സിപിഎം വര്‍ഗീയത ആളിക്കത്തിക്കുന്നു; സിപിഎമ്മും ആര്‍എസ്‌എസും ഒരേ തൂവല്‍പക്ഷികളെന്ന് ചെന്നിത്തല
കാസര്‍കോട്: കേരളത്തെ പൂര്‍ണ്ണമായും വര്‍ഗീയവത്‌കരിക്കാനുള്ള ശ്രമമാണ് സിപിഎമ്മും ബിജെപിയും നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരു പാര്‍ട്ടികളും ഒരേ തൂവല്‍ പക്ഷികളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ഇല്ലായ്‌മ ചെയ്യുകയെന്നതാണ് ഇരു പാര്‍ട്ടികളും ലക്ഷ്യമിടുന്നത്. ലക്ഷ്യം ഒന്നായതുകൊണ്ട് തന്നെ അവര്‍ തമ്മിലുള്ള അന്തര്‍ധാര ശക്തമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കാസര്‍കോട് നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു രമേശ് ചെന്നിത്തലയുടെ വിമര്‍ശനം. തിലങ്കേരി മോഡല്‍ ഐക്യം കേരളം മുഴുവന്‍ വ്യാപിപ്പിക്കാന്‍ സിപിഎമ്മും ആര്‍എസ്‌എസും ശ്രമിക്കുകയാണ്. എന്നാല്‍ ഇവര്‍ ഒരുമിച്ച് നിന്നാലും കേരളത്തിലെ മതേതര വിശ്വാസികള്‍ ഇവര്‍ക്കെതിരെ ഒരുമിച്ച് നിന്ന് യുഡിഎഫിനെ പിന്തുണക്കുമെന്ന വിശ്വാസം തങ്ങള്‍ക്കുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും രമേശ് ചെന്നിത്തല പ്രതീക്ഷ പങ്കുവെച്ചു.
സിപിഎം വര്‍ഗീയത ആളിക്കത്തിക്കുകയാണ്. ഇതിനായി സിപിഎം വിവിധ മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നു. അതിന് വേണ്ടിയാണ് അവരുടെ സൈബര്‍ വിഭാഗത്തെ ഉപയോഗിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. മുസ്ലിം സമുദായത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് വിജയരാഘവന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ അവരെല്ലാം പുരോഗമന വാദികള്‍, അല്ലെങ്കില്‍ എല്ലാം വര്‍ഗീയ വാദികള്‍ എന്ന നിലപാടാണ് സിപിഎമ്മിന്റേത്. യുഡിഎഫിന് പുറത്തുള്ള ഒരു പാര്‍ടിയുമായും യുഡിഎഫിന് സഖ്യമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയാണെങ്കില്‍ വട്ടപൂജ്യം മാര്‍ക്ക് മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളു. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ അല്ലാതെ ഒരു പുതിയ പദ്ധതി പോലും പ്രഖ്യാപിക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചിട്ടില്ല. പ്രഖ്യാപനങ്ങളും, പ്രസ്‌താവനകളും ആളുകളെ അപമാനിക്കുന്നതുമല്ലാതെ മറ്റൊന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ധാഷ്‌്‌ട്യത്തിന്റെയും ധിക്കാരത്തിന്റേയും ഭാഷ മുഖ്യമന്ത്രിയുടെ മുഖമുദ്രയായിക്കഴിഞ്ഞു. ജനങ്ങളോട് ബഹുമാനമില്ലാത്ത ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. ജനങ്ങളുടെ ജീവല്‍പ്രധാനമായ പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന സര്‍ക്കാരാണിത്.എല്ലാ വിഭാഗം ജനങ്ങളും പ്രതിസന്ധിയിലാണ്.
10ശതമാനം മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്കുള്ള സംവരണത്തെ പിന്തുണക്കുകയാണ് യുഡിഎഫ് ചെയ്‌തത്. പത്ത് ശതമാനം സംവരണം നടപ്പാക്കുമ്പോള്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ പാടില്ലെന്ന് മാത്രമാണ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടത്. അതിലെന്താണ് തെറ്റ്. യുഡിഎഫിന്റെ പ്രകടന പത്രികയിലുണ്ടായിരുന്ന പ്രഖ്യാപനമാണ് മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്കുള്ള സംവരണം. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റിധരിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വം സൃഷ്ടിക്കപ്പെട്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications