സിപിഎം - എസ്ഡിപിഐ രാഷ്ട്രീയസഖ്യം പരസ്യമായി: ആരോപണവുമായി കെ സുരേന്ദ്രൻ
പാലക്കാട് : ഈരാറ്റുപേട്ട നഗരസഭയിൽ ഭരണം പിടിക്കാൻ എസ്ഡിപിഐയുമായി സിപിഎം ധാരണയിലെത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. പാലാ ബിഷപ്പ് ജോസഫ് മാർ കല്ലറങ്ങാട്ടിനെ ആക്രമിക്കാൻ ഗുണ്ടാസംഘങ്ങളെ അയച്ച എസ്ഡിപിഐയുമായി പരസ്യമായ രാഷ്ട്രീയ സഖ്യം ഉണ്ടാക്കാനുള്ള സിപിഎം തീരുമാനം ക്രൈസ്തവ ജനതയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. എന്നാൽ, ആരുമായും അവിശുദ്ധ ബന്ധത്തിന് സിപിഎം തയ്യാറാകില്ലെന്ന് മന്ത്രി വി എൻ വാസവനും പ്രതികരിച്ചു.

ഈരാറ്റുപേട്ട നഗരസഭ ഭരണം പിടിക്കാൻ എസ്ഡിപിഐയെ പിന്തുണയ്ക്കാനുള്ള സിപിഎം നീക്കത്തിനെതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രംഗത്തെത്തി. പാലാ ബിഷപ്പിനെ ആക്രമിക്കാൻ ഗുണ്ടാസംഘങ്ങളെ അയച്ച എസ്ഡിപിഐയുമായി പരസ്യമായ രാഷ്ട്രീയ സഖ്യം ഉണ്ടാക്കാനുള്ള സിപിഎം തീരുമാനത്തെയാണ് കെ സുരേന്ദ്രൻ വിമർശിക്കുന്നത്.

ഇത് ക്രൈസ്തവസഭ വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ക്രൈസ്തവ സഭാ നേതൃത്വത്തിനാകെ വെല്ലുവിളിയുയർത്തുന്ന തീവ്രവാദ സമൂഹവുമായി ചേർന്നുള്ള സിപിഎമ്മിൻ്റെ ഇടപെടലിൽ കേരള കോൺഗ്രസ് എമ്മിന് എന്താണ് പ്രതികരിക്കാനുള്ളതെന്നും സുരേന്ദ്രൻ ചോദിക്കുന്നു.

സിപിഎമ്മും എസ്ഡിപിഐയും പരസ്യമായ സഖ്യത്തിൽ ഏർപ്പെടുന്നത് ക്രൈസ്തവ വിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. കേരളത്തിൻ്റെ മതനിരപേക്ഷതയ്ക്ക് തിരിച്ചടിയായ സംഭവത്തിൽ നിന്ന് സിപിഎം പിന്മാറണമെന്നും ബിജെപി ആവശ്യപ്പെട്ടു. തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഭരണകക്ഷി നിലപാട് സംസ്ഥാനത്തിന് ഗുണം ചെയ്യില്ല. മതനിരപേക്ഷ സമൂഹം ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

തിങ്കളാഴ്ച ഈരാറ്റുപേട്ട നഗരസഭ യുഡിഎഫ് ചെയർപേഴ്സൺ സുഹ്റ അബ് ദുൾ ഖാദറിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം എസ്ഡിപിഐ പിന്തുണയോടെ പാസാവുകയായിരുന്നു. 28 അംഗ നഗരസഭയിൽ എൽഡിഎഫിന് ഒമ്പത് അംഗങ്ങളാണുള്ളത്. ഇവർക്കൊപ്പം കോൺഗ്രസ് വിമത അൻസലിന പരിക്കുട്ടിയും എസ്ഡിപിഐയിലെ അഞ്ച് അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ് ടമായത് .

അതേസമയം, ഈരാറ്റുപേട്ടയിൽ എസ്ഡിപിഐ പിന്തുണയോടെ എൽഡിഎഫ് അവിശ്വാസം പാസായതിനെ ചൊല്ലി ഏറ്റുമുട്ടുകയാണ് പ്രതിപക്ഷ പാർട്ടികൾ. എന്നാൽ, ഒരുതരത്തിലുള്ള അവിശുദ്ധ സഖ്യത്തിലും സിപിഎം ഏർപ്പെടില്ലെന്ന് മന്ത്രി വി എൻ വാസവൻ ഇന്ന് കോട്ടയത്ത് പ്രതികരിച്ചിരുന്നു. സംഭവം ഇതിനോടകം തന്നെ രാഷ്ട്രീയ വിവാദമായി ആളിക്കത്തുകയും ചെയ്തിട്ടുണ്ട്.
പട്ടുപാവാടയും ആമ്പല്‍ പൂവും; സുന്ദരിവാവയായി സാറാസ് താരം വിദ്ധി വിശാല്‍; വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications