നടിയെ ആക്രമിച്ച കേസിലെ കോടതി മാറി, വിചാരണ ജഡ്ജി മാറിയില്ല? കാരണം ഇത്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ സി ബി ഐ-3 പ്രത്യേക കോടതിയില്‍ നിന്ന് എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയിലേക്ക് മാറ്റും. എന്നാല്‍, കേസ് പരിഗണിക്കുന്ന ജഡ്ജിയില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. തിങ്കളാഴ്ചയാണ് കേരള ഹൈക്കോടതി ഇത് സംബന്ധിച്ച സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.
തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി-1 കെ കെ ബാലകൃഷ്ണനെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. എറണാകുളം സ്‌പെഷ്യല്‍ ജഡ്ജി സി ബി ഐ-3 ആയാണ് കെ കെ ബാലകൃഷ്ണനെ സ്ഥലം മാറ്റിയിരിക്കുന്നത്.

സി ബി ഐ കോടതിയില്‍ പുതിയ ജഡ്ജിയെ നിയമിക്കുന്നതോടെ നടിയെ ആക്രമിച്ച കേസ് കോടതിയില്‍ നിന്ന് തിരിച്ച് വിളിച്ച് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയിലേക്ക് മാറ്റും. കേസ് പരിഗണിക്കുന്ന സ്പെഷ്യല്‍ ജഡ്ജി ഹണി എം.വര്‍ഗീസ് എറണാകുളം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എന്ന നിലയില്‍ കേസില്‍ വാദം തുടർന്നേക്കും എന്നാണ് സൂചന.

സി ബി ഐ സ്പെഷ്യല്‍ ജഡ്ജി 3 എന്ന നിലയില്‍ മുഴുവന്‍ അധിക ചുമതലയും വഹിച്ചിരുന്ന എം.എസ്. വര്‍ഗീസ് ഉടന്‍ തന്നെ സി ബി ഐ കോടതിയുടെ ചുമതല ഒഴിയും. എറണാകുളത്തെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജിയായിരുന്ന കൗസര്‍ എടപ്പഗത്താണ് ആദ്യം കേസ് പരിഗണിച്ചിരുന്നത്.

പിന്നീട്, കേസ് പരിഗണിക്കാന്‍ വനിതാ ജുഡീഷ്യല്‍ ഓഫീസറെ നിയമിക്കണം എന്നാവശ്യപ്പെട്ട് അതിജീവിത കേരള ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വിചാരണയുടെ ചുമതല ഹണി എം വര്‍ഗീസിനെ ഏല്‍പ്പിച്ചു. ജഡ്ജി തന്നോട് പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത പിന്നീട് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നു.

കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ തന്നെ ചോദ്യം ചെയ്യുമ്പോഴും മറ്റും ജഡ്ജി നിശബ്ദനായ കാഴ്ചക്കാരനായി നിന്നെന്നും അവര്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍, കോടതി മാറ്റണമെന്ന ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിയും സുപ്രീം കോടതിയും വിസമ്മതിക്കുകയായിരുന്നു. അതിനിടെ നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ്, കഴിഞ്ഞയാഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

ഹര്‍ജിയില്‍, കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഫോറം ഷോപ്പിംഗിന് ശ്രമിക്കുന്നതായി പരാതിപ്പെട്ടിരുന്നു. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവുകള്‍ പരാജയപ്പെടുത്താന്‍ പ്രോസിക്യൂഷനും അതിജീവിതയും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയായിരുന്നു എന്നാണ് ദിലീപ് പറയുന്നത്.

വിചാരണ തടസ്സപ്പെടുത്തി പ്രിസൈഡിംഗ് ഓഫീസര്‍ കേസില്‍ വിധി പറയില്ലെന്ന് ഉറപ്പാക്കാന്‍ അവര്‍ എല്ലാ ശ്രമങ്ങളും നടത്തി. മേല്‍ കോടതിയിലേക്ക് ഉയര്‍ത്തപ്പെട്ട് വിചാരണ കോടതി ജഡ്ജി തന്റെ ഓഫീസ് ഒഴിയുന്നത് വരെ വിചാരണ നീട്ടിക്കൊണ്ടുപോകാനായിരുന്നു പ്രോസിക്യൂഷന്റേയും അതിജീവിതയുടേയും ശ്രമം എന്നാണ് ദിലീപ് പറയുന്നത്. ഹര്‍ജി ഉടന്‍ തന്നെ സുപ്രീം കോടതി പരിഗണിച്ചേക്കും.

അതേസമയം കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അതിജീവിത നല്‍കിയ ഹര്‍ജി മാറ്റിവെച്ചിരുന്നു. കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ആഗസ്റ്റ് 17 ലേക്കാണ് ഹൈക്കോടതി മാറ്റിയത്. അനുബന്ധ കുറ്റപത്രത്തിന്റെ പകര്‍പ്പ് കിട്ടിയില്ല എന്ന് അതിജീവിത ഹൈക്കോടതിയെ അറിയിച്ചതോടയാണ് ഹര്‍ജി മാറ്റിയത്. കേസില്‍ അനുബന്ധ കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ഇതിന്റെ പകര്‍പ്പ് തേടി നടി വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
സാധിക ഇതിപ്പോ എന്ത് ഭാവിച്ചാ...എല്ലാം കലക്കന്‍ ഫോട്ടോയാണല്ലോ












Click it and Unblock the Notifications