മന്‍സൂറിന്റെ വിലാപയാത്രയ്ക്കിടെ വ്യാപക അക്രമം, സിപിഎം ഓഫീസുകൾക്ക് തീ വെച്ചു
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ വ്യാപക ആക്രമണം. കൂത്തുപറമ്പില്‍ കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ മൃതദേഹവും വഹിച്ച് കൊണ്ടുളള വിലാപയാത്രയ്ക്കിടെയാണ് സിപിഎം ഓഫീസുകള്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് തീ വെച്ച് നശിപ്പിച്ചു. കീഴ്മാടം, കൊച്ചിയങ്ങാടി, പാനൂര്‍ ടൗണ്‍, ആച്ചിമുക്ക് ബ്രാഞ്ച് കമ്മിറ്റി ഓഫീസുകളും തീവെച്ച് നശിപ്പിച്ചു.
പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിനും തീയിട്ടിട്ടുണ്ട്. നിരവധി കടകള്‍ക്ക് നേരെയും ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച ആണ് രാത്രി പാനൂര്‍ മുക്കില്‍ പീടികയില്‍ വെച്ച് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ മന്‍സൂര്‍ ആക്രമിക്കപ്പെട്ടത്. സഹോദരന്‍ മുഹ്‌സിനും ആക്രമിക്കപ്പെട്ടു. അക്രമികള്‍ ഇവരെ ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു.
ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ വെച്ച് മന്‍സൂര്‍ മരണപ്പെട്ടത്. മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബേറിലാണ് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ദിവസം ഓപ്പണ്‍ വോട്ടിന്റെ പേരില്‍ സിപിഎം - ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ യുഡിഎഫിന്റെ ബൂത്ത് ഏജന്റ് ആയിരുന്നു. മുഹ്‌സിനെ ലക്ഷ്യം വെച്ച് എത്തിയ അക്രമികള്‍ ഒപ്പമുണ്ടായിരുന്ന മന്‍സൂറിനേയും ആക്രമിക്കുകയായിരുന്നു.
മന്‍സൂറിനെ ആദ്യം തലശ്ശേരിയിലേയും പിന്നീട് കോഴിക്കോട്ടെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പേര് ചോദിച്ച ശേഷമാണ് ആക്രമിച്ചത് എന്നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ ടാര്‍ഗറ്റ് ചെയ്തിരുന്നുവെന്നുമാണ് മുഹ്‌സിന്‍ പറയുന്നത്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണ് എന്നാണ് പോലീസ് പറയുന്നത്. തലശ്ശേരി എസിപിയായ വി സുരേഷിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘം ആണ് മന്‍സൂര്‍ കൊലക്കേസ് അന്വേഷിക്കുന്നത്.