' ഇത് ശരിയാകില്ല... എസ്എഫ്‌ഐയെ നിയന്ത്രിക്കണം'; സിപിഎമ്മിനോട് ആവശ്യപ്പെടാന്‍ സിപിഐ
തിരുവനന്തപുരം: സി പി എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐയെ നിയന്ത്രിക്കണമെന്ന് സി പി ഐ. എസ് എഫ് ഐയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ വിവാദങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സാഹചര്യത്തിലാണ് സി പി ഐയുടെ നിര്‍ദേശം. ഇക്കാര്യം സി പി എമ്മിനോട് ആവശ്യപ്പെടാന്‍ ഇന്ന് ചേര്‍ന്ന സി പി ഐ യോഗത്തില്‍ തീരുമാനമായി.
സി പി എമ്മുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ് എഫ് ഐ യെ നിയന്ത്രിക്കാന്‍ സി പി എമ്മിന് സാധിക്കുന്നില്ലെന്ന് സി പി ഐ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. എസ് എഫ് ഐയിലെ വ്യാജരേഖാ വിവാദം സംസ്ഥാന സര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കിയിരിക്കെയാണ് സി പി ഐ ഇന്ന് യോഗം ചേര്‍ന്നത്.

യോഗത്തില്‍ ഈ വിഷയം സംബന്ധിച്ച് ശക്തമായ പ്രതിഷേധമാണ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉയര്‍ന്ന് വന്നത്. അതേസമയം ഇന്ന് രാവിലെ നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിലടക്കം എസ് എഫ് ഐയെ തള്ളിപ്പറയുന്ന നിലപാടല്ലായിരുന്നു കാനം രാജേന്ദ്രന്‍ സ്വീകരിച്ചിരുന്നത്. പുറത്തുവരുന്നതൊന്നും പുതിയ കാര്യങ്ങളല്ലെന്നും പുതിയ സംഭവമുണ്ടാകുമ്പോള്‍ തുടക്കത്തില്‍ എല്ലാവരും ന്യായീകരിക്കുമെന്നുമായിരുന്ന കാനം പറഞ്ഞത്.
മുന്‍ എസ് എഫ് ഐ നേതാവ് കെ വിദ്യയുടെ വ്യാജരേഖാ ആരോപണം വന്നപ്പോഴും മഹാരാജാസില്‍ പണ്ടും തട്ടിപ്പ് ഉണ്ടായിട്ടുണ്ട് എന്നായിരുന്നു കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നത്. എന്നാല്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ നേതാക്കള്‍ ശക്തമായ നിലപാടെടുത്തോടെ കാനവും ഇതിനോടും യോജിച്ചു. ഇതിന് പിന്നാലെയാണ് സി പി എമ്മുമായി വിഷയം സംസാരിക്കാമെന്ന് കാനം പറഞ്ഞത്.
എസ് എഫ് ഐയിലെ ചില നേതാക്കളുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെയും മുന്നണിയുടെയും പ്രതിച്ഛായയെ തകര്‍ക്കുകയാണ് എന്നാണ് സി പി ഐയുടെ വിലയിരുത്തല്‍. ഇപ്പോഴത്തെ വിവാദങ്ങള്‍ സര്‍ക്കാരിന് നാണക്കേടായി. നേതാക്കള്‍ക്ക് സര്‍ക്കാരിന്റെ സഹായം ലഭിക്കുന്നതായി ജനം ചിന്തിക്കുന്നുവെന്നും ചില വിദ്യാര്‍ഥി നേതാക്കള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നണി മൊത്തത്തില്‍ നാണക്കേട് അനുഭവിക്കേണ്ട സ്ഥിതിയാണ് എന്നും നേതാക്കള്‍ വിമര്‍ശിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന ഘട്ടത്തില്‍ പരമാവധി വിവാദങ്ങള്‍ ഒഴിവാക്കി മുന്നോട്ടു പോകണം. എസ് എഫ് ഐ ക്രിമിനല്‍ സംഘങ്ങളെ പോലെയാണെന്നും ചിലര്‍ വിമര്‍ശിച്ചു. നേരത്തെ സി പി ഐ മുഖപത്രമായ ജനയുഗവും വിദ്യാര്‍ത്ഥി സംഘടനയായ എ ഐ എസ് എഫും എസ് എഫ് ഐക്കെതിരെ രംഗത്തെത്തിയിരുന്നു. പരീക്ഷാ ക്രമക്കേട് ഗുരുതരമാണെന്നാണ് ജനയുഗം പറഞ്ഞത്.












Click it and Unblock the Notifications