മൂന്നാറില്‍ ഒറിജിനല്‍ ഇരട്ടച്ചങ്ക് കണ്ട് ഞെട്ടി സിപിഎം..!! ശ്രീറാമിന്റേത് തെമ്മാടിത്തരമത്രേ..!!

  • By: അനാമിക
Subscribe to Oneindia Malayalam

മൂന്നാര്‍: ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തില്‍ മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികളില്‍ സിപിഎമ്മില്‍ അതൃപ്തി പുകയുന്നു. ഇടുക്കി ജില്ലാ കളക്ടര്‍ ജിആര്‍ ഗോകുലിനും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനുമെതിരെ സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിക്കഴിഞ്ഞു. മൂന്നാറില്‍ സിപിഎം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമടക്കം അനധികൃത ഭൂമി സ്വന്തമായുണ്ടെന്ന് ആരോപണമുണ്ട്.

മൂന്നാറിലേത് തെമ്മാടിത്തരം

മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കലെന്ന പേരില്‍ ചെയ്യുന്നത് തെമ്മാടിത്തരമാണെന്നാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍ പ്രതികരിച്ചിരിക്കുന്നത്. മൂന്നാറില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കേണ്ട സാഹചര്യമില്ല എന്നും സിപിഎം നേതാവ് പറയുന്നു.

സർക്കാരിനെതിരെ ശ്രമം

നൂറോളം പോലീസുകാരെ കൊണ്ടുവന്ന് ഒഴിപ്പിക്കല്‍ നടത്തിയത് ശരിയല്ല. ദുഖവെള്ളിയാഴ്ച പ്രാര്‍ത്ഥിക്കാന്‍ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കെകെ ജയചന്ദ്രന്‍ പ്രതികരിച്ചു.

ഭരണം കയ്യേറാമെന്ന് കരുതേണ്ട

കുരിശ് സ്ഥാപിച്ച പാപ്പാത്തിച്ചോലയില്‍ കയ്യേറ്റമുണ്ടായിരുന്നില്ല. കുരിശ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി കാണിച്ച് ജനവികാരം സര്‍ക്കാരിനെതിരെ തിരിച്ചുവിടാമെന്നും ഭരണം കയ്യേറാമെന്നും സബ് കളക്ടറും മാധ്യമങ്ങളും കരുതേണ്ടെന്നും ജയചന്ദ്രന്‍ വെല്ലുവിളിച്ചു.

ജനങ്ങളെ പേടിപ്പിക്കാൻ നോക്കുന്നു

പാപ്പാത്തിച്ചോലയിലെ ഭീമന്‍ കുരിശ് പൊളിച്ചുമാറ്റിയതിനെതിരെ സിപിഎം നേതാവും ദേവികുളം എംഎല്‍എയുമായ എസ് രാജേന്ദ്രനും എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. പോലീസും സബ്കളക്ടറും ജനങ്ങളെ പേടിപ്പിക്കാന്‍ നോക്കുകയാണെന്നും എംഎല്‍എ ആരോപിക്കുന്നു.

കുരിശ് പൊളിക്കുന്നത് എന്തിനാണ്

കയ്യേറ്റമുണ്ടെങ്കില്‍ അത് ഒഴിപ്പിക്കണം. പകരം കുരിശ് പൊളിക്കുന്നത് എന്തിനാണ് എന്നും എസ് രാജേന്ദ്രന്‍ ചോദിക്കുന്നു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് മറ്റുള്ളവര്‍ പ്രവേശിക്കുന്നത് വിലക്കിയാല്‍ മതിയെന്നും എംഎല്‍എ പറയുന്നു.കയ്യേറിയ സ്ഥലം തിരിച്ചെടുക്കുന്നതില്‍ വലിയ അത്ഭുതമൊന്നും സൃഷ്ടിക്കേണ്ടതില്ല.

ഉദ്യോഗസ്ഥർക്ക് പരിഹാസം

കയ്യേറ്റം ഒഴിപ്പിക്കുക എന്നത് സിപിഎം നിലപാടാണ്. പക്ഷേ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ മൂന്നാറില്‍ യുദ്ധമൊന്നും ഇല്ലല്ലോ എന്നും എസ് രാജേന്ദ്രന്‍ ചോദിക്കുന്നു.ഉദ്യോഗസ്ഥര്‍ക്ക് തിന്നിട്ട് ദഹിക്കുന്നില്ലെങ്കില്‍ നന്നായി അധ്വാനിക്കുകയാണ് വേണ്ടതെന്നും അല്ലാതെ മറ്റുള്ളവരെ ദ്രോഹിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.

English summary
CPM leaders attack Sub Collector of Devikulam in Munnar land encroachment issue
Please Wait while comments are loading...