'എല്ലാവരും ബിജെപിയിലേക്ക് പോയാല്‍ ജനാധിപത്യം എന്താകും?'; ബിജെപിയിലേക്കില്ലെന്ന് തരൂര്‍
ന്യൂഡല്‍ഹി: താന്‍ ബി ജെ പിയിലേക്ക് ചേക്കേറും എന്ന അവകാശവാദങ്ങള്‍ തള്ളി ശശി തരൂര്‍ എം പി. ബി ജെ പിയിലേക്കും പോകും എന്നുള്ളത് അര്‍ത്ഥമില്ലാത്ത ചര്‍ച്ചകളാണ് എന്നും ശശി തരൂര്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം രാജ്യസേവനത്തിനുള്ള എന്ത് നിര്‍ദ്ദേശവും താന്‍ അംഗീകരിക്കും എന്നും ശശി തരൂര്‍ വ്യക്തമാക്കി.
'ഞാന്‍ ബി ജെ പിയിലേക്ക് പോകും എന്നത് അര്‍ത്ഥമില്ലാത്ത ചര്‍ച്ചകളാണ്. എല്ലാവരും ബിജെപിയിലേക്ക് പോയാല്‍ ജനാധിപത്യം എന്താകും? രാഷ്ട്രം സേവനം ലക്ഷ്യമിട്ടാണ് ഞാന്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. അത് തന്നെയാണ് എനിക്ക് പ്രധാനം. രാജ്യത്തിനായി ഏത് തരത്തിലുള്ള സേവനത്തിനും ഞാന്‍ തയ്യാറാണ്. രാജ്യത്തിനായി എന്റെ കഴിവ് സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെങ്കില്‍ അത് അംഗീകരിക്കും,' തരൂര്‍ പറഞ്ഞു.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലം തൊട്ട് കേന്ദ്ര സര്‍ക്കാരിന് അനുകൂലമായ പല നിലപാടുകളും ശശി തരൂര്‍ സ്വീകരിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂരിന് ശേഷമുള്ള തരൂരിന്റെ പല നിലപാടുകളും കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മറുവശത്ത് കേന്ദ്ര സര്‍ക്കാര്‍ തരൂരിനെ തൊട്ടും തലോടിയുമുള്ള നിലപാടാണ് സ്വീകരിക്കുന്നത്. അടുത്തിടെ ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ച് ലോകരാജ്യങ്ങളില്‍ പോയി വിശദീകരിക്കാനുള്ള പ്രതിനിധി സംഘത്തിന്റെ തലവനായും തരൂരിനെ നിയമിച്ചിരുന്നു.
കോണ്‍ഗ്രസ് നല്‍കിയ ലിസ്റ്റ് തള്ളിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ശശി തരൂരിനെ നിയോഗിച്ചത്. ഇതോടെ തരൂര്‍ ബി ജെ പിയിലേക്ക് കൂടുതല്‍ അടുക്കുന്ന എന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം ശശി തരൂരിന് കേന്ദ്രസര്‍ക്കാര്‍ പുതിയ പദവി നല്‍കാന്‍ ആലോചിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്.
ഐക്യരാഷ്ട്രസഭയില്‍ വരെ ഉന്നത പദവി വഹിച്ച തരൂരിന്റെ വിദേശകാര്യ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി കൊണ്ട് ഒപ്പം കൂട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇത് സംബന്ധിച്ച നീക്കങ്ങള്‍ നേരിട്ട് നടത്തുന്നത് എന്നാണ് വിവരം. നരേന്ദ്ര മോദി നേരിട്ട് ശശി തരൂരിനോട് സംസാരിച്ചുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
ഒരു നയതന്ത്ര തസ്തികയില്‍ ശശി തരൂരിനെ നിയമിക്കാനാണ് പ്രധാനമന്ത്രിക്ക് താത്പര്യം. ഒരു ഓണററി പദവിയെങ്കില്‍ ശശി തരൂര്‍ എംപി സ്ഥാനം രാജി വെക്കേണ്ട സാഹചര്യം ഉണ്ടാകില്ല. രാഷ്ട്രീയ പദവിയല്ലെങ്കില്‍ അയോഗ്യതയ്ക്കുള്ള മാനദണ്ഡം ബാധകമാവുകയുമില്ല. അതുകൊണ്ട് തന്നെയാണ് ശശി തരൂരിനെ വിദേശത്തേക്കുള്ള പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തി കൊണ്ട് കേന്ദ്രം നയം വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം തരൂരിന്റെ നിലപാടില്‍ കോണ്‍ഗ്രസ് ദേശീയ - സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കടുത്ത വിയോജിപ്പാണ് ഉള്ളത്. കേന്ദ്ര സര്‍ക്കാര്‍ ഏതെങ്കിലും പദവി തരൂരിന് വാഗ്ദാനം ചെയ്താല്‍ അത് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് അനുമതി നല്‍കിയേക്കില്ലെന്നാണ് വിലയിരുത്തല്‍. വിദേശകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റണം എന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.
നിരന്തരം അച്ചടക്കം ലംഘിക്കുന്ന ശശി തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് പുറത്താക്കണം എന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഗാന്ധി കുടുംബം പിന്തുണച്ച മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ശശി തരൂര്‍ ആയിരുന്നു. അതേസമയം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി ഉയര്‍ത്തിയ ശക്തമായ വെല്ലുവിളിയെ കോണ്‍ഗ്രസ് അതിജീവിച്ചത് തരൂരിന്റെ വ്യക്തിപ്രഭാവം കൊണ്ടായിരുന്നു. തുടര്‍ച്ചയായി നാലാം തവണയാണ് തരൂര്‍ തിരുവനന്തപുരത്ത് നിന്ന് പാര്‍ലമെന്റിലേക്ക് എത്തുന്നത്.












Click it and Unblock the Notifications