രാഹുല്‍ ഇഫക്ട്: സിപിഎം നിരാഹാര സമരം നിര്‍ത്തി
തിരുവനന്തപുരം: എല്‍ പി ജി സിലിണ്ടറുകളുടെ വിലയുയര്‍ത്തിയതില്‍ പ്രതിഷേധിച്ച് സി പി എം നടത്തിവന്നിരുന്ന നിരാഹാര സമരം പിന്‍വലിച്ചു. ഐ ഐ സി സി സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത് പ്രകാരം, സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി അറിയിച്ചതിനെ തുടര്‍ന്നാണ് സി പി എം സമരം അവസാനിപ്പിക്കുന്നത്.
സബ്‌സിഡിയോട് കൂടി 12 സിലിണ്ടറുകള്‍ അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതായി സമരം പിന്‍വലിക്കുന്നതിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സിലിണ്ടറുകള്‍ക്ക് സബ്‌സിഡി ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം എന്ന നിര്‍ബന്ധം ശരിയല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്നും 12 ആക്കിയതും സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ തല്‍ക്കാലം നിര്‍ബന്ധമാക്കേണ്ടെന്ന കേന്ദ്രത്തിന്റെ തീരുമാനവുമാണ് സമരം നിര്‍ത്താന്‍ സി പി എമ്മിനെ പ്രേരിപ്പിച്ചത്. എന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ ഇതിനെതിരെ സമരം നടത്താനും സി പി എമ്മിന് പദ്ധതിയുണ്ട്. പാചകവാതക വിലക്കയറ്റം തടയുക, പെട്രോളിയം കമ്പനികളുടെ വില നിര്‍ണയത്തിനുള്ള അധികാരം ഇല്ലാതാക്കുക തുടങ്ങിയവയായിരുന്നു സമരത്തിലെ മറ്റ് പ്രധാന ആവശ്യങ്ങള്‍.
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ട് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധം, തുടര്‍ന്ന് ഇതേ ആവശ്യം ഉന്നയിച്ച് നടത്തിയ ക്ലിഫ് ഹൗസ് ഉപരോധം, വിലക്കയറ്റത്തിനെതിരായ അടുപ്പുകൂട്ടി സമരം തുടങ്ങിയ വിജയകരമായ സമരങ്ങള്‍ക്ക് ശേഷമാണ് സി പി എം വിലക്കയറ്റത്തിനെതിരായ നിരാഹാര സമരം സംഘടിപ്പിച്ചത്. സമരപ്പന്തലുകളില്‍ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാന്നിധ്യം കുറവായിരുന്നു എന്നും സമരത്തിന് അഭിവാദ്യം അര്‍പ്പിക്കാന്‍ പലയിടത്തും എസ് എഫ് ഐ പ്രവര്‍ത്തകരാണ് എത്തിയത് എന്നും എതിര്‍പാര്‍ട്ടിക്കാര്‍ ആരോപിക്കുന്നുണ്ടെങ്കിലും മറ്റൊരു സി പി എം സമരം കൂടി വിജയരമായി ലക്ഷ്യത്തിലെത്തിയിരിക്കുകയാണ്.












Click it and Unblock the Notifications