'ഞങ്ങള്‍ക്ക് നിങ്ങളുടെ സുരക്ഷ വേണ്ട, ഗെയിറ്റിന് പുറത്ത് നിന്നോണം'; പൊലീസിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
മാനന്തവാടി: വയനാട് എം പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡി സി സി ഓഫീസിന് സംരക്ഷണം നല്‍കാനെത്തിയ പൊലീസുകാരെ തടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പൊലീസ് നോക്കി നില്‍ക്കെയാണ് കഴിഞ്ഞ ദിവസം എസ് എഫ് ഐ പ്രവര്‍ത്തകര്‍ എം പി ഓഫീസ് അക്രമിച്ചത് എന്നും അത്തരത്തിലുള്ള പൊലീസിന്റെ സുരക്ഷ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും പറഞ്ഞായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
എം എല്‍ എമാരായ ടി സിദ്ദീഖ്, ഐ സി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസിനെതിരായ പ്രതിഷേധം. നിങ്ങളുടെ സഹായത്തില്‍ ഇത്തരം വൃത്തികേടുകള്‍ നടത്തിയിട്ട്, നിങ്ങള്‍ ഞങ്ങള്‍ സംരക്ഷണം നല്‍കുകയാണോ, ഒരു പോലീസുകാരനും ഇവിടെ വേണ്ട എന്നായിരുന്നു ടി സിദ്ദീഖ് എം എല്‍ എ പറഞ്ഞത്. എം പി ഓഫീസിന് സംരക്ഷണം നല്‍കാന്‍ കഴിയാത്ത പൊലീസിന്റെ സംരക്ഷണം തങ്ങള്‍ക്ക് വേണ്ട എന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയും വ്യക്തമാക്കി.
'ഇന്നലെ എം പി ഓഫീസിന് സംരക്ഷണം നല്‍കാന്‍ കഴിഞ്ഞോ. ഡി സി സി പ്രസിഡന്റ് മുന്‍കൂട്ടി അറിയിച്ചിട്ടും സംരക്ഷണം ലഭിച്ചില്ലല്ലോ. എന്നിട്ട് ഇപ്പോള്‍ അവര്‍ ഡി സി സി ഓഫീസിന് സംരക്ഷണം നല്‍കാന്‍ വന്നിരിക്കുകയാണ്. പ്രതിപക്ഷ നേതാവിന് സംരക്ഷണം നല്‍കാന്‍ ഞങ്ങളുണ്ട്. ഒരാളുടേയും സംരക്ഷണം ഇവിടെ വേണ്ട. ഈ ഗെയിറ്റിന് അപ്പുറത്തല്ലാതെ, ഇങ്ങോട്ടേക്ക് കടന്നുപോകരുത് എന്നായിരുന്നു ഐ സി ബാലകൃഷ്ണന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ബഫര്‍സോണ്‍ വിഷയത്തില്‍ എസ് എഫ് ഐ നടത്തിയ പ്രതിഷേധം അക്രമാസക്തമായത്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസും എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സി പി ഐ എമ്മും അക്രമത്തെ തള്ളി പറഞ്ഞിട്ടുണ്ട്. അതേസമയം രാഹുലിന്റെ ഓഫീസ് സന്ദര്‍ശിക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വയനാടെത്തി.
എല്ലാം ആ ചിരിയിലുണ്ടല്ലോ; ഹണി റോസിന്റെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ
സന്ദര്‍ശനത്തിന് ശേഷം ഡി സി സി ഓഫീസില്‍ സതീശന്‍ വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഡി വൈ എസ് പി ഉള്‍പ്പടെയുള്ള പൊലീസുകാരെ ഡി സി സി ഓഫീസില്‍ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇറക്കിവിട്ടത്. പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ബഫര്‍ സോണ്‍ വേണമെന്ന് തീരുമാനിച്ചത് എന്നും' മുകളില്‍ നിന്ന് നിര്‍ദ്ദേശം ഉള്ളത് കൊണ്ടാണ് മാര്‍ച്ച് നടക്കും എന്നറിഞ്ഞിട്ടും പൊലീസ് തടയാതിരുന്നത് വി ഡി സതീശന്‍ ആരോപിച്ചു.












Click it and Unblock the Notifications