ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നും തീരുമാനമില്ല; ഇനിയും പറയാനുണ്ടെന്ന് പ്രതികള്‍, വാദം നാളെ
കൊച്ചി: നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാഹര്‍ജിയില്‍ ഹൈക്കോടതി ഇന്നും തീരുമാനമെടുത്തില്ല. പ്രതിഭാഗത്തിന്റെ വാദമാണ് ഇന്ന് കോടതിയില്‍ നടന്നത്. ഇനിയും പറയാനുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇന്ന് പ്രോസിക്യൂഷന് വാദം നടന്നില്ല. വെള്ളിയാഴ്ച 1.45ന് കേസ് വീണ്ടുമെടുക്കും. ഈ വേളയില്‍ പ്രോസിക്യൂഷന്‍ വാദം നടക്കുമെന്നാണ് കരുതുന്നത്. അതേസമയം, പ്രതിഭാഗത്തിന് ഇനിയും പറയാനുള്ളതിന് കോടതി അനുമതി നല്‍കുമോ എന്ന് വ്യക്തമല്ല. അന്വേഷണ സംഘത്തിനെതിരെ ശക്തമായ കടന്നാക്രമണമാണ് ഇന്ന് ദിലീപിന്റെ അഭിഭാഷകന്‍ നടത്തിയത്.

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തി എന്നാണ് പുതിയ കേസ്. ഈ കേസില്‍ അറസ്റ്റ് സാധ്യതയുള്ളതിനാലാണ് ദിലീപും മറ്റു പ്രതികളും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, അളിയന്‍ ടിഎന്‍ സുരാജ്, ബന്ധു അപ്പു, സുഹൃത്തുക്കളായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് കേസിലെ പ്രതികള്‍. വീട്ടിലെ എല്ലാ പുരുഷന്മാരെയും കേസില്‍ പ്രതി ചേര്‍ത്തിരിക്കുകയാണെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. വീട്ടില്‍ കുടുംബത്തോടൊപ്പം ഇരിക്കുമ്പോള്‍ പറഞ്ഞത് എങ്ങനെ ഗൂഢാലോചനയാകുമെന്ന വാദവും ദിലിപീന്റെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ കുടുക്കുകയായിരുന്നു. അവരുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അനുഭവിക്കുമെന്ന ശാപവാക്കുകളാണ് പറഞ്ഞത്. അല്ലാതെ ഗൂഢാലോചനയല്ല. ബാലചന്ദ്ര കുമാറിന്റെ മൊഴി സ്വീകരിക്കരുത്. ചില ഉദ്യോഗസ്ഥര്‍ വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കുകയാണ്. അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥരുടെ നീക്കങ്ങള്‍ പരിശോധിക്കണം. ഒരു ടാബിലാണ് ദിലീപിന്റെ ശബ്ദം ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്തത്. ആ ടാബ് എവിടെ. എഡിറ്റ് ചെയ്ത ഭാഗങ്ങളാണ് ബാലചന്ദ്രകുമാര്‍ നല്‍കിയിട്ടുള്ളത്. ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ തന്റെ മേല്‍ കൈവെച്ചിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ തെളിവില്ല. ഈ വേളയില്‍ പുതിയ കേസ് ചുമത്തുകയാണെന്നും ദിലീപിന് വേണ്ടി ഹാജരായ ബി രാമന്‍പിള്ള വാദിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിലും ഗൂഢാലോചന കേസിലും ഒരേ ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്. ഇത് ദുരുദ്ദേശപരമാണ്. പിക് പോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബാലചന്ദ്രകുമാറിന് തന്നോട് വിരോധം വരാന്‍ കരണമെന്നും ദിലീപ് വാദിച്ചു. ഇന്ന് പ്രോസിക്യൂഷന് വാദം അവതരിപ്പിക്കാനായില്ല. നാളെ പ്രോസിക്യൂഷന്‍ വാദം നടന്നേക്കും. വെള്ളിയാഴ്ച 1.45നാണ് ഹര്‍ജി വീണ്ടും പരിഗണിക്കുക.












Click it and Unblock the Notifications