ആരാണ് ഈ സുധീർ: ജനറല്‍ സെക്രട്ടറിയെ അറിയില്ലെന്ന് ശോഭ സുരേന്ദ്രന്‍, ബിജെപിയില്‍ വീണ്ടും പോര് ശക്തം
കോഴിക്കോട്: ശോഭാ സുരേന്ദ്രനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കി ബിജെപി ഔദ്യോഗിക വിഭാഗം. പാര്‍ട്ടിയെയും നേതാക്കളെയും അവഹേളിക്കുന്നുവെന്ന് കാട്ടിയാണ് പരാതി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീർ ഉള്‍പ്പടേയുള്ളവർക്കെതിരെ വിമർശനവുമായി ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി സുധീറിന്റെ താക്കീതിന് മറുപടിയായിട്ട് 'ആരാണ് സുധീര്‍? താന്‍ ഒന്നും കേട്ടിട്ടില്ല' എന്നായിരുന്നു ശോഭ സുരേന്ദ്രന്‍ പറഞ്ഞത്.
തന്നെ പുറത്താക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുവെച്ച വെള്ളം വാങ്ങി വെയ്ക്കണം. ഇത് തന്റെ കൂടി പാർട്ടിയാണ്. മുന്നോട്ടുള്ള വഴിയില്‍ ആരെങ്കിലും തടസം സൃഷ്ടിച്ചാല്‍ അത് എടുത്ത് മാറ്റി മുന്നോട്ട് പോകാന്‍. മൈതാനത്ത് കളിക്കുന്ന കുട്ടികളെ ഉപയോഗിച്ച് തനിക്കെതിരെ പ്രചരണം നടത്തുന്നു. എന്ത് തന്നെയായാലും ബിജെപിയില്‍ ഉറച്ച് നിന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം സുധീറിനെ പിന്തുണച്ച് അദ്ദേഹത്തിന്റെ അനുയായികള്‍ രംഗത്ത് വന്നു. ആരാണ് പി സുധീർ എന്ന ചോദ്യത്തിന് കേരളത്തിലെ മന്ത്രിമാർക്ക് വരെ അറിയാവുന്ന നേതാവാണ് അദ്ദേഹമെന്നാണ് യുവമോർച്ച കോട്ടയം ജില്ലാ സെക്രട്ടറി സബിന്‍ കുറിച്ചി ഫേസ്ബുക്കില്‍ കുറിച്ചത്. ശോഭ സുരേന്ദ്രന്റെ പരാമർശം ഏതായും ബിജെപിയില്‍ പുതിയ തർക്കങ്ങള്‍ക്കും പോരിനുമാണ് ഇടയാക്കിയിരിക്കുന്നത്. യുവമോർച്ച കോട്ടയം ജില്ലാ സെക്രട്ടറിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ആരാണ് പി.സുധീർ...?
മുപ്പത്തഞ്ചാം വയസിൽ ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പട്ടികജാതി വിഭാഗത്തിൽപ്പെട്ട നേതാവാണ് പി.സുധീർ. കോഴിക്കോട് ലാ കോളേജിൽ വിദ്യർത്ഥി പരിഷത്തിൻ്റെ നേതാവായാണ് തിരുവനന്തപുരം സ്വദേശിയായ സുധീർ ശ്രദ്ധിക്കപ്പെടുന്നത്. എബിവിപിയുടെ മുഴുവൻ സമയപ്രവർത്തകനായി പൊതുജീവിതം ആരംഭിച്ച അയാൾ സമരപോരാട്ടങ്ങളിലൂടെ കാഞ്ചന കുങ്കുമ കാവിക്കൊടി സാമൂതിരിയുടെ മണ്ണിൽ ഒരു പടി ഉയർത്തിക്കെട്ടി.
ഇന്നും കോഴിക്കോട്ടുകാർക്ക് സുധീർ എന്ന വിദ്യാർത്ഥി നേതാവിനെ അറിയാം. മാനാഞ്ചിറ ഡിഡി ഓഫീസിന് മുമ്പിലും മലാപ്പറമ്പിലെ കളക്ട്രേറ്റിന് മുമ്പിലും സുധീറ് കൊണ്ട തല്ലിനും അയാൾ വീഴ്ത്തിയ ചോരയ്ക്കും കയ്യും കണക്കുമില്ല. എബിവിപി സംസ്ഥാന സെക്രട്ടറിയായ സുധീർ കേരളത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥി നേതാക്കളിൽ ഒരാളായിരിക്കുമെന്ന കാര്യത്തിൽ രാഷ്ട്രീയ എതിരാളികൾക്ക് പോലും സംശയമുണ്ടാവില്ല. പിന്നീട് യുവമോർച്ച സംസ്ഥാന ജനറൽസെക്രട്ടറി, സംസ്ഥാന പ്രസിഡൻ്റ് എന്നീ നിലകളിലൊക്കെ സുധീർ ശോഭിച്ചു.
സെക്രട്ടറിയേറ്റിന് മുമ്പിൽ യുവമോർച്ച നടത്തിയ ഗംഭീരമായ രാപ്പകൽ സമരവും പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ കൊച്ചിയിൽ കരിങ്കൊടി കാണിച്ചതും യുവജന നേതാവെന്നെ നിലയിൽ പി.സുധീറിനെ അടയാളപ്പെടുത്തുന്നതാണ്. പട്ടികജാതി-വർഗ മോർച്ചകളുടെ സംസ്ഥാന പ്രസിഡൻ്റ് എന്ന നിലയിലും സുധീർ നടത്തിയ പോരാട്ടങ്ങൾ കേരളം ശ്രദ്ധിച്ചതാണ്.
സവർണ പാർട്ടിയെന്ന് എതിരാളികൾ വിളിക്കുന്ന ബിജെപിയുടെ കോർകമ്മിറ്റി മെമ്പറാണ് ഈ അടിസ്ഥാന വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന യുവനേതാവ്. ട്രെയിനിൽ ജനറൽ കംപാർട്ട്മെൻ്റിലും കെഎസ്ആർടിസി ബസിലും യാത്ര ചെയ്യുന്ന സുധീറിനെ എസി കാറിൽ പറക്കുന്ന മന്ത്രിമാർക്ക് പോലും അറിയാം. കാരണം സുധീറിൻ്റെ സമരവീര്യത്തിൻ്റെ ചൂടറിഞ്ഞവരാണ് കേരളത്തിലെ എല്ലാ മന്ത്രിമാരും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ പൊന്നാപുരം കോട്ടയായ ആറ്റിങ്ങലിൽ പൊരുതി നേടിയ 40,000 ത്തോളം വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിയതാണ് ഈ യുവാവിൻ്റെ മറ്റൊരു നേട്ടം.
കഴിഞ്ഞ 20 വർഷമായി ഊണും ഉറക്കവുമില്ലാതെ സ്വന്തമായി ഒരു കൂര പോലുമില്ലാതെ ഈ ദളിത് യുവാവ് ദേശീയ പ്രസ്ഥാനങ്ങൾക്ക് വേണ്ടി കേരളം മുഴുവൻ യാത്ര ചെയ്യുന്നുണ്ട്. ബിജെപിയുടെ എല്ലാ പ്രവർത്തകർക്കും പി.സുധീർ ഒരു പ്രചോദനമാണ്. സവർണ പാർട്ടിയെന്ന് ബിജെപിയെ വിളിക്കുന്നവർക്ക് പി.സുധീർ എന്നും ഒരു അസ്വസ്ഥതയുമാണ്.












Click it and Unblock the Notifications