• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സിപിഎമ്മിന് രാഷ്ട്രീയ 'ചാകര'! കോണ്‍ഗ്രസിലെ അടിപിടി ആര്‍ക്ക് ഗുണം ചെയ്യും? കരുക്കള്‍ നീക്കി ബിജെപിയും

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഡിസിസി അധ്യക്ഷന്‍മാരെ നിയമിച്ചപ്പോള്‍ ഇതാണ് സ്ഥിതി. അടുത്ത ഘട്ടത്തില്‍ ഡിസിസി, കെപിസിസി പുന:സംഘടനയാണ് നടക്കേണ്ടത്. ഇപ്പോള്‍ ഇത്രയും പ്രശ്‌നങ്ങള്‍ ആണെങ്കില്‍ അടുത്ത ഘട്ടത്തില്‍ വലിയ പൊട്ടിത്തെറി തന്നെ ഉണ്ടാകുമെന്ന് ഉറപ്പാണ്.

മുട്ടുമടക്കാതെ ഉമ്മന്‍ ചാണ്ടി; സുധാകരനെതിരെ കലാപക്കൊടി... സുധാകരന്‍ ചെയ്തത് തെറ്റ്, തങ്ങളുടെ കാലം മികച്ചത്മുട്ടുമടക്കാതെ ഉമ്മന്‍ ചാണ്ടി; സുധാകരനെതിരെ കലാപക്കൊടി... സുധാകരന്‍ ചെയ്തത് തെറ്റ്, തങ്ങളുടെ കാലം മികച്ചത്

തലവെട്ടി തലമുറമാറ്റം! അപ്രസക്തരായി കിങ്ങുകളും കിങ്‌മേക്കര്‍മാരും... ഇനി നടപടിയും ഭയക്കണം?തലവെട്ടി തലമുറമാറ്റം! അപ്രസക്തരായി കിങ്ങുകളും കിങ്‌മേക്കര്‍മാരും... ഇനി നടപടിയും ഭയക്കണം?

തുടര്‍ച്ചയായി രണ്ടാം തവണയും ഭരണത്തില്‍ നിന്ന് ജനം മാറ്റി നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസില്‍ രൂക്ഷമായ പ്രതിസന്ധി ഉരുക്കൂടിയിരിക്കുന്നത്. ഈ ഘട്ടത്തില്‍, അതിന്റെ രാഷ്ട്രീയ നേട്ടം സിപിഎമ്മിനും ഇടതുമുന്നണിയ്ക്കും തന്നെയാണ്. അതേസമയം തന്നെ, കോണ്‍ഗ്രസിലെ പ്രതിസന്ധി എങ്ങനെ മുതലെടുക്കാം എന്ന് ഉറ്റുനോക്കുകയാണ് കേരളത്തിലെ ബിജെപി നേതൃത്വവും.

1

കോണ്‍ഗ്രസില്‍ അടുത്ത കാലത്തൊന്നും ഇല്ലാത്ത വിധത്തിലാണ് പ്രതിസന്ധികള്‍ ഉരുണ്ടുകൂടിയിരിക്കുന്നത്. കേരളത്തില്‍ സംഘടനാ തലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് പ്രതീക്ഷിച്ച് ഹൈക്കമാന്‍ഡ് നടത്തിയ നീക്കങ്ങള്‍ക്ക് ഒരു തരത്തില്‍ തിരിച്ചടി നേരിടുന്നു എന്ന് തന്നെ പറയേണ്ടി വരും. സംഘടന ശക്തിപ്പെടുത്താന്‍ വേണ്ടി നടത്തുന്ന നീക്കങ്ങള്‍ പാര്‍ട്ടിയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നു എന്നാണ് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം വിലയിരുത്തുന്നത്. എന്നാല്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ട് പോകാന്‍ ആണ് ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനം.

2

രാഷ്ട്രീയമായി വലിയ പ്രതിസന്ധിയില്‍ ആണ് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഞെട്ടിപ്പിക്കുന്ന വിജയം നേടിയ പാര്‍ട്ടി 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയത്തിലേക്ക് കൂപ്പുകുത്തി. ഹൈക്കമാന്‍ഡ് ഇടപെടലും വന്‍ പദ്ധതികളും ഒക്കെയായി 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഇറങ്ങിയപ്പോഴും കോണ്‍ഗ്രസിന് അടിപതറി. 2016 ല്‍ കിട്ടിയ സീറ്റുകള്‍ പോലും നിലനിര്‍ത്താന്‍ ആയില്ല. ഈ ഘട്ടത്തിലായിരുന്നു പാര്‍ട്ടി സംവിധാനം മൊത്തത്തില്‍ പൊളിച്ചെഴുതാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്.

3

പ്രതിപക്ഷ നേതാവിനേയും കെപിസിസി അധ്യക്ഷനേയും നിശ്ചയിച്ചതുമുതല്‍ പരമ്പരാഗത ഗ്രൂപ്പുകളെ ഹൈക്കമാന്‍ഡ് (?) പ്രകോപിപ്പിച്ചിരുന്നു. ഡിസിസി അധ്യക്ഷന്‍മാരെ തീരുമാനിച്ചതോടെ അത് വലിയ രീതിയില്‍ ഉള്ള പാര്‍ശ്വവത്കരണത്തിലേക്കും നീങ്ങി. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന അന്തച്ഛിദ്രങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ ആരൊക്കെ ആയിരിക്കും ഉപയോഗപ്പെടുത്തുക എന്നതാണ് ചോദ്യം. സിപിഎം തന്നെ ആയിരിക്കും അതില്‍ മുന്നിലുണ്ടാവുക.

4

പാലക്കാട് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എവി ഗോപിനാഥ് സിപിഎമ്മിലേക്കാണെന്നാണ് സൂചനകള്‍. രാജിവച്ചുകൊണ്ട് ഗോപിനാഥ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും ഗോപിനാഥ് പാര്‍ട്ടിയ്ക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. അന്നും സിപിഎമ്മുമായി ചില ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ ആ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാണ്. സിപിഎമ്മും കോണ്‍ഗ്രസും ദേശീയ തലത്തില്‍ പലയിടത്തും സഹകരിക്കുന്നില്ലേ എന്ന ചോദ്യവും ഗോപിനാഥ് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചിരുന്നു.

5

എവി ഗോപിനാഥിന്റെ വാര്‍ത്താ സമ്മേളനത്തിന് ശേഷം സിപിഎമ്മിന്റെ പാലക്കാട് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പും ഈ ഘട്ടത്തില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. വി ഗോപിനാഥിന്റെ തീരുമാനം കാലോചിതം ആണെന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ഗോപിനാഥിന് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ്സുകാര്‍ പാര്‍ട്ടി വിടുമെന്നും സിപിഎം പറയുന്നു. കോണ്‍ഗ്രസിലെ ഈ പ്രതിസന്ധിയില്‍ പുറത്ത് ചാടാന്‍ തയ്യാറായി നില്‍ക്കുന്നവര്‍ക്കുള്ള ക്ഷണം ആയിട്ടാണ് പലരും സിപിഎം പ്രതികരണത്തെ വിലയിരുത്തുന്നത്. പലയിടങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇത്തരം ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

6

തിരുവനന്തപുരത്ത് പിഎസ് പ്രശാന്തിനെ കോണ്‍ഗ്രസ് പുറത്താക്കിയിരിക്കുകയാണ് ഇപ്പോള്‍. കെസി വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ഇക്കാര്യങ്ങള്‍ പറഞ്ഞ് രാഹുല്‍ ഗാന്ധിയ്ക്ക് കത്തയയ്ക്കുകയും ചെയ്ത ആളാണ് പ്രശാന്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്നതിന് മുമ്പ് തന്നെ പിഎസ് പ്രശാന്ത് സിപിഎമ്മുമായി ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു എന്നാണ് വാര്‍ത്തകള്‍. കോട്ടയത്ത് ഡിസിസി അധ്യക്ഷ സ്ഥാനം പ്രതീക്ഷിച്ചിരുന്ന ഫില്‍സണ്‍ മാത്യൂസും സിപിഎം കേന്ദ്രങ്ങളുമായി ആശയ വിനിമയം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

7

കേരളത്തില്‍ ഇപ്പോള്‍ സുസജ്ജമായ സംവിധാനം ആണ് സിപിഎമ്മിനുള്ളത്. 99 സീറ്റുകളുമായി അധികാരത്തില്‍ ഏറിയിട്ടും ഉണ്ട്. ഇപ്പോഴത്തെ അപ്രമാദിത്തം തുടരാന്‍ പാര്‍ട്ടിയും ,സംവിധാനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് സിപിഎമ്മും. കോണ്‍ഗ്രസിനുള്ളിലെ ഈ പ്രതിസന്ധി അക്കാര്യത്തില്‍ സിപിഎമ്മിന് ഏറെ ഗുണം ചെയ്യും. നേതാക്കള്‍ കോണ്‍ഗ്രസ് വിടും എന്നത് മാത്രമല്ല പ്രധാനം, സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ സമരങ്ങളും മറ്റും ഏറെക്കുറേ നിശ്ചലമാവുകയും ചെയ്യും. ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രതിഷേധങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ വിലപ്പോവുകയും ഇല്ല.

8

ഈ ഘട്ടത്തില്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മറുവിഭാഗം ആണ് ബിജെപി. മറ്റ് പല സംസ്ഥാനങ്ങളിലും ബിജെപി വളര്‍ന്നത് കോണ്‍ഗ്രസ് നേതാക്കളെ റാഞ്ചിയിട്ടാണെന്നത് ഒരു ചരിത്ര വസ്തുതയാണ്. കേരളത്തിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും വലിയ ഓളം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇത്തവണ, ജനപിന്തുണയുള്ള ചില രണ്ടാം നിര നേതാക്കളെ ബിജെപി ലക്ഷ്യം വച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിനുള്ളിലെ അസംതൃപ്തികളില്‍ ആടിനിന്നിരുന്ന ചിലര്‍ ബിജെപി ക്യാമ്പിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്നും സൂചനകള്‍ പുറത്ത് വരുന്നുണ്ട്.

9

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വലിയ തോതില്‍ ഫണ്ടിറക്കി പ്രചാരണം നടത്തിയിട്ടും കേരളത്തില്‍ ക്ലച്ചുപിടിച്ചില്ല എന്നത് ബിജെപിയ്ക്ക് വലിയ തിരിച്ചടി ആയിരുന്നു. ദേശീയ നേതൃത്വത്തിന് മുന്നിലും തലതാഴ്ത്തി നില്‍ക്കേണ്ട ഗതികേടില്‍ ആയി കേരളത്തിലെ ബിജെപി. അതിനിടെ കുഴല്‍പണം, തിരഞ്ഞെടുപ്പ് കോഴ തുടങ്ങിയ കേസുകളും ബിജെപിയെ വേട്ടയാടി. ഇതില്‍ നിന്നൊക്കെ ഒരു മോചനം ബിജെപിയും ആഗ്രഹിക്കുന്നുണ്ട്. അക്കാര്യങ്ങള്‍ക്കായി കോണ്‍ഗ്രസിലെ അസംതൃപ്തി ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ആകുമോ എന്നാണ് ആലോചന. എന്തായാലും ഈ വിഷയത്തില്‍ ഇതുവരെ ബിജെപി നേതാക്കളുടെ ഔദ്യോഗിക പ്രതികരണം ഒന്നും പുറത്ത് വന്നിട്ടില്ല. ജനകീയ അടിത്തറയുള്ള പുതിയ ചില നേതാക്കള്‍ വരുന്നതോടെ, സ്ഥിരം പ്രശ്‌നക്കാരായ ചിലരെ മാറ്റിനിര്‍ത്താന്‍ ആകുമെന്നും ഔദ്യോഗിക നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്.

cmsvideo
  India May Be Entering Endemic Stage Of Covid: WHO Chief Scientist | Oneindia Malayalam
  10

  കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എടുക്കേണ്ട നിലപാടുകളല്ല ഇപ്പോള്‍ കെ സുധാകരനും വിഡി സതീശനും സ്വീകരിക്കുന്നത് എന്നൊരു ആക്ഷേപം കോണ്‍ഗ്രസിലെ നിഷ്പക്ഷരും ഉന്നയിച്ചുതുടങ്ങിയിട്ടുണ്ട്. അസംതൃപ്തരേയും പ്രതികരിക്കുന്നവരേയും അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ അത് പാര്‍ട്ടിയെ വീണ്ടും ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ എന്നാണ് ഇവരുടെ വിലയിരുത്തല്‍. എന്നാല്‍ കേരളത്തിലെ നടപടികളുടെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് സമ്പൂര്‍ണ പിന്തുണയാണ് നിലവിലെ നേതൃത്വത്തിന് നല്‍കിയിട്ടുള്ളത്. അത് ദേശീയ നേതൃത്വം തെറ്റിദ്ധരിപ്പിക്കപ്പെട്ടതുകൊണ്ടാണ് എന്നൊരു ആക്ഷേപവും ഉയരുന്നുണ്ട്.

  ഉമ്മൻ ചാണ്ടി
  Know all about
  ഉമ്മൻ ചാണ്ടി
  English summary
  Crisis and Dissatisfaction in Congress: CPM to utilize the situation, BJP also looking for a breakthrough .
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X