'കഴിഞ്ഞ കുറച്ച് തലമുറക്ക് നമ്മുടെ സംസ്കാരവും പാരമ്പര്യവും അറിയില്ല'; അഞ്ജലി മേനോൻ
കൊച്ചി: കഴിഞ്ഞ കുറച്ച് തലമുറക്ക് നമ്മുടെ വേരുകളെ കുറിച്ചുള്ള ധാരണ ഇല്ലെന്ന് സംവിധായക അഞ്ജലി മേനോൻ. അവർ മറ്റെന്തോ ആകാനുള്ള ശ്രമത്തിലാണ്. നമ്മുടെ സംസ്കാരം എന്താണ്, നമ്മൾ എവിടെ നിന്നാണ് വന്നിരിക്കുന്നത് എന്നൊന്നും അവർ മനസിലാക്കുന്നില്ലെന്നും അഞ്ജലി മേനോൻ പറഞ്ഞു. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു അഞ്ജലി മേനോന്റെ പ്രതികരണം. വായിക്കാം

സിനിമകളിൽ നമ്മുടെ വേരുകളിലേക്ക് മടങ്ങുകയെന്ന തരത്തിലുള്ള കാര്യങ്ങൾ നിരന്തരം കടന്ന് വരുന്നുണ്ടോയെന്ന ചോദ്യത്തിന് അതുണ്ടെന്നായിരുന്നു അഞ്ജലി നൽകിയ മറുപടി. ഇന്ത്യെന്നത് വളരെ അധികം ട്രഡീഷ്ണൽ വിസ്ഡം ഉള്ള രാജ്യമാണ്. ഉദാഹരണത്തിന് പ്രസവത്തെ കുറിച്ച് ആയുർവേദത്തിൽ വളരെ സ്പെസിഫിക് ആയിട്ടുള്ള കാര്യങ്ങൾ ഉണ്ട്.അത് ഞാൻ ആദ്യമായി അറിയുന്നത് യുകെയിലെ ഒരു ഡോക്ടർ എഴുതിയ ബുക്ക് വായിച്ചിട്ടാണ്. ബ്രിട്ടീഷ്-ശ്രീലങ്കൻ ഡോക്ടർ എഴുതിയ പുസ്തകമാണത്.

അത് വായിച്ച് ആയുർവേദ ആശുപത്രികളിൽ മെറ്റേണിറ്റി വിങ് ഉണ്ടോയെന്ന് ചോദിച്ചപ്പോൾ അതൊക്കെ ക്ലോസ് ഡൗൺ ചെയ്തുവെന്നാണ് അറിയാൻ കഴിഞ്ഞത്. കാരണം പ്രസവത്തിന് ആയുർവേദ ആശുപത്രികളിൽ ആരും പോകാറില്ലാത്തത് കൊണ്ടാണ്. ട്രെഡീഷ്ൺ വിസ്ഡം ഒക്കെ വേണ്ടായെന്ന് വെച്ച് ഫോറിൻ മിഡ്വൈഫ് വന്നിട്ടുണ്ടെങ്കിൽ വളരെ താത്പര്യപ്പെട്ട് അവിടെ പോയി കണ്ട് കാര്യങ്ങൾ പഠിക്കാനാണ് ആളുകൾ താത്പര്യപ്പെടുന്നത്. ഇത് വളരെ മോശമായി തോന്നുന്നില്ലേ.

ആവശ്യത്തിന് റിസോഴ്സ് ഉണ്ടായാലും പുറമെ വേറൊരു റേയ്സിൽ ഉള്ള ആൾ വന്ന് നമ്മളോട് പറഞ്ഞാൽ അത് കേൾക്കാൻ നമ്മൾ തയ്യാറാകുന്നു. എന്തുകൊണ്ടാണത്?
നമ്മുടെ സംസ്കാരവും പാരമ്പര്യവുമൊക്കെ മനസിലാക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറേ തലമുറകൾ ചോദ്യങ്ങൾ ചോദിക്കാൻ മറന്നിരിക്കുന്നു. ചോദ്യങ്ങൾ ചോദിച്ചാൽ മനസിലാക്കാൻ സാധിക്കും.

പ്രസക്തമല്ലാത്ത അന്ധവിശ്വാസം പോലുള്ള കാര്യങ്ങൾ ഉണ്ട്. എന്നാൽ പ്രസക്തവും അപ്രസക്തവുമായ കാര്യങ്ങളെ കുറിച്ച് തിരിച്ചറിയണമെങ്കിൽ നമ്മൾ ചോദ്യങ്ങൾ ചോദിക്കണം. പാരമ്പര്യം എന്താണെന്ന് അറിഞ്ഞ് മനസിലാക്കി പിന്തുടരണം. ഈ പാരമ്പര്യവും കാര്യങ്ങളും ഒരു മതത്തിൽ ഒതുങ്ങുന്ന കാര്യങ്ങൾ അല്ല. നമ്മുടെ കൾച്ചർ എന്നത് പേഗൻ ഒറിജിനിൽ നിന്ന് വന്നതാണ്. അതുകൊണ്ട് ഈ പറഞ്ഞതിനെ ആരും അവരുടെ ഏജന്റ് ആക്കി മാറ്റേണ്ടതില്ല', അഞ്ജലി മേനോൻ പറഞ്ഞു.

അഭിമുഖത്തിൽ ഡബ്ല്യുസിസിക്കെതിരെ ഉയരുന്ന വിമർശനങ്ങളിലും അഞ്ജലി മറുപടി നൽകി.
'ഡബ്ല്യുസിസിയെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തത് കൊണ്ടാണ് സംഘടനയ്ക്കെതിരായ വിമർശനം ചിലർ ഉയർത്തുന്നത്. ഏത് സംഘടനയും പോലെ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സംഘടനയാണ്. ഈ സംഘടനയിൽ ഓരോരുത്തരും വളണ്ടിയേഴ്സ് ആണ്. ഇതിൽ എംപ്ലോയീസ് ഇല്ല. സ്ഥാനങ്ങൾ ഇല്ല, പരസ്പരം കളക്ടീവ് ആയി പ്രവർത്തിക്കുന്ന കൂട്ടമാണ്. ഡബ്ല്യുസിസി എന്നത് ഒരു പ്രശ്ന പരിഹാര സെൽ അല്ല.
പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവിടെ സെൽ ആവശ്യമുണ്ട്. അങ്ങനെയൊരു സംവിധാനം കൊണ്ടുവരാനാണ് ഞങ്ങൾ വളരെ അധികം പാടുപെടുന്നത്'.


'മാറ്റം സോഷ്യൽ ലെവിൽ നടക്കുന്നുണ്ട്. ഇൻഡസ്ട്രി മാറുന്നുണ്ടോയെന്നതിനെക്കാൾ സാമൂഹികപരമായി ഈ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ടോയെന്നത് വളരെ പ്രധാനമാണ്.
മാറ്റങ്ങൾ മനസിലാക്കിയാൽ സിനിമാ മേഖലയിലെ എല്ലാവർക്കും നല്ലതാണ്. അത്തരം നല്ല മാറ്റങ്ങൾ സിനിമ മേഖലയിൽ ഉണ്ടാക്കുന്ന നടപടികളാണ് ഞങ്ങൾ നടത്തുന്നത്.ഞങ്ങൾ പ്രവർത്തിക്കാൻ തയ്യാറായത് കൊണ്ട് മറ്റുള്ളവർക്ക് ഉത്തരവാദിത്തം ഇല്ല എന്ന അവസ്ഥയിലേക്ക് പോകരുത്. ഡബ്ല്യുസിസി എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട് ഞങ്ങൾക്ക് ചോദിക്കാനുള്ള നിങ്ങൾ എന്ത് ചെയ്തു എന്നാണ്. അത് അറിയാൻ ഞങ്ങൾക്കും താത്പര്യം ഉണ്ട്', അഞ്ജലി പറഞ്ഞു.












Click it and Unblock the Notifications