'തിരക്കഥ വലിച്ചെറിഞ്ഞു, പെണ്‍കുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം എറിഞ്ഞു'; ജോയ് മാത്യുവിനെതിരെ ആരോപണം
കൊച്ചി: നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി 'ബൈനറി' സിനിമയുടെ സംവിധായകനും മറ്റ് അണിയറപ്രവര്‍ത്തകരും രംഗത്ത്. ജോയ് മാത്യുവില്‍ നിന്ന് ചില ദുരനുഭവങ്ങള്‍ ഉണ്ടായെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ലൊക്കേഷനില്‍ വച്ച് തിരക്കഥ വലിച്ചെറിഞ്ഞെന്നും കോസ്റ്റ്യൂം ഡിസൈനര്‍ ആയ പെണ്‍കുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിഞ്ഞെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിക്കുന്നു.
തിരക്കഥ കൊടുത്തപ്പോള്‍ കൊള്ളാം, നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. പക്ഷേ ലൊക്കേഷനില്‍ വന്നിട്ട് സ്‌ക്രിപ്റ്റ് വലിച്ചെറിയുന്ന സാഹചര്യമുണ്ടായെന്ന് സഹനിര്‍മ്മാതാവും സംഗീത സംവിധായകനുമായ രാജേഷ് ബാബു പറഞ്ഞു. 'ഈ ഡയലോഗ് എനിക്ക് പറയാന്‍ പറ്റില്ല, മാറ്റിയെഴുതണം എന്ന് പറഞ്ഞു. എട്ടൊന്‍പത് മാസം ഇരുന്ന് കഷ്ടപ്പെട്ട് എഴുതിയ സ്‌ക്രിപ്റ്റ് മാറ്റുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അനീഷ് രവിയും കൈലാഷും ചേര്‍ന്നാണ് തിരക്കഥ തിരുത്തി എഴുതിയത്'

'മൂന്ന് ദിവസം വരാമെന്ന് പറഞ്ഞ ജോയ് മാത്യു വന്നത് അര ദിവസമാണ്. സാമ്പാറിന്റെ അംശം ഉണ്ടെന്ന് പറഞ്ഞ് കോസ്റ്റ്യൂം ഡിസൈനര്‍ ആയ പെണ്‍കുട്ടിയുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിഞ്ഞു. ഈ ക്യാമറയില്‍ സിനിമയെടുക്കാന്‍ പറ്റില്ല എന്നും പറഞ്ഞു. ഒരു അഭിനേതാവിന് ഇത് പറയേണ്ട ആവശ്യമുണ്ടോ, എനിക്കറിയില്ല'.
ചിത്രത്തിന്റെ പ്രമോഷന് ജോയ് മാത്യു അടക്കമുള്ള താരങ്ങള്‍ എത്തിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. 'ഈ സിനിമയില്‍ അഭിനയിച്ചവരൊന്നും ബാങ്കബിള്‍ ആര്‍ട്ടിസ്റ്റുകളല്ല. അവരെവച്ച് സാറ്റലൈറ്റ്, ഒ ടി ടി ബിസിനസ് ഒന്നും നടക്കില്ല. അവരുടെ ഉത്തരവാദിത്തമാണ് സിനിമ പ്രൊമോട്ട് ചെയ്യുക എന്നത്. അത് ഉണ്ടായില്ല'- രാജേഷ് ബാബു പറഞ്ഞു.
ജോയ് മാത്യുവിനെ കൂടാതെ നടന്‍ കൈലാഷ് എന്നിവര്‍ ചിത്രത്തിന്റെ പ്രമോഷനുമായി സഹകരിച്ചില്ലെന്ന് സംവിധായകന്‍ ജാസിക് അലി ആരോപിച്ചു. 'അഭിനയിച്ച താരങ്ങള്‍ പ്രൊമോഷനുവേണ്ടി എത്തുന്നില്ല. സിനിമയില്‍ അഭിനയിച്ച ജോയ് മാത്യു പ്രൊമോഷനില്‍ സഹകരിക്കാത്തതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു'.
'എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ജോയ് മാത്യു എന്റെ വാക്കുകള്‍ക്ക് ഒരു പ്രതികരണവും നല്‍കിയിട്ടില്ല. ഷിജോയ് വര്‍ഗീസ്, കൈലാഷ് എന്നീ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അവരും പ്രൊമോഷനുമായി സഹകരിച്ചില്ല. മുഴുവന്‍ പ്രതിഫലവും നല്‍കിയിട്ടാണ് അവര്‍ അഭിനയിക്കാന്‍ വരുന്നത്. ഒരു രൂപ കുറഞ്ഞാല്‍ വരില്ല. സിനിമയ്ക്ക് വേണ്ടി എന്തുവേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഫലം പറയുന്നത്. പണം അക്കൗണ്ടില്‍ വന്നതിന് ശേഷമാണ് അവര്‍ ഷൂട്ടിംഗിന് എത്തുന്നത്'- ജാസിക് അലി പറഞ്ഞു.


Click it and Unblock the Notifications