ദിലീപ് കേസ്: 'പ്രോസിക്യൂഷന്റെ ആവശ്യം നടക്കില്ല', കൃത്യമായ നിർദ്ദേശമുണ്ടെന്ന് കോടതി
കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടി ആക്രമണക്കേസിലെ വിചാരണ വൈകിപ്പിക്കാനാവില്ലെന്ന് വിചാരണക്കോടതി. ഹൈക്കോടതിയില്‍ അതിജീവിത നല്‍കിയ ഹർജിയില്‍ വിധി വരുന്നത് വരെ വിചാരണ നീട്ടിവെക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു കോടതി.
കേസ്, എറണാകുളം സ്പെഷ്യൽ അഡീഷണല്‍ കോടതിയില്‍ നിന്നും വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയായിരുന്നു അതീജീവിത ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ വിചാരണക്കോടതി തയ്യാറായില്ല.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്‌ച കേസ് പരിഗണിച്ചപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി അജകുമാറായിരുന്നു വിചാരണ നീട്ടിവെക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. എന്നാൽ അടുത്ത ജനുവരി 31നകം വിചാരണ പൂർത്തിയാക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ളതിനാൽ വിചാരണ നീട്ടിക്കൊണ്ടു പോവാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

സെപ്തംബർ അഞ്ചു മുതൽ നാലാഴ്ച പിന്നിടുമ്പോൾ വിചാരണയുടെ പുരോഗതി വ്യക്തമാക്കി റിപ്പോർട്ട് നൽകാനും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുള്ള കാര്യവും കോടതി പ്രോസിക്യൂഷന് മുന്നില്‍ ചൂണ്ടിക്കാണിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ കേസിന്റെ വിചാരണ ഒരു തരത്തിലും നീട്ടിക്കൊണ്ടുവരാന്‍ സാധിക്കുന്ന കാര്യമല്ലെന്നും വിചാരണ കോടതി ജഡ്ജി ഹണി എം വർഗ്ഗീസ പറഞ്ഞു.

എന്നാല്‍ കേസിന്റെ വിചാരണ എന്ന് പുനരാരംഭിക്കും എന്നുള്ള കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ദിലീപിന്റെ മുന്‍സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെയും പുറത്തുവിട്ട തെളിവുകളുടേയും നടത്തിയ തുടരന്വേഷണത്തിന്റെ റിപ്പോർട്ടിന്മേൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുന്നതടക്കമുള്ള കാര്യങ്ങളും കോടതി ഇന്നു പരിഗണിക്കും

പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് പ്രതികള്‍ക്ക് നല്‍കിയിട്ടുണ്ട്. പുറമെ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെയാണ് അധികമായി പ്രതിപ്പട്ടികയില്‍ ചേർത്തിരിക്കുന്നത്. തുടരന്വേഷണത്തെ തുടർന്ന് തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് ദിലീപിനും ശരത്തിനുമെതിരെ സമർപ്പിച്ചിരിക്കുന്നത്.

ശരത്തിനെ ഹാജരാക്കുന്നത് സംബന്ധിച്ച വാദവും ഇന്ന് ആരംഭിക്കും. കേസിൽ ജാമ്യം തേടി പൾസർ സുനി നൽകിയ അപേക്ഷയും ഇന്ന് കോടതി പരിഗണിച്ചേക്കും. അതേസമയം, കോടതി മാറ്റത്തിനെതിരെ അതിജീവിത സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. ഹർജി ജസ്റ്റിസ് സിയാദ് റഹ്മാന്‍ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞയാഴ്ച പരിഗണിച്ചെങ്കിലും രഹസ്യ വിചാരണയായതിനാല്‍ ഇത് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല

അതേസമയം, നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം സമയം കൂടിയാണ് സുപ്രീംകോടതി അനുവദിച്ചിരിക്കുന്നത്. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി ജഡ്‍ജി ഹണി എം.വർഗീസ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ സമയബന്ധിതമായി പൂർത്തിക്കാൻ എല്ലാവരും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.












Click it and Unblock the Notifications