ദിലീപിന്റെ ബന്ധുക്കള്‍ ഹാജരാവില്ല, സ്ഥലത്തില്ലെന്ന് അഭിഭാഷകന്‍, കാവ്യയുടെ കാര്യത്തിലും അനിശ്ചിതത്വം
കൊച്ചി: വധഗൂഢാലോചന കേസില്‍ നടന്‍ ദീലിപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാവില്ല. കാവ്യയുടെ കാര്യവും അങ്ങനെ തന്നെയാണ്. ഇന്ന് കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം പോലീസ് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇനിയും ഒരുപാട് പേരെ ചോദ്യം ചെയ്യാനും, പല കാര്യങ്ങളും അന്വേഷിക്കാനുണ്ടെന്നും വ്യക്തമാണ്.
അതേസമയം കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിരിക്കുകയാണ്. പുറത്തുവന്ന ശബ്ദസാമ്പിളുകളുമായി ബന്ധപ്പെട്ട് നിര്‍ണായക ചോദ്യങ്ങളാണ് കാവ്യയോട് ചോദിക്കാനുള്ളത്.

ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവും സുരാജും സ്ഥലത്തില്ലെന്ന് അഭിഭാഷകന്‍ മുഖേന ഇന്നലെ തന്നെ ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു. അനൂപിന്റെയും സുരാജിന്റെയും വീടിന് മുന്നില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇന്നലെ നോട്ടീസ് പതിപ്പിച്ചിരുന്നു. പല തവണ വിളിച്ചിട്ടും ഇരുവരും ഫോണെടുത്തില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പരയുന്നത്. ഇന്ന് പോലീസ് ക്ലബില്‍ ചോദ്യം ചെയ്യലിന് ഹാജരാവാനായിരുന്നു ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ സ്ഥലത്തില്ലെന്ന് അഭിഭാഷകര്‍ മുഖേന അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ഇവരുടെ ചോദ്യം ചെയ്യല്‍ ഇനി എന്നാണ് നടക്കുകയെന്ന് വ്യക്തമല്ല.

അതേസമയം കാവ്യാ മാധവന്റെ ചോദ്യം ചെയ്യല്‍ എപ്പോള്‍ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. മൊഴിയെടുക്കല്‍ ഇന്നുണ്ടാകില്ലെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. ആലുവയിലെ പദ്മസരോവരം വീട്ടില്‍ വെച്ച് മൊഴിയെടുക്കണമെന്നാണ് കാവ്യാ മാധവന്റെ നിലപാട്. പ്രൊജക്ടര്‍ ഉപയോഗിച്ച് ചില വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചും ചില സംഭാഷണങ്ങള്‍ കേള്‍പ്പിച്ചുമാണ് കാവ്യയെ ചോദ്യം ചെയ്യേണ്ടത്. ഇതിന് പറ്റിയ ഇടമല്ല പദ്മ സരോവരം എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാനും ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.

സാക്ഷിയെന്ന നിലയില്‍ എവിടെ ചോദ്യം ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നാണ് കാവ്യയുടെ നിലപാട്. പദ്മസരോവരം വീട്ടില്‍ ചോദ്യം ചെയ്താല്‍ സഹകരിക്കാമെന്നും കാവ്യ അറിയിച്ചിട്ടുണ്ട്. തീരുമാനമെടുക്കാന്‍ എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. അതേസമയം വീട്ടില്‍വെച്ച് ചോദ്യം ചെയ്യാനാകില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. കാവ്യക്ക് സൗകര്യപ്രദമായ സ്ഥലം പറയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താമസ സ്ഥലമോ സൗകര്യപ്രദമായ സ്ഥലത്തോ ചോദ്യം ചെയ്യാമെന്നാണ് ചട്ടമെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത് എന്ന് മാത്രമേയുള്ളൂ നിയമത്തില്‍. ചോദ്യം ചെയ്യല്‍ കാവ്യയുടെ വെണ്ണലയിലെ ഫ്‌ളാറ്റിലാവാന്‍ സാധ്യതയുണ്ട്.

സാക്ഷിയെന്ന നിലയില്‍ മൊഴിയെടുക്കാന്‍ സിആര്‍പിസി 160 ചട്ടപ്രകാരമാണ് കാവ്യക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇപ്രകാരം നോട്ടീസ് നല്‍കിയാല്‍ വിളിച്ച് വരുത്താനാകില്ല. സ്ത്രീയെന്ന നിലയില്‍ അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ചെന്ന് പോലീസ് മൊഴി രേഖപ്പെടുത്തണം. എവിടെ വെച്ചാണ് ചോദ്യം ചെയ്യേണ്ടതെന്ന് തിരഞ്ഞെടുക്കാന്‍ സാക്ഷിക്ക് അവകാശമുണ്ട്. മഞ്ജു വാര്യറില്‍ നിന്ന് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍വെച്ച് മൊഴിയെടുത്തത് ഇത്തരത്തിലാണ്. കാവ്യക്ക് ഈ ആനുകൂല്യം നല്‍കാനാവില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. കാവ്യയെ പ്രതിയാക്കാനുള്ള സാധ്യതയാണ് അഭിഭാഷകര്‍ കാണുന്നത്. അതിനാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്.

ഒരുതവണ കാവ്യയെ ചോദ്യം ചെയ്തതിന് ശേഷം ഹര്‍ജി നല്‍കിയാല്‍ മതിയെന്ന വിലയിരുത്തലിലാണ് അഭിഭാഷകര്‍. പോലീസ് ക്ലബില്‍ വെച്ച് ചോദ്യം ചെയ്യാന്‍ സമ്മതമില്ലെങ്കില്‍ വീട്ടില്‍ അല്ലാതെ മറ്റൊരിടത്ത് വെച്ച് ചോദ്യം ചെയ്യുന്നത് പോലീസിന്റെ പരിഗണനയിലുണ്ട്. സാധാരണ ജാമ്യം കിട്ടാത്ത വകുപ്പുകളുള്ള കുറ്റമാണെങ്കില്‍ നോട്ടീസ് നല്‍കി വിളിച്ച് വരുത്തുകയാണ് ചെയ്യുന്നത്. നേരത്തെ ആക്രമിക്കപ്പെട്ട നടി, ദിലീപ്, മഞ്ജു വാര്യര്‍ എന്നിവര്‍ക്കിടയില്‍ സാമ്പത്തിക-റിയല്‍ എസ്റ്റേറ്റ് ബിസിനസുകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. തുടരന്വേഷണത്തില്‍ ഇത്തരത്തിലുള്ള ചില സൂചനകള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു ഇത്. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കാവ്യയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാല്‍ നിരവധി കാര്യങ്ങള്‍ അറിയാനാവുമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം.












Click it and Unblock the Notifications