ദിലീപിന് കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്, വാട്സ്ആപ്പ് ചാറ്റടക്കം വീണ്ടെടുത്തു, 'പുറത്ത് പോകാൻ പാടില്ലാത്തവ'
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നതിന് മുന്‍പായാണ് ചില നിര്‍ണായക വിവരങ്ങള്‍ കൂടി കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്.
ദിലീപ് ഫോണുകളില്‍ നിന്നും ചാറ്റുകള്‍ അടക്കം ഡിലീറ്റ് ചെയ്തതായാണ് അന്വേഷണ സംഘം ആരോപിക്കുന്നത്. ഈ ചാറ്റുകളില്‍ ചിലത് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ..

ദിലീപ് അടക്കമുളള പ്രതികളുടെ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ പറഞ്ഞതിന് പിന്നാലെ ചില ഡാറ്റകള്‍ നശിപ്പിക്കപ്പെട്ടതായാണ് പോലീസിന്റെ കണ്ടെത്തല്‍. മുംബൈയിലെ ലാബില്‍ എത്തിച്ചും സൈബര്‍ വിദഗ്ധനായ സായ് ശങ്കറിന്റെ സഹായത്തോടെയുമാണ് വിവരങ്ങള്‍ ഫോണുകളില്‍ നിന്ന് നീക്കം ചെയ്തത് എന്നും പോലീസ് ആരോപിക്കുന്നു. കോടതി രേഖകള്‍ അടക്കം ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന.

2022 ജനുവരി 29 മുതല്‍ 31 വരെയുളള തിയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തത് എന്നാണ് കണ്ടെത്തല്‍. ഇക്കാര്യങ്ങള്‍ സായ് ശങ്കര്‍ പോലീസിന് മൊഴി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. കേസുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട കോടതി രേഖകള്‍ വാട്‌സ്ആപ്പ് വഴി ദിലീപിന്റെ ഫോണില്‍ എത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഫോറന്‍സിക് പരിശോധനയിലൂടെ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ആരാണ് ഈ കോടതി രേഖകള്‍ ദിലീപിന് വാട്‌സ്ആപ്പിലേക്ക് അയച്ച് നല്‍കിയത് എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഒരിക്കലും പുറത്ത് പോകാന്‍ പാടില്ലാത്ത രേഖകള്‍ ആണെന്നും തിരിച്ച് എടുക്കാന്‍ സാധിക്കാത്ത തരത്തില്‍ നശിപ്പിക്കമം എന്നും അഭിഭാഷകന്‍ പറഞ്ഞതായി സായ് ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്..

ദിലീപിന്റെ രണ്ട് ഫോണില്‍ നിന്നാണ് വിവരങ്ങള്‍ മാറ്റിയതെന്ന് സായ് ശങ്കര്‍ പറഞ്ഞതായാണ് വിവരം. അഭിഭാഷകരുടെ സാന്നിധ്യത്തില്‍ ആയിരുന്നു അത്. മാത്രമല്ല ദിലീപും അവിടെ ഉണ്ടായിരുന്നതായും സായ് ശങ്കറിന്റെ മൊഴിയിലുണ്ട്. രണ്ട് ഫോണുകളില്‍ ഒന്നില്‍ ആയിരുന്നു കോടതി രേഖകള്‍. ഫോണില്‍ നിന്നുളള വിവരങ്ങള്‍ ദിലീപ് അറിയാതെ താന്‍ കോപി ചെയ്ത് വെച്ചതായും സായ് ശങ്കര്‍ മൊഴി നല്‍കി.

ഈ വിവരങ്ങള്‍ സായ് ശങ്കറില്‍ നിന്നും കണ്ടെടുക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടുണ്ട് എന്നാണ് വിവരം. സായ് ശങ്കറിന്റെ കോഴിക്കോട്ടുളള വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ദിലീപിന്റെ ചില വാട്‌സ്ആപ്പ് ചാറ്റുകളും കോടതി രേഖകളും അടക്കം സായ് ശങ്കറിന്റെ ലാപ് ടോപില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. സാക്ഷി മൊഴികള്‍ അടക്കം ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന.

ഇത് കൂടാതെയും മറ്റ് ചില രേഖകള്‍ സായ് ശങ്കറിന്റെ പക്കലുളളതായി അന്വേഷണ സംഘം സംശയിക്കുന്നു. എന്നാല്‍ സായ് ശങ്കര്‍ ഒളിവില്‍ പോയതിനാല്‍ ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. അതേസമയം അന്വേഷണ സംഘം ദിലീപിനെ നാളെ വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ഫോണുകളുടെ ഫോറന്‍സിക് പരിശോധനയില്‍ ലഭിച്ച വിവരങ്ങളുടെയടക്കം അടിസ്ഥാനത്തില്‍ വിശദമായിട്ടായിരിക്കും ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക.












Click it and Unblock the Notifications