എസ്എഫ്ഐയെ പോലെ മിണ്ടാതിരുന്നില്ല,മെഡിക്കൽ ഫീസ് വർദ്ധനവിനെതിരെ കെഎസ് യു മാർച്ച്,സംഘർഷം
നിതാ പോലീസുകാർ ഇല്ലാതെയാണ് പെൺകുട്ടികളായ പ്രവർത്തകർക്ക് നേരെ പോലീസ് അക്രമം അഴിച്ചുവിട്ടതെന്ന് കെഎസ് യു നേതാക്കൾ ആരോപിച്ചു.
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസ് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് കെഎസ് യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്.
മാർച്ച് വസതിക്ക് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് പോലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ മൂന്ന് കെഎസ് യു പ്രവർത്തകർക്ക് സാരമായി പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷാവസ്ഥ ഉടലെടുത്തത്.

പ്രകോപനം സൃഷ്ടിച്ച പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ആദ്യം ലാത്തിവീശുകയായിരുന്നു. തുടർന്ന് ഓടിമാറിയ പ്രവർത്തകർ തിരിച്ചെത്തി പോലീസിന് നേരെ കല്ലെറിഞ്ഞു. പ്രവർത്തകർ കല്ലേറ് ആരംഭിച്ചതോടെയാണ് പോലീസ് ഗ്രനേഡ് പ്രയാഗിച്ചത്. എന്നാൽ വനിതാ പോലീസുകാർ ഇല്ലാതെയാണ് പെൺകുട്ടികളായ പ്രവർത്തകർക്ക് നേരെ പോലീസ് അക്രമം അഴിച്ചുവിട്ടതെന്ന് കെഎസ് യു നേതാക്കൾ ആരോപിച്ചു. സംഭവമറിഞ്ഞ് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും സ്ഥലത്തെത്തിയിരുന്നു.
കൊല്ലത്തും കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകരോട് പോലീസ് മൃദുസമീപനം സ്വീകരിക്കുന്നു എന്നാരോപിച്ചാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് കെഎസ് യു പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ച് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.












Click it and Unblock the Notifications