സിപിഎമ്മിന്റെ കണ്ണൂർ ലോബി തകരുന്നു! പി ജയരാജനെ ഒറ്റപ്പെടുത്തി കണ്ണൂർ നേതാക്കൾ, പിണറായിയുടെ മൗനസമ്മതം

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: കേരളത്തില്‍ സിപിഎമ്മിന് ഒരു ഉറച്ച കോട്ടയുണ്ടെങ്കില്‍ അത് കണ്ണൂരിന്റെ ചുവന്ന മണ്ണാണ്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജന്മം കൊടുത്ത മണ്ണ്. സിപിഎം പ്രതിസന്ധി ഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴൊക്കെ പാറ പോലെ പാര്‍ട്ടിക്ക് പിന്നില്‍ ഉറച്ച് നിന്ന മണ്ണ്. സിപിഎമ്മിന്റെ പിരിവ് ബക്കറ്റില്‍ കണ്ണൂരുകാരന്‍ സംഭാവനയായി നല്‍കുന്നത് പണമല്ല, അവന്റെ ഹൃദയമാണ് എന്ന് പറയുന്നതില്‍ അതിശയോക്തി തെല്ലുമില്ല. കണ്ണൂരിന്റെ രാഷ്ട്രീയ ചരിത്രം അങ്ങനെയാണ്.

കേരളത്തിലെ സിപിഎമ്മിന്റെ ചരിത്ര നിര്‍മ്മാണത്തില്‍ കണ്ണൂരുകാരായ നേതാക്കള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എകെജിയില്‍ തുടങ്ങി കെപിആര്‍ ഗോപാലനിലും കേരളീയനിലും ഇകെ നായനാരിലും സിഎച്ച് കണാരനിലുമൂടെ കടന്നു പോകുന്നു ആ ചരിത്രം. പിന്നീട് എംവിആറിലൂടെ കണ്ണൂര്‍ ലോബി സിപിഎമ്മിലെ ശക്തി കേന്ദ്രമായി മാറി. ഇന്നത്തെ കണ്ണൂര്‍ ലോബിയുടെ പ്രയോക്താക്കളായ ജയരാജന്മാര്‍ അടക്കം എംവിആറിന്റെ ശിഷ്യന്മാരാണ്. പിണറായി വിജയന്‍ നയിക്കുന്ന പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷത്തിന്റെ നെടുംതൂണായ കണ്ണൂര്‍ ലോബിയില്‍ വലിയ വിള്ളല്‍ വീണിരിക്കുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ ഉയര്‍ന്ന് വന്നിരിക്കുന്ന വിമര്‍ശനം ഒരു സാംപിള്‍ മാത്രമാണ്.

ശക്തരായ കണ്ണൂർ ലോബി

ശക്തരായ കണ്ണൂർ ലോബി

ശക്തനായ പാര്‍ട്ടി സെക്രട്ടറി ആയിരുന്നുവെങ്കിലും പിണറായി വിജയനെന്ന നേതാവ് അത്രകണ്ട് ജനകീയനായിരുന്നില്ല. കടുത്ത പാര്‍ട്ടി അണികള്‍ക്കുള്ള ഭക്തി സാധാരണക്കാരന് ഇല്ലായിരുന്നു. ആ സ്ഥാനത്ത് ഗോളടിച്ചത് വിഎസ് അച്യുതാനന്ദന്‍ ആയിരുന്നു. എന്നാൽ പിണറായിക്കെതിരായ വിഎസ് പക്ഷത്തിന്റെ നീക്കങ്ങളെ കോടിയേരി ബാലകൃഷ്ണനും പി ജയരാജനും ഇപി ജയരാജനും എംവി ജയരാജനും നയിക്കുന്ന കണ്ണൂര്‍ ലോബിചെറുത്തു. കണ്ണൂര്‍ ലോബിയിലെ ഈ ശക്തി കേന്ദ്രങ്ങള്‍ ഇപ്പോൾ പിളർപ്പിലേക്ക് നീങ്ങുകയാണ്.

കയ്യടി മൊത്തം ജയരാജന്

കയ്യടി മൊത്തം ജയരാജന്

പിണറായി വിജയന്റെയും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും നാടാണ് കണ്ണൂര്‍. എങ്കിലും ഇവര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പോലും കണ്ണൂരിലെ സഖാക്കളുടെ കയ്യടി അവരുടെ ജില്ലാ സെക്രട്ടറിക്കാണ്. ഇത് നേതൃത്വത്തെ ചൊടിപ്പിച്ചില്ല എങ്കിലേ അത്ഭുതമുള്ളൂ. ഇഎംഎസ് പങ്കെടുത്ത പരിപാടിയില്‍ തനിക്ക് കയ്യടി ലഭിച്ചതാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള കാരണമെന്ന് എംവിആര്‍ ഒരിക്കല്‍ പറഞ്ഞത് മറക്കാറായിട്ടില്ല.

പുരയ്ക്ക് മീതെ ചായുന്ന മരങ്ങൾ

പുരയ്ക്ക് മീതെ ചായുന്ന മരങ്ങൾ

ഇനിയൊരു വിഎസ് അച്യുതാനന്ദനോ എംവിആറോ പുരയ്ക്ക് മീതെ വളരുന്ന മരമാകേണ്ട എന്നത് സിപിഎം തീരുമാനിച്ചിരിക്കുന്നു. നിലവില്‍ കണ്ണൂരിലെ പാര്‍ട്ടിയുടെ അവസാന വാക്കാണ് പി ജയരാജന്‍. കണ്ണൂരിലെ സംഘപരിവാര്‍ നീക്കങ്ങളെ ശോഭായാത്ര സംഘടിപ്പിച്ച് പോലും ചെറുക്കാന്‍ ധൈര്യം കാട്ടി പി ജയരാജന്‍. കണ്ണൂരിലെ നിരവധി ബിജെപി, ലീഗ്, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ സിപിഎമ്മിലെത്തിക്കാന്‍ ജയരാജന് സാധിച്ചു. ഇതെല്ലാം പി ജയരാജനെ കണ്ണൂരിന്റെ കരളാക്കി മാറ്റി.

വ്യക്തി പൂജ വിവാദം

വ്യക്തി പൂജ വിവാദം

പരിപാടികളില്‍ പാര്‍ട്ടിക്ക് നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം ജയരാജന് നല്‍കുന്നു എന്നതില്‍ കണ്ണൂര്‍ ലോബിയിലെ തന്നെ മറ്റ് നേതാക്കള്‍ അസ്വസ്ഥരാണ്. ജയരാജന് വേണ്ടി ഇറങ്ങിയ സംഗീത ആല്‍ബവും ഫ്‌ളക്‌സ് ബോര്‍ഡുകളും ഡോക്യുമെന്ററിയുമെല്ലാം പാര്‍ട്ടി നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ വിറളി പിടിപ്പിച്ചിരിക്കുന്നു. മൂന്നാമതും ജില്ലയുടെ നേതൃസ്ഥാനത്തേക്കും സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും എത്താമെന്നുള്ള ജയരാജന്റെ പ്രതീക്ഷകള്‍ക്ക് തുരങ്കം വെച്ചുകൊണ്ടുള്ളതാണ് വ്യക്തി പൂജ വിവാദം.

ജയരാജന് എതിരെ കണ്ണൂർ സഖാക്കൾ

ജയരാജന് എതിരെ കണ്ണൂർ സഖാക്കൾ

കണ്ണൂര്‍ ലോബിയിലെ നേതാക്കള്‍ തന്നെയാണ് പി ജയരാജന് എതിരെ സംസ്ഥാന സമിതിയില്‍ നിലപാടെടുത്തത് എന്നത് ശ്രദ്ധേയമാണ്. വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ജയരാജനെ എതിര്‍ത്ത് വാദമുന്നയിച്ചത് കണ്ണൂരിലെ സഖാക്കളായിരുന്നു. പിണറായി വിജയനും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ രൂക്ഷമായി തന്നെ വിമര്‍ശിച്ചു. കണ്ണൂര്‍ കഴിഞ്ഞ കുറച്ച് നാളുകളായി പാര്‍ട്ടി നേതൃത്വത്തിന്റെ നിരീക്ഷണത്തിലായിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ വിള്ളല്‍ ഇന്നുണ്ടായതല്ല.

കണ്ണൂർ ജയരാജന്റെ കയ്യിൽ

കണ്ണൂർ ജയരാജന്റെ കയ്യിൽ

നേരത്തെ നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനിടെ തന്നെ കണ്ണൂര്‍ ലോബിയിലെ അസ്വസ്ഥതകള്‍ക്ക് തുടക്കമിട്ടിരുന്ന. പിന്നീട് ഇപി ജയരാജന് എതിരെയുള്ള ബന്ധുത്വ നിയമന വിവാദം വന്നതോടെ ആ വിള്ളല്‍ കൂടുതല്‍ വളര്‍ന്നു. കണ്ണൂര്‍ ലോബിയിലെ ഒരു വിഭാഗം ഇപിയുടെ എതിര്‍ ചേരിയില്‍ നിന്നു. തന്റെ രാജിക്ക് മുറവിളി കൂട്ടിയത് കണ്ണൂരിലെ നേതാക്കളാണ് എന്ന് ഇപി തന്നെ ആരോപിച്ചിരുന്നു. ഇപിയുടെ ശക്തി ചോരുകയും എംവി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയിലേക്ക് മാറുകയും ചെയ്തതോടെ കാര്യങ്ങള്‍ പി ജയരാജന്റെ കൈകളിലെത്തി.

അടുത്ത വിഎസ് ആണോ ജയരാജൻ?

അടുത്ത വിഎസ് ആണോ ജയരാജൻ?

ഇകെ നായനാര്‍ പോലും ഉണ്ടാക്കാത്ത ജീവിത രേഖ പോലും പി ജയരാജന് വേണ്ടിയുണ്ടാക്കിയത് പിണറായി അടക്കമുള്ളവരെ ചെറുതായൊന്നുമല്ല പ്രകോപിപ്പിച്ചത്. അതുകൊണ്ട് തന്നെ പി ജയരാജന് എതിരെയുള്ള കണ്ണൂര്‍ നേതാക്കളുടെ പടയൊരുക്കത്തിന് പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റേയും മൗനസമ്മതവുമുണ്ട്. ഇത് ജയരാജന് നല്‍കുന്ന അപകട സൂചന ചെറുതല്ല. സിപിഎമ്മിന്റെ ചരിത്രം ഓര്‍ത്തെടുക്കുകയാണെങ്കില്‍ വിഎസ്സിന് സംഭവിച്ചത് തന്നെയാണോ കാലം പി ജയരാജന് വേണ്ടിയും കാത്തുവെച്ചിരിക്കുന്നത് എന്ന് കണ്ടറിയണം.

English summary
Kannur Lobby of CPM is facing a split.
Please Wait while comments are loading...