Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെതിരെ പറയുന്നത് കാണാപാഠമല്ല, ഒരിടത്തും മാറില്ല, മായാതെ കിടപ്പുണ്ടെന്ന് ബാലചന്ദ്രകുമാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധശ്രമത്തെ കുറിച്ച് എന്തുകൊണ്ട് പുറത്തുപറയാന്‍ വൈകിയെന്ന് കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. ഈ വിഷയത്തില്‍ അദ്ദേഹം ഇപ്പോള്‍ കൂടുതല്‍ വ്യക്തത വരുത്തുകയാണ്. ഞാന്‍ എത്ര കാലമെടുത്തോ എന്നല്ല അതില്‍ സത്യമുണ്ടോ എന്നാണ് കോടതി പരിശോധിക്കേണ്ടതെന്ന് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.

ന്യൂസ് ഗ്ലോബ് ടിവിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇത്തരമൊരു കേസില്‍ വെളിപ്പെടുത്തല്‍ നടത്തുന്ന ആദ്യത്തെ വ്യക്തിയല്ല താനെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നക്‌സല്‍ വര്‍ഗീസ് കേസിലും അഭയ കേസിലും ഇത്തരത്തില്‍ വെളിപ്പെടുത്തലുണ്ടായിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

1

കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഞാന്‍ എന്തുകൊണ്ടാണ് വെളിപ്പെടുത്തല്‍ വൈകിപ്പിച്ചതെന്ന് പറയുന്നുണ്ട്. ചില കാര്യങ്ങള്‍ നമ്മള്‍ പറയുമ്പോള്‍ വൈകിയേക്കാം. ഇത് ഓരോരുത്തര്‍ക്കും ഓരോ സാഹചര്യമുണ്ടാകും. അഭയ കേസില്‍ കള്ളനായ അടയ്ക്കാ രാജു 25 വര്‍ഷത്തിന് ശേഷമാണ് വെളിപ്പെടുത്തല്‍ നടത്തുന്നത്. അതും കള്ളനായിരുന്നു എന്ന് ആലോചിക്കണം. എന്നിട്ടും കോടതി ആ മൊഴി സ്വീകരിച്ചു. നക്‌സല്‍ വര്‍ഗീസ് കേസില്‍ രാമചന്ദ്രന്‍ നായര്‍ വെളിപ്പെടുത്തല്‍ നടത്തുന്നതും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ഇവരൊക്കെ വര്‍ഷങ്ങള്‍ കഴിഞ്ഞ് എന്തുകൊണ്ട് പറഞ്ഞു എന്ന് ഇവരോട് ചോദിക്കാന്‍ പറ്റുമോ? സത്യം എത്ര കാലം കഴിഞ്ഞ് പറഞ്ഞാലും അത് സത്യം തന്നെയാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

2

ഞാന്‍ പുറത്തുപറഞ്ഞത് വൈകിപോയോ, അതോ കുറഞ്ഞ് പോയോ എന്നെല്ലാം ചിന്തിച്ചിട്ടുണ്ട്. എല്ലാം സത്യമായിരുന്നു എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. സത്യത്തിന് ഒരു മുഖം മാത്രമാണ് ഉണ്ടാവുക. പറയുന്നത് സത്യമാണെങ്കില്‍ എന്നും ഒരു കാര്യമാണ് പറയാനുണ്ടാവുക. പലയിടത്തും പല കാര്യങ്ങള്‍ ഒരിക്കലും പറയില്ല. സത്യമായത് കൊണ്ടാണ് എല്ലായിടത്തും ഒരേ കാര്യങ്ങള്‍ ആവര്‍ത്തിക്കേണ്ടി വരുന്നത്. തന്നോട് ചിലര്‍ കാണാപാഠം പഠിച്ചിട്ടാണോ ഇതെല്ലാം പറയുന്നതെന്ന് ചോദിച്ചിട്ടുണ്ട്. 2017 നവംബര്‍ 15ാം തിയതി നടന്ന കാര്യം എനിക്ക് പിന്നെ മാറ്റിപറയാനാവുമോ? രണ്ടാം തവണ പറയുമ്പോള്‍ തിയതിയും വര്‍ഷവുമൊക്കെ മാറ്റി പറയാന്‍ സാധിക്കുമോയെന്നും ബാലചന്ദ്രകുമാര്‍ ചോദിക്കുന്നു.

3

ഇതേ പോലെ ഇതിന് മുമ്പും എന്നെ പോലെ മനസ്സില്‍ കുറ്റംബോധം തോന്നി വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ബാഹ്യമായ ഒരുപാട് ഘടകങ്ങള്‍ എന്നെയും സ്വാധീനിച്ചിട്ടുണ്ട്. അത് എന്താണെന്ന് പറഞ്ഞിട്ടുണ്ട്. പള്‍സര്‍ സുനിയോട് ഈ ക്വട്ടേഷന്‍ നേരത്തെ ചെയ്തില്ല എന്ന് ചോദിക്കാന്‍ പറ്റുമോ? അതുപോലെ തന്നെ നമ്മളെയും സ്വാധീനിച്ച ഘടകങ്ങള്‍ ഉണ്ടാവും. ചില കാര്യങ്ങള്‍ അങ്ങനെയാണ്. നമ്മള്‍ എത്ര മൂടിവെക്കാന്‍ ശ്രമിച്ചാലും സത്യം പുറത്തുവരും. അതിനുള്ള സാഹചര്യങ്ങള്‍ അങ്ങനെ ഉണ്ടായി വരും. എനിക്ക് അത് തുറന്ന് പറയാനുള്ള സാഹചര്യം മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ദിലീപും സംഘവും ആ സമയങ്ങളില്‍ തന്നെ ഗൂഢാലോചന നടത്തുന്നുണ്ടായിരുന്നു.

4

എന്നെ കാണുന്നതിനും മുമ്പും ദിലീപും സംഘവും ഈ പറഞ്ഞ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടാവാം. അവര്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ പദ്ധതിയിട്ടുണ്ടാവാം. എന്നെ കണ്ടത് കൊണ്ട് മാത്രമാണ് അക്കാര്യം പറഞ്ഞത്. എല്ലാം പ്ലാന്‍ ചെയ്തായിട്ടായിരിക്കും അവര്‍ ഈ വധശ്രമത്തിന് അടക്കം മുതിര്‍ന്നിട്ടുണ്ടാവും. ചിലപ്പോള്‍ അതിനുള്ള സാഹചര്യം കിട്ടാത്തത് കൊണ്ട് അത് നടക്കാതെ പോയതാവാമെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. ചില സത്യങ്ങള്‍ മൂടിവെച്ചാലും അത് പുറത്തുവന്നേക്കാം. ചിലപ്പോള്‍ ഞാന്‍ ഈ വെളിപ്പെടുത്തല്‍ നടത്തുന്നത് വൈകുമായിരുന്നു. നേരത്തെ വെളിപ്പെടുത്തണമെന്നും കരുതിയിരുന്നു. എന്നാല്‍ ഇടയ്ക്ക് കൊവിഡ് ബാധിതനായി മരണത്തില്‍ രക്ഷപ്പെട്ടാണ് താന്‍ വന്നതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

5

ഞാന്‍ മുമ്പ് നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണം നടക്കാത്തത് കൊണ്ടാണ് എനിക്ക് ചാനലിനെ സമീപിക്കേണ്ടി വന്നത്. മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കിയിരുന്നു. പരാതി നല്‍കിയിട്ടും കാര്യമായ ഫലമില്ലാതെ വന്നപ്പോഴാണ് ഇതൊക്കെ ചെയ്യേണ്ടി വന്നത്. ദിലീപിനോടുള്ള ഭയം ഇക്കാലയളവില്‍ വര്‍ധിച്ചിരുന്നു. പരാതിയില്‍ കാര്യമായി നീക്കങ്ങളൊന്നും ഇല്ലാത്തത് കൊണ്ടായിരുന്നു. അവിടുന്നും ഒരു മാസം കഴിഞ്ഞാണ് ഈ വിവരങ്ങളുമായി ചാനലുകളെ കണ്ടതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ഇത്തരത്തില്‍ നിരവധി കാരണങ്ങളുണ്ട്. ഞാന്‍ പരാതി പറഞ്ഞപ്പോഴെല്ലാം പലരും അത് ദിലീപിനെ അറിയിക്കാനാണ് ശ്രമിച്ചത്. പോലീസ് റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്ന് ഇത് കണ്ടാണ് തന്നെ പോലീസ് വിളിച്ചതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

6

അന്വേഷണ ഉദ്യോഗസ്ഥരുടെ മേല്‍ ദിലീപ് ദിവസവും ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. ഇവര്‍ക്ക് തന്നോട് പകയുണ്ടെന്നാണ് പറയുന്നത്. ഏതൊരു ആരോപണ വിധേയനും ഉന്നയിക്കുന്ന കാര്യമാണിത്. നിരന്തരം ആരോപണങ്ങള്‍ വരുന്നത് കൊണ്ട് ഹൈക്കോടതി ചോദിച്ചതാവാം ഇത് സിബിഐ കൊടുക്കാവുന്ന കേസല്ലേ എന്ന്. ദിലീപ് നേരത്തെ മുഖ്യമന്ത്രി നല്‍കിയ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ പുതിയ അന്വേഷണത്തില്‍ തെളിവുകള്‍ വന്നതോടെ ദിലീപ് ആകെ വിരണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് തന്നെ മനസ്സിലായി അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്ന്. അപ്പോള്‍ താന്‍ കുടുങ്ങാം എന്ന ആശങ്കയില്‍ നിന്നാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

7

നടിയെ ആക്രമിച്ച കേസിലെ ടീമല്ല വധഗൂഢാലോചന കേസ് അന്വേഷിക്കുന്നത്. ബൈജു പൗലോസാണ് ഈ കേസ് അന്വേഷിക്കുന്നത് എന്നാണ് ദിലീപ് അടക്കമുള്ളവര്‍ പറഞ്ഞ് പരത്തുന്നത്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. രണ്ടും രണ്ട് ടീമുകളാണ്. ഇവര്‍ക്കെതിരെ ഒരു കാര്യവുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ദിലീപ്. തുടര്‍ച്ചയായി ആരോപണങ്ങള്‍ വന്നത് കൊണ്ട് അധികം ഗൗരവത്തോടെയല്ലാതെ കോടതി ചോദിച്ച ചോദ്യങ്ങളാണിത്. അല്ലാതെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നല്ല പറഞ്ഞത്. സിബിഐ അന്വേഷിച്ചാലേ ഈ കേസ് സത്യസന്ധമായി പുറത്തുവരൂ എന്ന് പറയുന്നത് തെറ്റാണ്. ഇപ്പോള്‍ അന്വേഷിക്കുന്ന ടീം വളരെ മികച്ചതാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+