കേരളം നിശ്ചലമാകുന്നു! സമ്പൂർണ ലോക്ക് ഡൗണ്‍, അതിർത്തി അടയ്ക്കും, പൊതുഗതാഗതം ഉണ്ടാകില്ല
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളവും സമ്പൂര്‍ണ അടച്ചിടലിലേക്ക്. മാര്‍ച്ച് 31 വരെയാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മാത്രം സംസ്ഥാനത്ത് 28 പേര്‍ക്കാണ് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാനം ലോക്ക് ഡൗണിലേക്ക് നീങ്ങിയിരിക്കുന്നത്.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 28 പേരില്‍ 25 പേരും ദുബായില്‍ നിന്ന് മടങ്ങി എത്തിയവരാണ് എന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ സംസ്ഥാനം പൂര്‍ണമായും നിശ്ചലമായേക്കും.

19 പേർ കാസർകോട് നിന്ന്
91പേരാണ് കേരളത്തില്‍ കൊവിഡ് 19 ബാധയെ തുടര്‍ന്ന് ഇതുവരെ ചികിത്സയില്‍ ഉളളത്. 4 പേര്‍ നേരത്തെ തന്നെ രോഗവിമുക്തരായിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. 5 പേര്‍ കണ്ണൂര്‍ ജില്ലക്കാരും ഒരാള്‍ പത്തനംതിട്ട, രണ്ട് പേര്‍ എറണാകുളം ജില്ലക്കാരും ഒരാള്‍ തൃശൂര്‍ ജില്ലയില്‍ നിന്നുമാണ്. അനിതരസാധാരണമായ സാഹചര്യത്തിലേക്ക് കേരളം കടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ ലോക്ക് ഡൗണ്‍
ഇതോടെയാണ് കേരളത്തില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനുളള തീരുമാനം. മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍ നടപ്പിലാക്കുക. നീട്ടണോ എന്നത് ആ ഘട്ടത്തില്‍ തീരുമാനിക്കും. മരുന്ന് അടക്കം എല്ലാ അവശ്യസാധനങ്ങളുടേയും ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കും. സംസ്ഥാന അതിര്‍ത്തികളെല്ലാം അടച്ചിടും. കെഎസ്ആര്‍ടിസി, സ്വകാര്യ ബസ്സുകള്‍ അടക്കം പൊതുഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വകാര്യ വാഹനങ്ങൾ ഓടും
അതേസമയം സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. പെട്രോള്‍ പമ്പ്, എല്‍പിജി വിതരണം, ആശുപത്രികള്‍ എന്നിവ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കും. ആരാധനാലയങ്ങളിലെ എല്ലാ ചടങ്ങുകളും ലോക്ക് ഡൗണിന്റെ ഭാഗമായി നിര്‍ത്തി വെക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കുകയുളളൂ.

പുറത്തേക്ക് ഇറങ്ങരുത്
അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവ ഒഴികെയുളള കടകള്‍ അടച്ചിടണം. ആളുകള്‍ വലിയ തോതില്‍ പുറത്തിറങ്ങരുത്. പുറത്തിറങ്ങിയാല്‍ ശാരീരിക അകലം ഉള്‍പ്പെടെ ഉളള നിബന്ധനകള്‍ പാലിക്കണം. ചികിത്സയിലുളള ഒരാള്‍ കണ്ണൂരില്‍ ഡിസചാര്‍ജായിട്ടുണ്ട്. 64,320 പേരാണ് നിരീക്ഷണത്തിലുളളത്. 383 പേരാണ് ആശുപത്രികളിലുളളത്.

122 പേർ ഇന്ന് ആശുപത്രിയിൽ
122 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ വ്യത്യസ്തമായ അവസ്ഥ ആയതിനാല്‍ കര്‍ക്കശമായ നടപടി സ്വീകരിക്കും. അനാവശ്യമായി ആരും പുറത്തേക്ക് ഇറങ്ങരുത്. അങ്ങനെ ഇറങ്ങിയാല്‍ അറസ്റ്റും പിഴയുമുണ്ടാകും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ 14 ദിവസം നിര്‍ബന്ധമായും നിരീക്ഷണത്തിലാക്കും.

ഭക്ഷണം ലഭ്യമാക്കും
അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേക താമസ സൗകര്യം ഒരുക്കും. ആവശ്യമായ വൈദ്യപരിശോധന നടത്തും. ഭക്ഷണം തൊഴിലാളികള്‍ക്ക് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ജില്ലകളിലും കൊവിഡ് ആശുപത്രികള്‍ തുറക്കും. സംസ്ഥാനത്ത് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുക രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ മാത്രമായിരിക്കും.

ബാറുകൾ അടച്ചിടും
കൊറോണ നിരീക്ഷണത്തിലുളളവര്‍ അത് ലംഘിച്ച് യാത്ര ചെയ്യുന്നത് കര്‍ക്കശമായി തടയും. ഇവരുടെ ഫോണ്‍ വിശദാംശങ്ങള്‍ കണ്ടെത്തി ടവര്‍ ഏരിയ വിട്ട് പോകുന്നുണ്ടോ എന്ന് മനസ്സിലാക്കും. അയല്‍വീട്ടുകാര്‍ക്ക് വിവരം നല്‍കാനുളള ക്രമീകരണം ഒരുക്കും. സംസ്ഥാനത്ത് ബാറുകള്‍ അടച്ചിടും. അതേസമയം ബെവ്‌കോ വില്‍പനശാലകള്‍ അടച്ചിടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications