വിവാഹമോചനത്തിന് ഒരുവര്‍ഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധം: അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: ഉഭയ സമ്മത പ്രകാരമുള്ള വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികള്‍ക്ക് ഒരു വര്‍ഷത്തോളം വിവാഹ മോചനത്തിനായി കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാന്‍ സാധിക്കുന്നത് അല്ല എന്ന് ഹൈക്കോടതി. ക്രിസ്ത്യന്‍ ആചാര പ്രകാരമുള്ള വിവാഹങ്ങളെ കുറിച്ചായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ദമ്പതികള്‍ക്ക് വിവാഹമോചനത്തിന് അപേക്ഷിക്കാന്‍ ഒരു വര്‍ഷത്തോളം കാത്തിരിക്കണം എന്ന വ്യവസ്ഥയെ ആണ് ഹൈക്കോടതി വിമര്‍ശിച്ചത്.
പരസ്പര സമ്മതത്തോടെ ഉള്ള വിവാഹ മോചനത്തിന് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കാത്തിരിക്കണം എന്ന വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണ് എന്നും ഹൈക്കോടതി പറഞ്ഞു. കാത്തിരിപ്പ് നിബന്ധന മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഈ ഒരു കാരണത്തിന്റെ പേരില്‍ കുടുംബ കോടതികള്‍ വിവാഹ മോചന അപേക്ഷകള്‍ നിരസിക്കരുത് എന്നും ഹൈക്കോടതി പറഞ്ഞു.

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായില്ല എന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടി വിവാഹ മോചന അപേക്ഷ നിരസിച്ച കുടുംബ കോടതിയുടെ ഉത്തരവിന് എതിരായ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വിവാഹ മോചന അപേക്ഷ അടിയന്തരമായി പരിഗണിക്കണം എന്നും രണ്ടാഴ്ചയ്ക്ക് അകം വിവാഹ മോചന ഹര്‍ജി തീര്‍പ്പാക്കണം എന്നും ബന്ധപ്പെട്ട കുടുംബ കോടതിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം രാജ്യത്ത് ഏകീകൃത വിവാഹ നിയമം വേണം എന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിവിധ മതങ്ങള്‍ക്ക് എന്തിനാണ് വ്യത്യസ്ത വിവാഹ നിയമം എന്നും ഹൈക്കോടതി ചോദിച്ചു. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം എന്ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവര്‍ അടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
വിവാഹ മോചനത്തിന് വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കാത്തിരിക്കണമെന്ന ക്രിസ്ത്യന്‍ വിവാഹ നിയമത്തിലെ വ്യവസ്ഥ കോടതി റദ്ദാക്കി. 1869 ലെ വിവാഹ മോചന നിയമത്തിലെ സെക്ഷന്‍ 10 എ പ്രകാരമുള്ള വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.












Click it and Unblock the Notifications