സമ്മേളനം കഴിഞ്ഞാൽ സ്ഥാനാർത്ഥി പ്രഖ്യാപനം?തൃക്കാക്കരയിൽ രണ്ടും കൽപ്പിച്ച് സിപിഎം..പരിഗണനയിൽ ഇവർ
കൊച്ചി; മുൻ എംഎൽഎ പിടി തോമസിന്റെ വിയോഗത്തോടെ ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തിൽ ഏത് നിമിഷവും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. തോമസിന്റെ മരണത്തോടെ ഡിസംബർ 22 മുതൽ മണ്ഡലത്തിൽ ഒഴിവ് വന്നതായി സംസ്ഥാന സർക്കാർ നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇനി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപതെരഞ്ഞെടുപ്പിന്റെ തീയതിയും നടപടിക്രമങ്ങളും നിശ്ചയിച്ചു വിജ്ഞാപനം ഇറക്കണം.
അതേസമയം ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ലേങ്കിലും കൊച്ചിയില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടി ഇറങ്ങുന്നതോടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ ഒരുങ്ങുകയാണ് സിപിഎം.

സിപിഎമ്മിന് വലിയ മുന്നേറ്റങ്ങൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്ത മണ്ഡലമാണ് തൃക്കാക്കര. സെബാസ്റ്റ്യൻ പോൾ ഉൾപ്പെടെയുള്ള പ്രമുഖരെ പോലും തിരഞ്ഞെടുപ്പ് ഗോദയിലിറക്കിയിട്ടും മണ്ഡലത്തിൽ പച്ച പിടിക്കാൻ സി പി എമ്മിന് സാധിച്ചിരുന്നില്ല. 2021 ൽ ഡോക്ടറായ ജെ ജേക്കബിനെയായിരുന്നു സി പി എം മത്സരിപ്പിച്ചത്. എന്നാൽ രണ്ടാം അങ്കത്തിനിറങ്ങിയ പിടി തോമസ് വൻ ഭൂരിപക്ഷത്തിൽ തന്നെ മണ്ഡലം നിലനിർത്തുകയായിരുന്നു.

അതേസമയം നിലവിൽ ശക്തമായ മത്സരം മണ്ഡലത്തിൽ കാഴ്ച വെയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സി പി എം നേതൃത്വം.പിടി തോമസിന്റെ വ്യക്തി പ്രഭാവം കൊണ്ട് മാത്രമാണ് ഇത്തവണ യുഡിഎഫിനൊപ്പം മണ്ഡലം നിന്നത് എന്നാണ് സിപിഎം വിലയിരുത്തൽ. അതുകൊണ്ട് തന്നെ സി പി എം ജില്ലാ സമ്മേളനത്തിന്റെ ആവേശം ചോരും മുൻപ് ഉടനടി സ്ഥാനാർത്ഥി പ്രഖ്യാപനവും പ്രചരണവും നടത്താനാണ് നേതൃത്വത്തിന്റെ ആലോചന.

സ്ഥാനാർത്ഥി നിർദ്ദേശങ്ങൾ സംസ്ഥാന നേതൃത്വവും തേടിയിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്കാകും മുൻഗണന ലഭിച്ചേക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കുറി സ്വതന്ത്ര സ്ഥാനാർത്ഥികൾ വേണ്ടെന്ന അഭിപ്രായം ഉയർന്ന സാഹചര്യത്തിൽ യുവാക്കളായ നേതാക്കളെ മത്സരിപ്പിക്കണമെന്നുള്ള ചർച്ചകളും ഉയരുന്നുണ്ട്.
മുന്‍ തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ്, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ രണ്ടാം അങ്കത്തിനിറങ്ങിയ സ്വരാജ് പരാജയപ്പെട്ടിരുന്നു. എം ബാബുവായിരുന്നു യു ഡി എഫിന് വേണ്ടി മണ്ഡലം തിരിച്ച് പിടിച്ചത്. സ്വരാജിന്റെ പരാജയം സി പി എം കേന്ദ്രങ്ങളെ ഏറെ നിരാശപ്പെടുത്തിയതായിരുന്നു. അതുകൊണ്ട് തന്നെ സ്വരാജിനെ വീണ്ടും മത്സരിപ്പിച്ച് നിയമസഭയിൽ എത്തിക്കണമെന്ന വികാരം പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്ക് ഉണ്ട്.

എന്നാൽ കോൺഗ്രസ് കോട്ടയിൽ പ്രത്യേകിച്ച് ഒരു നഗരകേന്ദ്രീകൃത മണ്ഡലത്തിൽ സ്വരാജിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിന് സി പി എം തയ്യാറാകുമോയെന്നുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. അതേസമയം സി പി എം തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കാൻ ഒരുങ്ങുന്നതോടെ കോൺഗ്രസ് കേന്ദ്രങ്ങളും സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള ചർച്ചകളിലേക്ക് കടന്നിട്ടുണ്ട്.

ഒരു ഡസനോളം പേരുകൾ മണ്ഡലത്തിൽ ചർച്ചയാകുന്നുണ്ട്. എ ഗ്രൂപ്പിന്റെ കൈയ്യിലുള്ള സീറ്റാണ് തൃക്കാക്കര. അതുകൊണ്ട് തന്നെ ഡൊമനിക് പ്രസന്‌റേഷൻ, ടോണി ചിമ്മിണി എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെടുന്നുണ്ട്. കെ സി വേണുഗോപാലിന്റെ നോമിനിയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ദീപ്തി മേരി വര്‍ഗീസ് എന്നിവരുടെ പേരുകളാണ് പരിഗണിക്കപെടുന്നത്. പിടിയുടെ ഭാര്യ ഉമാ തോമസിന്റെ പേരും ചർച്ചയാകുന്നുണ്ട്.

നേരത്തേ സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള ചർച്ചകളിൽ ഇപ്പോൾ മത്സരിക്കാനില്ലെന്ന നിലപാടായിരുന്നു ഉമ സ്വീകരിച്ചിരുന്നത്. അതേസമയം സി പി എം സ്വരാജിനെ മത്സരിപ്പിച്ചാൽ കോൺഗ്രസ് വിടി ബൽറാമിനെ മത്സരിപ്പിക്കുമോയെന്ന ചർച്ചകളും ശക്തമാണ്. നേരത്തേ നിയമസഭ തിരഞ്ഞെടുപ്പിൽ വിടിയ്ക്കെതിരെ തൃത്താലയിൽ സ്വരാജിന്റെ പേരുകൾ ഉയർന്നിരുന്നു. ഇരുവരും നേർക്ക് നേർ പോരാടുന്നത് അണികളെ ആവേശത്തിലാക്കുമെന്ന കാര്യത്തിൽ തർക്കമില്ല.












Click it and Unblock the Notifications