ദിലീപ് ആ പറഞ്ഞത് കള്ളം?..കേസിൽ പുതിയ വഴിത്തിരിവ്; നടനെ വെട്ടിലാക്കി സംവിധായകൻ റാഫിയുടെ മൊഴി
കൊച്ചി; സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ചിത്രത്തിൽ നിന്നും പിൻമാറിയതിനാലാണ് തനിക്കെതിരെ ഇപ്പോൾ അദ്ദേഹം ആരോപണങ്ങൾ ഉയർത്തുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ നടൻ ദിലീപ് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്ക് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകരെ ബിഷപ്പിനെ ഇടപെടിച്ചൂവെന്ന് പറഞ്ഞത് തന്റെ കൈയ്യിൽ നിന്നും പണം തട്ടാനും ബാലചന്ദ്രകുമാർ ശ്രമിച്ചുവെന്നും ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു.
അതേസമയം ദിലീപിന്റെ ആരോപണങ്ങൾ തള്ളി ബാലചന്ദ്രകുമാർ രംഗത്തെത്തിയിരുന്നു. ദിലീപ് പണം തന്നില്ലെന്നും താനായിരുന്നു ആദ്യം തന്നെ ചിത്രത്തിൽ നിന്നും പിൻമാറിയതെന്നുമായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്. ഇപ്പോഴിതാ ബാലചന്ദ്രകുമാറിനെ ശരിവെച്ച് ദിലീപിന്റെ വാദം തള്ളി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ റാഫിയും.

ദിലീപിനെ നായകനാക്കി പിക്ക് പോക്കറ്റ് എന്ന സിനിമയായിരുന്നു ബാലചന്ദ്രകുമാർ സംവിധാനം ചെയ്യാൻ ഇരുന്നത്. ചിത്രത്തിൽ നിന്നും ബാലചന്ദ്രകുമാർ തന്നെയാണ് ആദ്യം പിൻമാറിയതെന്ന് റാഫി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. ദിലീപിനോട് എന്തെങ്കിലും വൈരാഗ്യം ഉള്ളതായി ബാലചന്ദ്രകുമാർ പറഞ്ഞിട്ടില്ലെന്നും അതേസമയം സിനിമ മുടങ്ങിയതിൽ ബാലചന്ദ്രകുമാറിന് വിഷമം ഉണ്ടായിരുന്നതായും ഷാഫി തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

ചിത്രത്തിന്റെ തിരക്കഥയുടെ മിനുക്കി പണി പൂർത്തിയാക്കാൻ 2018ൽ തന്നെ ഏൽപ്പിച്ചിരുന്നു. ആ സമയത്ത് ദിലീപിന്റെതന്നെ മറ്റൊരു ചിത്രമായ പറക്കും പാപ്പൻ ന്ന ചിത്രത്തിന്റെ തിരക്കഥ താൻ തയ്യാറാക്കുന്നുണ്ടായിരുന്നു. ആനിമേഷൻ വർക്കുകൾ ധാരാളമുള്ള ചിത്രമായിരുന്നതിനാൽ പറക്കും പാപ്പൻ ആദ്യം പൂർത്തിയാക്കാൻ ദിലീപ് തന്നോട് ആവശ്യപ്പെട്ടു.

ആ സമയത്ത് ദിലീപ് പിക്ക് പോക്കറ്റ് ചിത്രം ഉപേക്ഷിച്ചിരുന്നില്ല. സിനിമയിലെ കഥാപാത്രം ചെയ്യാൻ ദിലീപിന് നല്ല താത്പര്യം ഉണ്ടായിരുന്നുവെന്നും റാഫി പറഞ്ഞു. ബാലചന്ദ്രകുമാറാണ് തനിക്ക് സിനിമ ചെയ്യാൻ താത്പര്യം ഇല്ലെന്നും പിൻമാറുകയാണെന്നും തന്നെ അറിയിച്ചത്. അത് ഒരു വർഷം ആയിട്ടില്ല. എന്തുകൊണ്ടാണ് ബാലചന്ദ്രകുമാർ പിൻമാറുന്നതെന്ന് പറഞ്ഞിട്ടില്ല, റാഫി പറഞ്ഞു.

ദിലീപിനോട് എന്തെങ്കിലും വൈരാഗ്യം ബാലചന്ദ്രകുമാറിന് ഉള്ളതായി തനിക്ക് അറിയില്ലെന്നും റാഫി വ്യക്തമാക്കി. പിക്ക് പോക്കറ്റിന്റെ തിരക്കഥ തിരുത്താൻ ദിലീപ് ഇടപെട്ടാണ് റാഫിയെ ഏൽപ്പിച്ചതെന്ന് നേരത്തേ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. ആദ്യം അന്തരിച്ച സംവിധായകൻ സച്ചിയെ ആയിരുന്നു ഏൽപ്പിച്ചിരുന്നു. എന്നാൽ മറ്റ് തിരക്കുകൾ ആയതിനാൽ അദ്ദേഹം തിരക്കഥ മറ്റ് രണ്ട് പേരെ ഏൽപ്പിച്ചു.

ഇതിൽ ദിലീപിന് താത്പര്യം ഇല്ലായിരുന്നു. തുടർന്ന് നടൻ തന്നെ ഇടപെട്ടാണ് റാഫിയെ ഏൽപ്പിച്ചതെന്നായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പങ്കുണ്ടെന്ന് മനസിലായതോടെയാണ് താൻ സിനിമയിൽ നിന്നും പിൻമാറിയതെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

അതേസമയം സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദരേഖയിൽ റാഫിയുടെ ശബ്ദം ഉണ്ടായിരുന്നു. ഇത് തിരിച്ചറിയാനായിരുന്നു ഇന്ന് റാഫിയെ അന്വേഷണ സംഘം വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. സംവിധായകൻ അരുൺ ഗോപിയേയും അന്വേഷണ സംഘം വിളിച്ച് വരുത്തിയിട്ടുണ്ട്.

അതിനിടെ കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ അമ്മ ശോഭന രഹസ്യമൊഴി നൽകി. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. തന്റെ മകനെ ദിലീപ് ചതിച്ചതാണെന്നും ദിലീപ് കേസിലെ കൊമ്പനാന ആണെന്നും ശോഭന പറഞ്ഞിരുന്നു.

കോടികളാണ് ദിലീപ് പൾസർ സുനിക്ക് വാഗ്ദാനം ചെയ്തത്. സുഖമായി ജീവിക്കുന്നതിന് വേണ്ടിയാണ് കുറ്റം ചെയ്തതെന്നാണ് പൾസർ സുനി തന്നോട് പറഞ്ഞത്.ഒളിവിൽ കഴിയുമ്പോഴും പൾസർ സുനിയെ അപായപ്പെടുത്താൻ ശ്രമം ഉണ്ടായിരുന്നതായും ശോഭന നേരത്തേ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications