ബിജെപിയുടെ പരാജയം ലക്ഷ്യം; ഇടത് മുന്നണി ഐക്യം ശക്തിപ്പെടുത്തും - സീതാറാം യെച്ചൂരി
കണ്ണൂർ: ഇടത് പാർട്ടികളുടെ പ്രധാന ലക്ഷ്യം എന്നത് ബി ജെ പിയെ പരാജയപ്പെടുകയാണെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. ഇതിന് വേണ്ടി ഇടത് മുന്നണി ഐക്യം ശക്തിപ്പെടുത്തും.
ഇതിന് പുറമേ വിശാലമായ രീതിയിൽ മതേതര സഖ്യം രൂപപ്പെടുത്തും എന്നും യെച്ചൂരി വ്യക്തമാക്കി. കണ്ണൂരിലെ സി പി എം പാർട്ടി കോൺഗ്രസ് വേദിയിലായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം.

ഹിന്ദുത്വ ശക്തികളെ പൂർണമായും നേരിടുന്നതിലേക്ക് വേണ്ടി വിട്ട് വീഴ്ച ഉണ്ടാകാത്ത മതേതര നിലപാടാണ് വേണ്ടത്. ഹിന്ദുത്വ ശക്തികളുടെ വെല്ലുവിളി മറി കടക്കുവാൻ മതേതരത്തിലൂടെ മാത്രമെ കഴിയൂ. ഇത് മുന്നിൽ കണ്ട് മതേതര പാർട്ടികൾ എല്ലാം പരമാവധി ഒന്നിച്ച് നിന്ന് കൈകോർക്കണം. സി പി എം ഒരിക്കലും ബി ജെ പിയുമായി സന്ധി ചെയ്തിട്ടില്ല. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ദേശീയതലത്തിൽ വിശാലമായ രീതിയിൽ സഖ്യം ഉണ്ടാകില്ല എന്നും യെച്ചൂരി വ്യക്തമാക്കി.
ഇത്തരത്തിലുള്ള മതേതര വിശാല സഖ്യത്തിനുള്ളിൽ കോൺഗ്രസ് വേണമെന്നോ വേണ്ടെന്നോ താൻ പറഞ്ഞിട്ടില്ല. മതേതരത്വം സംരക്ഷിക്കുന്നതിനുവേണ്ടി ആണ് സെമിനാർ സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടും കോൺഗ്രസ് എത്താൻ കൂട്ടാക്കിയില്ല. ഇത്തരക്കാരെ മതേതരത്വത്തിന് വേണ്ടി പോരാടാൻ ഞാൻ എങ്ങിനെ ക്ഷണിക്കും എന്നും യെച്ചൂരി ചോദിച്ചിക്കുകയായിരുന്നു.
Recommended Video

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു സാഹചര്യമാണ്. ഇത്തരം സാഹചര്യത്തിൽ എല്ലാ അധിക ഇന്ധന നികുതികളും കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ഇന്ധനങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സെസ്, സര്‍ചാര്‍ജ് എന്നിവ വിവിധ സംസ്ഥാന സർക്കാരുമായി പങ്കുവയ്ക്കാനും കേന്ദ്രം തയ്യാറാകുന്നില്ല. ഇതിൽ ഉണ്ടാകുന്ന വരുമാനം എല്ലാം കേന്ദ്രത്തിലേക്ക് മാത്രമാണ് പോകുന്നത്. ഇവയെല്ലാം തന്നെ പിൻവലിക്കണം എന്നും ഇന്ധന വില കുറയ്ക്കണമെന്നും യെച്ചൂരി ആവിശ്യപ്പെട്ടു.
അതേസമയം, കേരള സിൽവർ ലൈൻ പദ്ധതിക്ക് എതിരെ അതൃപ്തി വ്യക്തമാക്കി ബംഗാൾ ഘടകം രംഗത്ത് എത്തിയിരുന്നു. സി പി എം പാർട്ടി കോൺഗ്രസിൽ ആയിരുന്നു ബംഗാൾ ഘടകം അതൃപ്തി വ്യക്തമാക്കിയത്. കേരള ഘടകത്തിന് കേന്ദ്ര നേതൃത്വം മുന്നറിയിപ്പ് നൽകണമെന്നും ബംഗാൾ ഘടകം അറിയിച്ചു.
ഈ പദ്ധതിയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ജനങ്ങളെ പൂർണമായും ബോധ്യപ്പെടുത്തണം.നന്ദി ഗ്രാം ഒരു പാഠം ആകണമെന്നും ബംഗാൾ ഘടകം വ്യക്തമാക്കി. സി പി എം പാർട്ടി കോൺഗ്രസിന്റെ സ്വാഗത പ്രസംഗത്തിൽ സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്.
കേരള സർക്കാരിന്റെ മികച്ച നേട്ടങ്ങൾ വിവരിച്ചതിന് ശേഷം ആയിരുന്നു മുഖ്യമന്ത്രി സിൽവർ ലൈൻ പദ്ധതിയെ അവതരിപ്പിച്ചത്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കും എന്ന തരത്തിലുള്ള ധ്വനി ആണ് മുഖ്യമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായത്. ഇദ്ദേഹത്തിന്റെ പ്രതികരണത്തിന് പിന്നാലെ ആയിരുന്നു ബംഗാൾ ഘടക നേതാക്കളുടെ പ്രതികരണങ്ങൾ ഉണ്ടായത്. സിൽവർ ലൈൻ പദ്ധതിയെ സംബന്ധിച്ച് കേന്ദ്ര നേതൃത്വം കേരളത്തിന് മുന്നറിയിപ്പ് നൽകണമെന്ന് ബംഗാൾ ഘടകത്തിലെ മുതിർന്ന നേതാക്കൾ ഉന്നയിച്ചു.
പാർട്ടിക്ക് മുന്നിൽ നന്ദി ഗ്രാം തിരിച്ചടി നേരിട്ട സംഭവം മാതൃകയായി നില നിൽക്കുന്നുണ്ട്. ഈ കാരണത്താൽ തന്നെ ഏകപക്ഷീയമായി സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കരുത്. വികസനങ്ങൾക്ക് പിന്നാലെ ഭൂപ്രശ്നങ്ങൾ വലിയ തിരിച്ചടിയാകും. ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിൽ വലിയ രീതിയിലുള്ള ആലോചനകൾ ആവശ്യമാണെന്നും ബംഗാൾ ഘടകത്തിലെ മുതിർന്ന നേതാക്കൾ മുന്നോട്ട് വച്ചു.
അതേസമയം, സിൽവർ ലൈൻ പദ്ധതിയുടെ ആദ്യ തുടക്കങ്ങളിൽ തന്നെ വ്യത്യസ്ത നിലപാടായിരുന്നു ബംഗാൾ ഘടകം സ്വീകരിച്ചിരുന്നത്. സിൽവർ ലൈൻ പദ്ധതിയെ കേരള ഘടകം ശക്തമായി തന്നെ പിന്തുണയ്ക്കുന്നു. എന്നാൽ, ഇത് സംബന്ധിച്ച വിഷയത്തിൽ സി പി എം കേന്ദ്ര നേതൃത്വം കൃത്യമായ അഭിപ്രായം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സാമൂഹിക ആഘാത പഠനം പുറത്ത് വന്നതിന് ശേഷം പ്രതികരിക്കാം എന്നതായിരുന്നു സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം.












Click it and Unblock the Notifications