പ്രവാസികളുടെ മടക്കം; കേന്ദ്രത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചില്ല, സംസ്ഥാനം ഒരുക്കമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രവാസികളായ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രത്യേക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളെ തിരിച്ചുകൊണ്ടുവരണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഒരുക്കം നടത്താന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടില്ല. എന്നാല്‍ സംസ്ഥാനം ഒരുങ്ങിയിട്ടുണ്ട്. പ്രവാസികളെ സ്വീകരിക്കാന്‍ സര്‍ക്കാര്‍ എപ്പോഴും സന്നദ്ധമാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 27 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതില്‍ 24 പേര്‍ കാസര്‍കോഡ് ജില്ലയിലാണ്. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ സംസ്ഥാനം നടപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് പ്രത്യേക സംവിധാനം നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഏപ്രില്‍ 20 മുതലാണ് മാറ്റം വരിക. ഒറ്റ, ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ റോഡിലിറക്കുന്നതിന് അനുമതി നല്‍കുന്ന കാര്യമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഈ ഇളവ് ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ലോക്ക് ഡൗണ്‍ കാലയളവില്‍ പലയിടത്തായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ കേടുവരാന്‍ സാധ്യതയേറെയാണ്. ആഴ്ചയിലൊരിക്കല്‍ വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യാം. സ്വകാര്യ ബസുകള്‍, വാഹന വില്‍പ്പന കേന്ദ്രങ്ങളിലെ വാഹനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആഴ്ചയിലൊരിക്കലുള്ള ഈ അവസരം ഉപയോഗപ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാല് ജില്ലകളില്‍ കര്‍ശന നിയന്ത്രണം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഏപ്രില്‍ 20 ന് ശേഷവും നിയന്ത്രണം തുടരുക. വാഹനങ്ങള്‍ക്ക് അനുവദിക്കുന്ന ഇളവുകള്‍ ഈ നാല് ജില്ലകള്‍ക്കും ബാധകമാകില്ല. അതേസമയം, രോഗം കുറവുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളെ പ്രത്യേക മേഖലയായി കണക്കാക്കും. ഇവിടെ നിയന്ത്രണങ്ങള്‍ ഏപ്രില്‍ 24 വരെ തുടരും. ഈ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകള്‍ പ്രത്യേകം കണ്ടെത്തി അടച്ചിടും. ശേഷം സാഹചര്യം വിലയിരുത്തിയ ശേഷം ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications