മന്ത്രി മന്ദിരങ്ങളിലേക്ക് സമരം മാറട്ടെ; രാഷ്ട്രീയപാര്‍ട്ടികള്‍ സമര രീതി മാറ്റണമെന്ന് ഒമര്‍ ലുലു
കൊച്ചി: രാഷ്ട്രീയ പാര്‍ട്ടികള്‍ സമര രീതി മാറ്റണമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. റോഡ് ഉപരോധം പോലുള്ള പഴയ രീതി മാറ്റണമെന്നാണ് അദ്ദേഹം പറയുന്നത്. സമരം മന്ത്രിമന്ദിരങ്ങളിലേക്ക് മാറട്ടെ എന്നും ഒമര്‍ ലുലു നിര്‍ദേശിക്കുന്നു. എണ്ണവില വര്‍ധനവില്‍ പ്രതിഷേധിച്ച് കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധം നടന്‍ ജോജു ജോര്‍ജിന്റെ പ്രതിഷേധത്തോടെ വലിയ വിവാദമായിരുന്നു. ജോജുവിനെ അനുകൂലിച്ചും കോണ്‍ഗ്രസ് സമരത്തെ അനുകൂലിച്ചും നിരവധി പ്രതികരണങ്ങളാണ് വന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള ഒട്ടേറെ പ്രമുഖര്‍ ജോജുവിനെ പിന്തുണച്ചു. ഒമര്‍ ലുലുവും അന്ന് ജോജുവിനെ പിന്തുണച്ചാണ് രംഗത്തുവന്നത്. ഇപ്പോള്‍ ഒമര്‍ ലുലു പറയുന്നത് മന്ത്രിമന്ദിരങ്ങളിലേക്ക് സമരം മാറട്ടെ എന്നാണ്. സാധാരണക്കാരെ പ്രയാസപ്പെടുത്താതെ സമരം എന്ന നിലപാടാണ് അദ്ദേഹത്തിന്.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്-
മന്ത്രിമന്ദിരങ്ങളിലേക്ക് സമരം മാറട്ടെ!
റോഡ് ഉപരോധിക്കുക എന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന പഴയ സമര രീതി മാറ്റണം എന്ന് പറയുമ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്യം വാങ്ങി തന്നത് വഴി തടയല്‍ സമരം വരെ ചെയ്തിട്ട് തന്നെയാ എന്ന് മെസ്സ് ഡയലോഗ് അടിക്കുന്ന അണ്ണന്‍മാര്‍ ഒന്ന് ചിന്തിക്കുക 1947ന് മുന്‍പേ റോഡില്‍ പോകുന്ന വാഹനങ്ങളുടെ എണ്ണവും ഇപ്പോഴത്തെ എണ്ണവും.
നിരവധി പേരാണ് ഒമര്‍ ലുലുവിന്റെ പോസ്റ്റിന് കമന്റുമായി എത്തിയിരിക്കുന്നത്. റോഡ് ഉപരോധം പ്രതിഷേധമാണ്. റോഡില്‍ വാഹനമുള്ളപ്പോഴല്ലേ റോഡ് ഉപരോധിക്കേണ്ടത്. അല്ലാതെ സമരം നടത്തിയിട്ട് എന്ത് കാര്യം- എന്നാണ് ചില കമന്റുകള്‍. അതേസമയം, സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് ബ്രിട്ടീഷുകാരാണ് വാഹനങ്ങളില്‍ കൂടുതലായി യാത്ര ചെയ്തിരുന്നതെന്നും അവരുടെ ചരക്കുകടത്തിനും മറ്റുമാണ് റോഡും വാഹനവും ആശ്രയിച്ചിരുന്നതെന്നും അതുകൊണ്ടുതന്നെ അന്ന് റോഡ് ഉപരോധം ശരിയായ സമരമുറ ആയിരുന്നുവെന്നും ചിലര്‍ കമന്റ് ചെയ്യുന്നു. ഇത്തരം കമന്റുകളോട് ഒമര്‍ ലുലു അനുകൂലമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ജോജുവിനെതിരായ അതിക്രമങ്ങളില്‍ താര സംഘടനയായ അമ്മ പ്രതികരിക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്തുവന്നു. എന്തുകൊണ്ട് അമ്മ മൗനം പാലിച്ചുവെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ വിഡി സതീശനും കെസി വേണുഗോപാലും അപലപിച്ചിട്ടും അമ്മ മിണ്ടിയില്ല. ആരെ പേടിച്ചാണ് സെക്രട്ടറി ഒളിച്ചിരുന്നത്. അമ്മയുടെ സമീപനം മാറ്റണം. ഇടവേള ബാബു മറുപടി പറയണം. അമ്മയുടെ അടുത്ത യോഗത്തില്‍ പ്രതിഷേധം അറിയിക്കും. ജോജുവിന്റെ വാഹനം തകര്‍ത്തത് തെറ്റായ നടപടിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം, ഗണേഷ് കുമാറിന്റെ ആരോപണം തള്ളി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തുവന്നു. വിഷയത്തിന്റെ തുടക്കത്തില്‍ തന്നെ താന്‍ ഇടപെട്ടിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.












Click it and Unblock the Notifications