മക്കളെ പിടിച്ച് ദിലീപ് സത്യം ചെയ്തു... വെളിപ്പെടുത്തി സലീം കുമാര്‍; വിശ്വാസം ശരിയോ തെറ്റോ ആകാം
കൊച്ചി: ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി നടന്‍ സലീം കുമാര്‍. ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടമെന്ന് സലീം കുമാര്‍ പറഞ്ഞു. ഒരു തവണ നേരിട്ട് ഞാന്‍ ദിലീപിനോട് ഇക്കാര്യം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സലീം കുമാര്‍.
ദിലീപിനൊപ്പം ഒട്ടേറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച നടനാണ് സലീം കുമാര്‍. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. അതുകൊണ്ടുതന്നെയാണ് സലീം കുമാറിന്റെ പ്രതികരണം ഏറെ ചര്‍ച്ചയാകുന്നതും. പല വിഷയങ്ങളിലും ശ്രദ്ധേയമായ നിലപാടുകള്‍ സ്വീകരിക്കുന്ന വ്യക്തിയാണ് സലീം കുമാര്‍. ബോഡി ഷെയിമിങിനെതിരെയും അദ്ദേഹം രംഗത്തുവന്നിരുന്നു.

മുമ്പ് ദിലീപിനെ പിന്തുണച്ച് സംസാരിച്ചിരുന്നില്ലേ എന്ന ചോദ്യത്തിനാണ് സലീം കുമാര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്. ദിലീപ് ചെയ്തതെല്ലാം ശരിയാണ് എന്ന് ഞാന്‍ ഇതുവരെ എവിടെയും പറഞ്ഞിട്ടില്ലെന്ന് സലീം കുമാര്‍ മറുപടി നല്‍കി. ദിലീപിന്റെ കാര്യത്തില്‍ വിധി പറയാന്‍ സാധിക്കുന്നവരല്ല നമ്മള്‍ എന്നാണ് ഞാന്‍ പറഞ്ഞത്. മാധ്യമങ്ങള്‍ക്കോ ജനങ്ങള്‍ക്കോ അതിന് സാധിക്കില്ല. കോടതിയാണ് വിധി പ്രസ്താവിക്കേണ്ടതെന്നും സലീം കുമാര്‍ പറഞ്ഞു.
ദിലീപിനോട് സംഭവം ഞാന്‍ സംസാരിച്ചിരുന്നു. കേസില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന് നേരിട്ട് ചോദിച്ചിരുന്നു. ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് ദിലീപ് പറഞ്ഞത്. എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കുമോ എന്നും ദിലീപ് തിരിച്ചുചോദിച്ചു. മക്കളെ പിടിച്ച് സത്യം, ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. എന്റെ വിശ്വാസം ശരിയോ തെറ്റോ ആകാമെന്നും സലിം കുമാര്‍ പറഞ്ഞു.
സിനിമാ രംഗത്ത് നിന്ന് ദിലീപിനെ പിന്തുണച്ച് നിരവധി താരങ്ങള്‍ രംഗത്തുവന്നിരുന്നു. നടിയെ പിന്തുണച്ചും പലരുമെത്തി. ഈ സംഭവത്തിന് ശേഷമാണ് സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി രൂപംകൊണ്ടത്. ഇവര്‍ നടിക്ക് പിന്നില്‍ അണിനിരന്നു. അതേസമയം, കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. രഹസ്യ വിചാരണയാണ് കൊച്ചിയിലെ കോടതിയില്‍ നടക്കുന്നത്.
നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസില്‍ ആദ്യം ജാമ്യത്തിലിറങ്ങിയതും ദിലീപാണ്. പിന്നീട് മറ്റു പ്രതികള്‍ ഘട്ടങ്ങളായി പുറത്തിറങ്ങി. പള്‍സര്‍ സുനി എന്ന പ്രധാന പ്രതി മാത്രമാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. ഇയാളുടെ ജാമ്യാപേക്ഷ അടുത്തിടെ സുപ്രീംകോടതി തള്ളിയിരുന്നു. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണവും ദിലീപിനെതിരെയുണ്ട്.
കേസ് അന്വേഷിക്കുന്ന സംഘത്തിനെതിരെ ദിലീപ് നീക്കം നടത്തിയെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനിയും കൂട്ടുപ്രതികളും വാഹനം തടഞ്ഞ് ലൈംഗികമായി ആക്രമിച്ചു എന്നാണ് പരാതി.












Click it and Unblock the Notifications