മൂന്ന് ദിവസം കൊണ്ട് ഖജനാവിലെത്തിയത് 4 കോടി; പൊലീസിനും ടാര്‍ജറ്റോ? പിഴിയുന്നത് സാധാരണക്കാരെ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയെങ്കിലും പൊലീസിന്റെ പിഴ ഈടാക്കല്‍ പതിവ് പോലെ തുടരുന്നു. സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ കോടികളാണ് ഖജനാവിലെത്തിയതെന്നാണ് മനോരമ പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഓരോ സ്‌റ്റേഷനും ക്വോട്ട നല്‍കിയിരിക്കുന്നത് കാരണമാണ് പിഴയീടാക്കല്‍ നടപടിക്ക് കാരണമെന്നാണ് സൂചന. സാധാരണക്കാരാണ് പൊലീസിന്റെ പിഴയീടാക്കലിന് കൂടുതലായും ഇരയാകുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, രാഷ്ട്രീയക്കാരെ ലോക്ക് ഡൗണ്‍ ലംഘിച്ച കേസുകളില്‍ നടപടിയില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 70,000 പേരാണ് നടപടി നേരിട്ടത്. ഇതേ സമയത്ത് 20,709 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. കൊവിഡ് നിയന്ത്രണം ലംഘിച്ചെന്ന പേരിലാണ് കേസ്. 3951 പേരെയാണ് അറസ്റ്റ് ചെയ്തത്. മാസ്‌ക് ധരിക്കാത്തതിന് 45,279 പേരില്‍ നിന്ന് പിഴയീടാക്കി. എല്ലാം ചേര്‍ന്ന് ആകെ 69,000 പേരില്‍ നിന്ന് നാല് കോടിയിലേറെ രൂപയാണ് സര്‍ക്കാരിന്റെ ഖജനാവിലേക്ക് പൊലീസ് എത്തിച്ചിരിക്കുന്നത്.

സാമൂഹിക അകലം പാലിക്കാത്തെ രാഷ്ട്രീയ സമരങ്ങള്‍ പൊലീസ് കണ്ടഭാവം നടിക്കുന്നില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ തിരുവനന്തപുരത്ത് മാത്രം, ഇടത് വലത് ബിജെപി നേതാക്കളെ പ്രതിയാക്കി 55 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പ്രതികളായ രാഷ്ട്രീയ നേതാക്കളില്‍ നിന്ന് ഒരു രൂപ പോലും പിഴ ഈടാക്കിയിട്ടില്ല. കേസെടുത്ത് കോടതിക്ക് കൈമാറുകയാണ് ചെയ്തത്.

ഓരോ പൊലീസ് സ്റ്റേഷനിലും കുറഞ്ഞത് 30 കേസെങ്കിലും എടുക്കണമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരം. കൊവിഡ് കാലത്ത് ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന ഈ കാലത്ത് ജനങ്ങള്‍ക്ക് വന്‍ പിഴ ചുമത്തുന്നതിന് എതിരെ പൊലീസിന്റെ താഴെ തട്ടിലും വ്യാപക അമര്‍ഷമാണ്.

അതേസമയം, സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 7105 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 842 പേരാണ്. 2849 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 13662 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 141 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications