കസ്റ്റഡിയിലെടുത്ത കാറിന്റെ ടയര്‍ പഞ്ചര്‍; ദിലീപിന്റെ ചുവന്ന സ്വിഫ്റ്റിനെ കെട്ടിവലിച്ചുകൊണ്ടു പോകാന്‍ ശ്രമം
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ കാര്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു . ഈ കാര്‍ കെട്ടിവലിച്ച് കൊണ്ടു പോകാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട് . നിലവില്‍ ടയറുകള്‍ പഞ്ചറായി കൊണ്ടു പോകാന്‍ കഴിയാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ മഹസര്‍ തയ്യാറാക്കി മടങ്ങുകയായിരുന്നു. ആലുവയിലെ വീട്ടിലുള്ള ചുവപ്പ് സ്വിഫ്റ്റ് കാറാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത് .

കേസില്‍ ഇപ്പോള്‍ നിര്‍ണായക നീക്കമാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്. 2007 ല്‍ വാങ്ങിയ സ്വിഫ്റ്റ് കാര്‍ ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ എത്തിയാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്. ഇത് നടന്റെ ഉടമസ്ഥതയില്‍ ഉള്ള കാറാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസില്‍ തുടരന്വേഷണം ആരംഭിച്ചത് മുതല്‍ നടക്കുന്ന ആദ്യത്തെ കസ്റ്റഡിയാണിത്.

അതേസമയം, കാര്‍ കൊണ്ടു പോകാനാവാത്ത സാഹചര്യമായതിനാല്‍ മെക്കാനിക്കുമായി എത്തി കാര്‍ കെട്ടിവലിച്ച് കൊണ്ടു പോകാനാണ് ശ്രമം നടന്നത്. കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ ദിലീപിനോട് ചോദിച്ചപ്പോള്‍ വര്‍ക്ക് ഷോപ്പില്‍ ആണെന്നായിരുന്നു മറുപടി പറഞ്ഞത്.

2016 ല്‍ കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനി വീട്ടിലെത്തി പണം വാങ്ങി മടങ്ങിയത് ഈ കാറിലാണെന്നും സംവിധായകന്‍ പി ബാലചന്ദ്രകുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും അന്ന് കാറിലുണ്ടായിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കാര്‍ പൊലീസ് ഇപ്പോള്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

കേസില്‍ ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കാനുള്ള ഏറ്റവും നിര്‍ണായക തെളിവായിട്ടാണ് ഈ കാറിനെ കണക്കാക്കുന്നത്. നേരത്തേ നടി ആക്രമിക്കപ്പെട്ട കേസിന് മുന്‍പ് താന്‍ ദിലീപിന്റെ വീട്ടില്‍ എത്തിയപ്പോള്‍ പള്‍സര്‍ സുനി അവിടെ ഉണ്ടായിരുന്നതായി ബാലചന്ദ്രകുമാര്‍ പോലീസിനോട് പറഞ്ഞിരുന്നു.

കൂടാതെ പള്‍സര്‍ സുനിയോട് സംവിധായകന്‍ ബാലചന്ദ്ര കുമാറിനൊപ്പം ഭക്ഷണം വാങ്ങി കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതായും ഇതിന് വേണ്ടി സുനിക്ക് പണം നല്‍കിയെന്നുമാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. സുനിയെ പിന്നീട് പറവൂരില്‍ ഇറക്കിവിട്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കാറില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും ഉണ്ടായിരുന്നതായി ബാലചന്ദ്രകുമാര്‍ പറയുന്നു.

അതേസമയം, പള്‍സര്‍ സുനി ജയിലില്‍ നിന്നയച്ച കത്തിന്റെ ഒര്‍ജിനലും അന്വേഷണ സംഘം ഇന്ന് കണ്ടെത്തിയിരുന്നു. ദിലീപും സുനിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ആ കത്ത്. കത്തിന്റെ ആധികാരികത പരിശോധിക്കാന്‍ സുനിയുടെ കയ്യക്ഷരത്തിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഇത് ഉടന്‍ പരിശോധനയ്ക്ക് അയക്കും. സുനിയുടെ സഹതടവുകാരനായ കുന്ദംകുളം സ്വദേശിയുടെ വീട്ടില്‍ നിന്നാണ് കത്ത് കണ്ടെടുത്തത്.

എല്ലാവരെയും വിലക്കെടുത്താലും കോടതി വെറുതെ വിട്ടാലും സത്യം അറിയുന്നവര്‍ എന്നും മൂടിവയ്ക്കും എന്ന് കരുതരുതെന്ന് കത്തില്‍ പറയുന്നുണ്ട്. കൂടാതെ എല്ലാ തെറ്റിനും കോടതിയില്‍ മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങിക്കൊള്ളാമെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്. കൂടാതെ നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഗൂഡാലോചന നടത്തുമ്പോള്‍ നടന്‍ സിദ്ദിഖും അടുത്തുണ്ടായിരുന്നെന്നായിരുന്നു കത്തിലെ ഒരു ആരോപണം. കേസില്‍ നടി മഞ്ജു വാര്യരെയും സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയും ഉള്‍പ്പെടുത്താന്‍ ദിലീപ് ശ്രമിച്ചതായുള്ള ആരോപണങ്ങളും കത്തില്‍ ഉണ്ട്. 2018 മെയ് 7 നായിരുന്നു സുനി ജയിലില്‍ നിന്ന് കത്ത് എഴുതിയത്.












Click it and Unblock the Notifications