കോ-ലീ-ബി തലകുത്തി നിന്നാലും വടകര ജയരാജൻ പിടിക്കും! എൽഡിഎഫ് 13 സീറ്റുകൾ നേടുമെന്ന് സിപിഎം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാര്‍ത്ഥി പട്ടിക നേരത്തെ പുറത്ത് ഇറക്കിയത് കൊണ്ട് ഒന്നാം ഘട്ട പ്രചാരണത്തില്‍ മുന്നിലെത്തിയിരിക്കുകയാണ് സിപിഎം. കോണ്‍ഗ്രസ് സജീവ പ്രചാരണത്തിലേക്ക് കടക്കുന്നതേ ഉളളൂ. ബിജെപിയാകട്ടെ സ്ഥാനാര്‍ത്ഥി പട്ടിക പോലും ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.
കെ മുരളീധരനെ അടക്കം സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ് നടത്തിയ അപ്രതീക്ഷിത നീക്കം സിപിഎമ്മിന് വെല്ലുവിളിയാണ്. പുറത്ത് വന്ന അഭിപ്രായ സര്‍വ്വേകള്‍ യുഡിഎഫ് മുന്നേറ്റമാണ് പ്രവചിക്കുന്നത്. എന്നാല്‍ സിപിഎം വിലയിരുത്തുന്നത് മറിച്ചാണ്.

കേരളത്തിൽ യുഡിഎഫ് തരംഗം
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയതായി പുറത്ത് വന്ന ടൈംസ് നൗ അഭിപ്രായ സര്‍വ്വേയില്‍ യുഡിഎഫ് തരംഗമാണ് കേരളത്തില്‍ പ്രവചിച്ചിരിക്കുന്നത്. യുഡിഎഫ് 20ല്‍ പതിനാറ് സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. എല്‍ഡിഎഫ് മൂന്ന് സീറ്റ് നേടുമെന്നും ബിജെപി 1 സീറ്റ് നേടുമെന്നും ടൈംസ് നൗ പ്രവചിക്കുന്നു.

പ്രവചനം ഇങ്ങനെ
എബിപി ന്യൂസ് സി വോട്ടര്‍ അഭിപ്രായ സര്‍വ്വേയും വിജയം യുഡിഎഫിനാകും എന്നാണ് പ്രവചിച്ചത്. യുഡിഎഫ് 14 സീറ്റുകള്‍ നേടുമെന്നും എല്‍ഡിഎഫ് ആറ് സീറ്റുകള്‍ നേടുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. എന്നാല്‍ ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ല.

സിപിഎമ്മിന്റെ പ്രവചനം
അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ യുഡിഎഫിന് അനുകൂലമാണെങ്കിലും സിപിഎം കണക്ക് കൂട്ടലുകള്‍ പ്രകാരം മറിച്ചാണ് സംഭവിക്കുക. തിരഞ്ഞെടുപ്പ് പ്രചാരണം ഒന്നാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് 13ലധികം സീറ്റുകള്‍ നേടും എന്നാണ് സിപിഎം പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്.

വടകര തിരിച്ച് പിടിക്കും
സിപിഎം സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തും. മാത്രമല്ല വടകര അടക്കമുളള മണ്ഡലങ്ങള്‍ ഇത്തവണ തിരിച്ച് പിടിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. കണ്ണൂര്‍, കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് വടകര തിരിച്ച് പിടിക്കും എന്ന പ്രവചനം സിപിഎം നടത്തുന്നത്.

കോണ്‍ഗ്രസ്- ലീഗ്-ബിജെപി സഖ്യം
കോണ്‍ഗ്രസ്- ലീഗ്-ബിജെപി സഖ്യം വടകര ഉള്‍പ്പെടെ അഞ്ച് മണ്ഡലങ്ങളില്‍ സിപിഎമ്മിന് എതിരെ രൂപം കൊണ്ടിരിക്കുന്നതായും സിപിഎം കരുതുന്നു. കൊല്ലം, എറണാകുളം, വടകര, കോഴിക്കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസും ലീഗും ബിജെപിയും ചേര്‍ന്ന് സഖ്യമുണ്ടാക്കുക.

5 സീറ്റുകളിൽ സഹായം
ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പാക്കാന്‍ ബിജെപി ശക്തരല്ലാത്ത സ്ഥാനാര്‍ത്ഥികളെയാവും മത്സരിപ്പിക്കുക. ഈ അഞ്ച് സീറ്റുകളില്‍ ബിജെപി സഹായിക്കുന്നതിന് പ്രതിഫലമായി പത്തനംതിട്ടയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ കോണ്‍ഗ്രസ് സഹായം നല്‍കുമെന്നും സിപിഎം കണക്ക് കൂട്ടുന്നു.

ഭൂരിപക്ഷം ഉയർത്തും
എറണാകുളം മണ്ഡലത്തിലെ സിറ്റിംഗ് എംപിയായ കെവി തോമസിനെ മത്സരിപ്പിക്കാതിരിക്കുന്നതോടെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ മുന്‍തൂക്കം നഷ്ടപ്പെട്ടു. അത് കൊണ്ടാണ് എറണാകുളത്ത് കോണ്‍ഗ്രസ് ബിജെപിയുടെ സഹായം തേടുന്നത്. സിറ്റിംഗ് സീറ്റുകളായ തൃശൂരിലും ചാലക്കുടിയിലും ഇത്തവണ എല്‍ഡിഎഫിന് ഭൂരിപക്ഷം വര്‍ധിക്കുമെന്നും പാര്‍ട്ടി സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു.

5 സീറ്റുകൾ തിരിച്ച് പിടിക്കും
കോഴിക്കോട്, വടകര, കൊല്ലം, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങള്‍ കഴിഞ്ഞ തവണ കൈവിട്ടത് ശ്രദ്ധക്കുറവും പാര്‍ട്ടി സംഘടനാ സംവിധാനത്തിലെ പാളിച്ചകള്‍ മൂലവും ആണെന്ന് സിപിഎം കരുതുന്നു. ഇവയെല്ലാം ശക്തമായ പ്രവര്‍ത്തനത്തിലൂടെ പരിഹരിച്ച് ഈ അഞ്ച് മണ്ഡലങ്ങളും ഇത്തവണ തിരിച്ച് പിടിക്കാന്‍ എല്‍ഡിഎഫിന് സാധിക്കുമെന്നും സിപിഎം കണക്ക് കൂട്ടുന്നു.

തിരുവനന്തപുരത്ത് പ്രതീക്ഷയില്ല
അതേസമയം തിരിച്ച് പിടിക്കാനാവും എന്ന് സിപിഎം കരുതുന്ന മണ്ഡലങ്ങളുടെ കൂട്ടത്തില്‍ തിരുവനന്തപുരം ഉള്‍പ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. സിപിഎയുടെ സി ദിവാകരനാണ് തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസില്‍ നിന്ന് ശശി തരൂരും ബിജെപിയില്‍ നിന്ന് കുമ്മനവും ഇറങ്ങുമ്പോള്‍ ശക്തമായ മത്സരമാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.

വടകരയിൽ കോ-ലീ-ബി
പി ജയരാജന്‍ മത്സരിക്കുന്ന വടകരയില്‍ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കും. ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചേക്കും. കോ-ലീ-ബി സഖ്യം ഉണ്ടായാലും വടകരയില്‍ പി ജയരാജനെ തോല്‍പ്പിച്ച് യുഡിഎഫിന് വിജയം സാധ്യമല്ലെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു.

മികച്ച വിജയം നേടും
വടകരയില്‍ ആര്‍എംപിയുടെ പിന്തുണയും യുഡിഫിനെ സഹായിക്കില്ല. കെ മുരളീധരന്‍ വടകരയില്‍ പി ജയരാജനെ തോല്‍പ്പിക്കാന്‍ തക്ക കഴിവുളള സ്ഥാനാര്‍ത്ഥിയാണ് എന്ന തരത്തിലാണ് പ്രചാരണം നടക്കുന്നത്. എന്നാല്‍ എല്ലാം മറികടന്ന് മികച്ച വിജയം നേടാന്‍ പി ജയരാജന് സാധിക്കുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു.
എൻഡിഎയ്ക്ക് 300 മുതൽ 310 വരെ സീറ്റുകൾ, കൂറ്റൻ വിജയമെന്ന് പ്രവചനം.. ദയനീയം കോൺഗ്രസ്!