'ഗണേഷിനെ മന്ത്രിയാക്കരുത്, കുടുംബസ്വത്ത് തട്ടിയെടുത്ത ആള്‍'; എതിര്‍പ്പുമായി സഹോദരി
തിരുവനന്തപുരം: നടനും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാറിന് എതിരെ സഹോദരി ഉഷ മോഹന്‍ദാസ്. ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കരുത് എന്ന് ഉഷ പറഞ്ഞു. കുടുംബ സ്വത്ത് തട്ടിയെടുത്തെന്ന കേസ് നിലനില്‍ക്കുമ്പോള്‍ ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഉചിതമല്ല എന്നാണ് ഉഷ മോഹന്‍ദാസിന്റെ നിലപാട്.
ഇത്രയും ഗുരുതരമായ കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ശരിയല്ല എന്നും ജനകീയ നേതാവാണെങ്കില്‍ വീട് നന്നാക്കിയിട്ട് വേണം നാട് നന്നാക്കാനെന്നും ഉഷ തുറന്നടിച്ചു. മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞത്. കുടുംബ സ്വത്ത് ഗണേഷ് കുമാര്‍ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതി മാത്രമാണ് എന്നും ഉഷ വ്യക്തമാക്കി.

ഗണേഷ് കുമാര്‍ ചെയ്ത കാര്യങ്ങള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും പിതാവ് ബാലകൃഷ്ണപിള്ള തയാറാക്കിയ വില്‍പത്രവും മറ്റു രേഖകളും അദ്ദേഹത്തെ കാണിച്ചെന്നും ഉഷ കൂട്ടിച്ചേര്‍ത്തു. മന്ത്രിസ്ഥാനത്തേക്ക് ഗണേഷിനെ പരിഗണിക്കരുതെന്ന് നേരത്തെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല എന്നും ഉഷ വിശദീകരിച്ചു. 2021 ല്‍ രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണത്തിന് മുന്‍പ് ഉഷ, മുഖ്യമന്ത്രിയെ കണ്ടിരുന്നു.
പിതാവ് തയ്യാറാക്കിയ വില്‍പത്രത്തില്‍ തനിക്ക് അര്‍ഹമായ വിഹിതം ലഭിച്ചില്ലെന്നും ഗണേഷ് കുമാര്‍ കൃത്രിമം നടത്തി സ്വത്ത് തട്ടിയെടുത്തു എന്നുമാണ് ഉഷയുടെ ആരോപണം. ഇക്കാരണം കൊണ്ടാണ് ഗണേഷ് കുമാറിന് ആദ്യ ടേമില്‍ മന്ത്രി സ്ഥാനം നഷ്ടമായത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ മന്ത്രി സ്ഥാനം രണ്ടാം ടേമിലേക്ക് മാറാന്‍ സാമൂഹിക പരിഗണനകളാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രതികരണം.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലകൃഷ്ണപിള്ള ജയിലിലായപ്പോള്‍ കൊട്ടാരക്കരയില്‍ ഉഷയെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നു. ബാലകൃഷ്ണപിള്ളയും ഇതിന് അനുകൂലമായിരുന്നെങ്കിലും ഗണേഷ് കുമാര്‍ എതിര്‍ത്തു. ഇതോടെയാണ് ഡോ എ എന്‍ മുരളി സ്ഥാനാര്‍ത്ഥിയായത് എന്നായിരുന്നു റിപ്പോര്‍ട്ട്. അതേസമയം ഗണേഷിനെതിരെ 2021ല്‍ ഉഷ നല്‍കിയ പരാതിയില്‍ കൊട്ടാരക്കര സബ് കോടതിയില്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയായിട്ടുണ്ട്.
വൈകാതെ കേസ് ഹിയറിംഗിലേക്ക് കടക്കും. ഇരുവരും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് നിയമനടപടികള്‍ മുന്നോട്ട് പോയത്. രണ്ടാം എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ രണ്ട് മന്ത്രിസ്ഥാനം രണ്ടരവര്‍ഷം വീതം ഐ എന്‍ എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എസ്, കേരള കോണ്‍ഗ്രസ് ബി എന്നിവര്‍ക്ക് വീതിച്ച് നല്‍കിയിരുന്നു. ഇത് പ്രകാരം രണ്ടര വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ആന്റണി രാജുവിനു പകരം ഗണേഷ് കുമാറാണ് മന്ത്രിയാകേണ്ടത്.












Click it and Unblock the Notifications