വിനായകന്റെ വാക്കുകള്‍ എന്നെ ഞെട്ടിച്ചില്ല; ആ ചിരിയും നവ്യയുടെ ആര്‍ജവമില്ലായ്മയും- പ്രതികരിച്ച് ദീദി
കോഴിക്കോട്: ഒരുത്തീ സിനിമയുടെ പ്രചാരണാര്‍ഥം നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ നടന്‍ വിനായകന്റെ വാക്കുകള്‍ വലിയ വിവാദമായിരിക്കുകയാണ്. ഒട്ടേറെ പ്രമുഖര്‍ വിനായകന്റെ വാക്കുകള്‍ക്കെതിരെ രംഗത്തുവന്നു. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് തോന്നിയാല്‍ അത് നേരിട്ട് ചോദിക്കുകയാണ് തന്റെ രീതി എന്നായിരുന്നു വിനായകന്റെ പ്രതികരണം. ലോകം വളരെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്ത മീടു കാമ്പയിന്‍ എന്താണെന്ന് എനിക്കറിയില്ല എന്നും വിനായകന്‍ പറഞ്ഞു. പത്ത് സ്ത്രീകളുമായി സെക്‌സ് ചെയ്തിട്ടുണ്ടെന്നും എല്ലാവരോടും ഞാന്‍ അങ്ങോട്ട് ചോദിക്കുകയായിരുന്നുവെന്നും വിനായകന്‍ പറഞ്ഞു.
സംവിധായകന്‍ വികെപി, നവ്യ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു വിനായകന്റെ പ്രതികരണം. വിനായകന്റെ വാക്കുകളേക്കാന്‍ തന്നെ അലോസരപ്പെടുത്തിയത് വികെപിയുടെ ചിരിയാണെന്നായിരുന്നു സിനിമാ പ്രവര്‍ത്തക ദീദി ദാമോദരന്റെ പ്രതികരണം. നവ്യ വേണ്ടത്ര പക്വതയില്‍ പ്രതികരിക്കാനുള്ള ആര്‍ജവം കാണിക്കാത്തതും ദീദി ചൂണ്ടിക്കാട്ടി. ദീദിയുടെ വാക്കുകള്‍...

നടൻ വിനായകൻ പൊതുഇടത്തിൽ വന്ന് "മീ ടൂ " വിനെതിരെ നടത്തിയ "വെർബൽ ഡയേറിയ " കണ്ടിട്ടും എന്താ മിണ്ടാതിരിക്കുന്നത് എന്ന് ചോദിക്കുന്നു സുഹൃത്തുക്കൾ.
വിനായകന്റെ പ്രകടനം എന്നെ ഒട്ടും ഞെട്ടിച്ചില്ല. അതല്ലാതെ മറ്റെന്താണ് 1928 മുതൽ മലയാള സിനിമ ഉറക്കെ പറഞ്ഞും പറയാതെയും നടത്തി പോന്നത് ? 2017 ൽ ഒരു കലാകാരി തൊഴിലിടത്ത് വെച്ച് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഇവിടുത്തെ താരാധികാരം കഴിഞ്ഞ അഞ്ചു വർഷമായിട്ടും പറഞ്ഞു കൊണ്ടിരിക്കുന്നതും മറ്റെന്താണ്.
വിനായകനോട് മറുത്തൊരു ചോദ്യം ചോദിക്കാതെ അമർന്നിരുന്ന മാധ്യമ സുഹൃത്തുക്കളുടെ മൗനത്തോടും അവരുടെ കൂട്ടച്ചിരി പ്രസരിപ്പിച്ച ആഭാസത്തോടും എനിക്ക് പരിഭവമില്ല. താരവും മാധ്യമ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയാൽ പരസ്യ വരുമാനത്തിന്റെ ഉറവിടമായ താരാധികാരത്തിനൊപ്പം നിൽക്കുന്ന പത്ര മുതലാളിയുടെ കടിഞ്ഞാൺ ഒരു സ്ഥിരം തൊഴിൽ പോലുമല്ലാത്ത പാവം മാധ്യമ പ്രവർത്തകർക്കു മേലുണ്ട് എന്നാർക്കാണ് അറിയാത്തത്.

എന്നാൽ "ഒരുത്തീ " സിനിമയുടെ പ്രചരണാർത്ഥം നടത്തിയ പത്രസമ്മേളനത്തിൽ അതിന്റെ രാഷ്ട്രീയത്തെ റദ്ദാക്കും വിധം വിനായകൻ പറയുന്നത് കേട്ട് ഒപ്പമിരുന്ന സുഹൃത്തും സംവിധായകനുമായ വി.കെ.പി. യുടെ ചിരിയാണ് എന്നെ കൂടുതൽ അലോസരപ്പെടുത്തിയത് . വിനായകൻ കത്തിക്കയറി "മീ ടൂ" വിന്റെ തീച്ചൂളയിൽ ദഹിച്ചു കൊണ്ടിരിക്കുന്ന ലോകത്തിലെ മുഴുവൻ സ്ത്രീകളെയും ആവർത്തിച്ച് അപമാനിക്കുന്നത് കേട്ടിട്ടും "കട്ട് " എന്ന് പറയാതെ ഒപ്പം കൂട്ടിരുന്ന ആ കുറ്റകൃത്യത്തിന്റെ പങ്കാളിത്തമാണ് എന്നെ വേദനിപ്പിച്ചത്.
നവ്യ എന്ന പ്രിയ നായിക വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന "ഒരുത്തീ " ക്ക് വേണ്ടി നടത്തിയ അഭിമുഖങ്ങളിലെല്ലാം അവൾ ഉളളിൽ വഹിയ്ക്കുന്ന തീയുടെ ചൂടുണ്ടായിരുന്നു. അതിനെ അട്ടിമറിച്ചു കൊണ്ട് രസിക്കുന്ന ആണഹങ്കാരത്തിന്റെ ധാർഷ്ട്യം കത്തിയാളുമ്പോൾ നവ്യ അഭിമുഖങ്ങിൽ കാണിച്ച പക്വമായ ആർജ്ജവം കാണിക്കാത്തതിൽ ഖേദം തോന്നി. നടക്കുന്നതൊന്നും മനസ്സിലായില്ലെന്ന് നടിച്ചുള്ള ക്യാപ്റ്റൻ്റെ ആ ഇരുപ്പുകളുണ്ടല്ലോ അതാണ് മലയാള സിനിമയിലെ സംഘടനകൾ സിനിമയിലെ സ്ത്രീകളോട് ചെയ്തുപോരുന്നത്.
അത് ശരിയല്ലാ എന്ന ഉത്തമ ബോധ്യത്തിൻ മേലാണ് wcc ക്ക് കോടതി കയറേണ്ടി വന്നത്. മൗനം കൊണ്ടുള്ള അത്തരം endorsement ആ കൃത്യത്തോളം തന്നെ കുറ്റകരമാണ് .












Click it and Unblock the Notifications