തിരിച്ചടിച്ച് 'നമസ്തെ ട്രംപ്'; മോദിയുടെ പ്രതിച്ഛായയെ തകര്‍ക്കുമെന്ന് ആശങ്ക, വിടാതെ പ്രതിപക്ഷം
അഹമ്മദാബാദ്: കൊറോണ വൈറസ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ വലിയ വര്‍ധനവാണ് ഗുജറാത്തിലുണ്ടായിരിക്കുന്നത്. പുതുതായി വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണവും മരണസംഖ്യയും ദിനം പ്രതി ഉയര്‍ന്നു വരികയാണ്. നിലവിൽ ഗുജറാത്തിൽ 6500 നടുത്ത് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 368 പേരാണ് മരണപ്പെട്ടത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയര്‍ന് മരണ നിരക്കാണ് ഇത്.
ഈ സ്ഥിതി കനത്ത ആശങ്കയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും ബിജെപി നേതൃത്വത്തിനു സൃഷ്ടിക്കുന്നത്. ഫെബ്രുവരി 24 ന് 'നമസ്‌തേ ട്രംപ്' പരിപാടി സംഘടിപ്പിച്ചതാണ് സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് വ്യാപനം ഉണ്ടാകാന്‍ കാരണമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും സര്‍ക്കാരിന്‍റെ അനാസ്ഥയ്ക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിച്ഛായയെ ബാധിക്കുമോ
ഗുജറാത്തില്‍ കോവിഡ് നിയന്ത്രിക്കാനാവാതെ വന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയെ ബാധിക്കുമോയെന്ന ആശങ്ക കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കും ഉണ്ട്. ഇതിനാല്‍ തന്നെ വലിയ തോതിലുള്ള ഇടപെടലാണ് കേന്ദ്രം ഗുജറാത്തില്‍ നടത്തുന്നത്. ഉദ്യോഗസ്ഥരെ മാറ്റല്‍ അടക്കമുള്ള നടപടികളാണ് ഇതിന്‍റെ ഭാഗമായി ഉണ്ടായത്.

അമിത് ഷായുടെ നിര്‍ദേശം
അഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശ പ്രകാരമാണ് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അടുപ്പക്കാരായ ഉദ്യോഗസ്ഥരെ മാറ്റി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏല്‍പ്പിച്ചത്. കടുത്ത നിയന്ത്രണങ്ങളാണ് രോഗവ്യാപനം കുറയ്ക്കുന്നതിന് വേണ്ടി പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അഹമ്മദാബാദിലും സൂറത്തിലും പാലും മരുന്നും വില്‍ക്കുന്നത് ഒഴികെ എല്ലാ കടകളും ഒരാഴ്ചത്തേക്ക് അടച്ചിടാനാണ് തീരുമാനം.

ബംഗാളിനെ വിമര്‍ശിക്കുമ്പോള്‍
കോവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തിയെന്ന് കാട്ടി ബംഗാളിനെതിരെ വലിയ വിമര്‍ശനമായിരുന്നു കേന്ദ്രവും ബിജെപിയും നടത്തിയിരുന്നത്. ഇതിനിടെയാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ തന്നെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന സ്ഥിതിയുണ്ടായത്. ആരോഗ്യ പ്രതിസന്ധി താങ്ങാനാവാത്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാനി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് കത്തയച്ചിരുന്നു.

സമയം പാഴാക്കി
ഗുജറാത്തിലെ മെഡിക്കൽ ടീമിനെ നയിക്കാനും ഇവർക്ക് പ്രചോദനം നൽകാനും മൂന്ന് വിദഗ്ധ ഡോക്ടർമാരെ സംസ്ഥാനത്തേക്ക് അയക്കണം എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് വിജയ് രൂപാനി കത്തില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാറിനെതിരെ വലിയ വിമര്‍ശനമാണ് സംസ്ഥാനത്ത് ഉയര്‍ന്നുത്. ട്രംപിന്‍റെ വരവേല്‍പ്പിന് പുറമെ കോണ്‍ഗ്രസ് പാര്‍ട്ടിക്കു രാജ്യസഭാ സീറ്റ് ലഭിക്കാതിരിക്കാനുള്ള പദ്ധതികള്‍ക്കുമായി സര്‍ക്കാര്‍ സമയം പാഴാക്കിയെന്നാണ് വിമര്‍ശനം.

കാരണങ്ങള്‍ കണ്ടെത്തുകയാണ്
സംസ്ഥാന സർക്കാർ ലോക്ക് ഡൗൺ നടപടികൾ കൃത്യമായി നടപ്പിലാക്കാത്തതാണ് ഗുജറാത്തിനെ ഇത്ര വലിയ ആരോഗ്യ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് പ്രതിരോധങ്ങളില്‍ തങ്ങള്‍ക്കുണ്ടായ പരാജയം മറച്ചു വെക്കാന്‍ ബിജെപി സര്‍ക്കാര്‍ ഓരോരോ കാരണങ്ങള്‍ കണ്ടെത്തുകയാണെന്നാണ് പ്രതിപക്ഷ നേതാവ് പരേഷ് ധനാനി പറഞ്ഞു
നെഞ്ചുലച്ച് വിശാഖപട്ടണത്തെ ദൃശ്യങ്ങൾ; വഴിയിലും ഓടയിലും ബോധരഹിതരായി ജനം,പ്രതികരിച്ച് മോദിയും രാഹുലും
കോവിഡ് ബാധിതനായ മലയാളിയെ തേടി ദുബായ് ഭരണാധികാരിയുടെ ഫൗണ്ടേഷന്റെ അപൂര്‍വ്വ ആദരം; അഭിമാന നിമിഷം