കാനം രാജേന്ദ്രന്റെ കാല്‍പാദം മുറിച്ചുമാറ്റി; 'കൃത്രിമപാദം വെക്കേണ്ടി വരും', സെക്രട്ടറി സ്ഥാനമൊഴിയുമോ?
കൊച്ചി: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കാല്‍പാദം മുറിച്ചുമാറ്റി. വലത് കാല്‍പാദമാണ് മുറിച്ച് മാറ്റിയിരിക്കുന്നത്. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കാനം രാജേന്ദ്രന്‍. പ്രമേഹ രോഗവും അണുബാധയും മൂലമാണ് കാല്‍പാദം മുറിച്ച് കളയേണ്ടി വന്നത് എന്ന് കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. മലയാള മനോരമയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വലതു കാലിന്റെ അടിഭാഗത്ത് ഒരു മുറിവുണ്ടായതാണ് തുടക്കം. പ്രമേഹമുള്ളതിനാല്‍ ഇത് മാറിയതുമില്ല. രണ്ട് മാസമായിട്ടും മുറിവ് ഭേദമാകാതെ വന്നതോടെ ആശുപത്രിയില്‍ എത്തി ഡോക്ടറെ കാണിച്ചു. അപ്പോഴേക്കും പഴുപ്പ് മുകളിലേക്കു കയറിയിരുന്നു എന്ന് കാനം പറയുന്നു. രണ്ട് വിരലുകള്‍ മുറിച്ചുകളയണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെങ്കിലും ഓപ്പറേഷന്‍ സമയത്ത് മൂന്നു വിരലുകള്‍ മുറിക്കേണ്ടി വന്നു.

എന്നിട്ടും അണുബാധയ്ക്കു കുറവുണ്ടായില്ല എന്ന് കാനം പറയുന്നു. ഒടുവില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാല്‍പാദം തന്നെ മുറിച്ച് കളയേണ്ടി വന്നത്. തന്റെ ഇടതു കാലിന് നേരത്തെ തന്നെ ഒരു അപകടം ഉണ്ടാക്കിയ ബുദ്ധിമുട്ടുകളുണ്ട് എന്നും പ്രമേഹം അത് കൂടുതല്‍ മോശമാക്കി എന്നും കാനം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കാര്യമായ പ്രശ്‌നം ഒന്നും ഇല്ലാത്ത വലതുകാലിലെ പാദമാണ് ഇപ്പോള്‍ മുറിച്ച് മാറ്റേണ്ടി വന്നത്.
കാലിലെ അവസ്ഥ കാര്യമാക്കാതിരുന്നതിനാലാണ് സ്ഥിതി ഇത്രയും വഷളാക്കിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേദനയുണ്ടെങ്കിലും പതിയ ശമിക്കുന്നുണ്ട് എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. കൃത്രിമ പാദം വെക്കണം എന്നും വീണ്ടും പൊതുരംഗത്ത് സജീവമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് മാസത്തിനുള്ളില്‍ കൃത്രിമ പാദം വെക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് എന്നും കാനം വ്യക്തമാക്കി.
പാര്‍ട്ടിയില്‍ നിന്ന് മൂന്ന് മാസത്തെ അവധി എടുത്തിരിക്കുകയാണ് എന്നും സ്ഥാനമൊഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവധി അപേക്ഷ ഈ മാസം 30 ന് ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗം പരിഗണിക്കും. അവധി എടുക്കുന്ന സമയം പകരം സംവിധാനം പാര്‍ട്ടി ആലോചിക്കും എന്നും കാനം പറഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരനും പി പി സുനീറും ആയിരിക്കും ചുമതലകള്‍ കൈകാര്യം ചെയ്യുക.
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തിന്റെ നിരീക്ഷണവും ഉണ്ടാകും. 2022 ഒക്ടോബറിലാണ് കാനം രാജേന്ദ്രന്‍ സി പി ഐയുടെ സംസ്ഥാന സെക്രട്ടറിയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് വര്‍ഷം കൂടി കാനത്തിന് സെക്രട്ടറി സ്ഥാനത്തു തുടരാവുന്നതാണ്. അതേസമയം പൊതുപരിപാടികളില്‍ ഇല്ലെങ്കിലും സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളെല്ലാം കാനം തന്നെയാണ് കൈക്കൊള്ളുന്നത്.












Click it and Unblock the Notifications