുറത്തു വിട്ട വിവരങ്ങളിലെ പൊരുത്തക്കേടുകള്‍ ഇതിനോടകം പലരും തെളിയിച്ചു. അതിലെ നൈതികതയെയും സ്വകാര്യതാ ലംഘനത്തെയും ചോദ്യം ചെയ്‌ത് നിരവധി ആളുകള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നിയമവിധേയമായ മാര്‍ഗങ്ങളിലൂടെ തന്നെയാണോ ഈ വിവരങ്ങള്‍ ശേഖരിച്ചത് എന്നും, ഇത് പ്രോസസ് ചെയ്തു പ്രസിദ്ധീകരിച്ചത് നിയമ വിധേയമായിരുന്നോ എന്നും സംശയമുണ്ട്' എന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സ്റ്റൈലിഷ് ലുക്കിൽ നടി അഞ്ജലി, പുതിയ ഫോട്ടോകൾ