ഇനി ഒന്നും രഹസ്യമാക്കേണ്ട.. നടിയെ ആക്രമിച്ച കേസ് തുറന്ന കോടതിയിലേക്ക്? നീക്കവുമായി അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വാദം തുറന്ന കോടതിയില്‍ വേണമെന്ന ആവശ്യവുമായി അതിജീവിത. കേസിലെ അന്തിമവാദം ഇന്നലെ ആരംഭിച്ചതിന് പിന്നാലെയാണ് നടി വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
വിചാരണയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്ന് ഹര്‍ജിയില്‍ അതിജീവിത വ്യക്തമാക്കുന്നു. വിചാരണയുമായി ബന്ധപ്പെട്ട് തെറ്റായ ചില പ്രചാരണങ്ങള്‍ തനിക്കെതിരെ നടക്കുന്നുണ്ട്. കേസ് അന്തിമഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ ഇനി തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമില്ലെന്നും വിചാരണയുടെ യഥാര്‍ത്ഥ വിവരങ്ങള്‍ പുറത്ത് വരണമെന്നാണ് കരുതുന്നതെന്നും അതിജീവിതയുടെ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അടച്ചിട്ട കോടതിമുറിയിലാണ് കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുന്നത്. സുപ്രീംകോടതി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണിത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചാല്‍ അന്തിമവാദം തുറന്ന കോടതിയിലേക്ക് മാറ്റും. രഹസ്യവിചാരണയ്ക്കിടെ തനിക്ക് വേദനിപ്പിക്കുന്ന സാഹചര്യങ്ങളിലൂടെ കടന്ന് പോകേണ്ടി വന്നതായി നേരത്തെ അതിജീവിത ആരോപിച്ചിരുന്നു.
കേസിലെ സാക്ഷിവിസ്താരം ഒരു മാസം മുന്‍പ് ആണ് പൂര്‍ത്തിയായത്. ഇനി ബാക്കിയുളളത് പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിലുളള വാദപ്രതിവാദങ്ങളാണ്. അതിനിടെ കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചതിനെതിരെ അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് നീതി തേടി രാഷ്ട്രപതിയെ സമീപിക്കുന്നതെന്നാണ് നടി വ്യക്തമാക്കുന്നത്.
പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് മൂന്ന് തവണ തുറന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതില്‍ ഉത്തരവാദപ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്നാണ് അതിജീവിത ആരോപിക്കുന്നത്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം എന്ന അതിജീവിതയുടെ ഹര്‍ജി കോടതി നിരസിച്ചിരുന്നു. അതിനിടെ കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിനെതിരെ പോലീസ് കള്ളത്തെളിവുകളുണ്ടാക്കി എന്നുളള മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ആരോപണത്തിന് എതിരെ അതിജീവിത കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications