ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിൽ പോലീസ് കുടുങ്ങുന്നു.. ഡോക്ടർമാരുടെ മൊഴി പുറത്ത്

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: വാരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കൂടുതല്‍ കുരുക്കിലേക്ക്. ശ്രീജിത്തിനെ പരിശോധിച്ച ഡോക്ടര്‍മാരുടെ മൊഴികളാണ് പോലീസിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ശ്രീജിത്തിനെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണ് എന്നാണ് ബന്ധുക്കള്‍ അടക്കമുള്ളവരുടെ ആരോപണം.

എന്നാല്‍ പോലീസ് ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും നാട്ടുകാരുമായുണ്ടായ അടിപിടിയില്‍ മര്‍ദ്ദനമേറ്റതാവാം എന്നുമാണ് പോലീസ് വാദം. അതേസമയം ഡോക്ടര്‍മാര്‍ മൊഴി നല്‍കിയിരിക്കുന്നത് മരണത്തിന് മുന്‍പുള്ള മൂന്ന് ദിവസങ്ങളിലാണ് ശ്രീജിത്തിന് മര്‍ദ്ദനമേറ്റിരിക്കുന്നത് എന്നാണ്. അതായത് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് ദിവസങ്ങളിലാണ് മര്‍ദ്ദനമേറ്റിരിക്കുന്നത്.

പോലീസ് ആവർത്തിക്കുന്നത്

പോലീസ് ആവർത്തിക്കുന്നത്

വരാപ്പുഴയില്‍ ഗൃഹനാഥനെ വീട് കയറി ആക്രമിച്ച കേസിലെ പ്രതിയാണ് എന്നാരോപിച്ചാണ് ശനിയാഴ്ച പുലര്‍ച്ചെ ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടില്‍ നിന്നും വലിച്ചിഴച്ചും മര്‍ദ്ദിച്ചും ശ്രീജിത്തിനെ പോലീസ് കൊണ്ടുപോയതിന് അമ്മയും ഭാര്യയുമടക്കം സാക്ഷികളുണ്ട്. ശ്രീജിത്തിനെ പോലീസ് സ്‌റേറഷനിലിട്ട് തല്ലിച്ചതച്ചത് സഹോദരന്‍ സജിത്തിന്റെ മുന്നിലിട്ടാണ്. കേസിലെ പ്രതിയല്ലാത്ത ശ്രീജിത്തിനെ ആളുമാറിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത് എന്നും ആരോപണമുണ്ട്. വെള്ളിയാഴ്ച ദേവസ്വം പാടത്തുള്ള സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് പരിക്കേറ്റതെന്നും പോലീസ് മര്‍ദ്ദിച്ചിട്ടില്ല എന്നുമാണ് പോലീസ് ആവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.

ഡോക്ടര്‍മാരുടെ മൊഴി

ഡോക്ടര്‍മാരുടെ മൊഴി

എന്നാല്‍ ഡോക്ടര്‍മാരുടെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത് ശ്രീജിത്തിന് പോലീസ് കസ്റ്റഡിയിലെടുത്ത ശേഷമാണ് ശരീരത്തില്‍ പരുക്കുകള്‍ ഉണ്ടായിട്ടുള്ളത് എന്നാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്രീജിത്തിന് നെഞ്ചിലും അടിവയറ്റിലും അടക്കം മര്‍ദനമേറ്റതായി പറയുന്നുണ്ട്. 18 മുറിവുകളാണ് ശ്രീജിത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. ശരീരത്തിലെ ചതവുകള്‍ക്ക് രണ്ട് ദിവസത്തെ പഴക്കമുള്ളതായും പറയുന്നു. ചെറുകുടലില്‍ മുറിവുണ്ടായിരുന്നു. മാത്രമല്ല ജനനേന്ദ്രിയത്തിലും ശ്രീജിത്തിന് പരിക്കേറ്റതായി പോസ്‌റ്റോമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്ന്. ഇതെല്ലാം പോലീസിന് നേര്‍ക്ക് വിരല്‍ ചൂണ്ടുന്നതാണ്.

കോടതിയില്‍ റിപ്പോര്‍ട്ട്

കോടതിയില്‍ റിപ്പോര്‍ട്ട്

റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ പോലീസുകാരാണ് മഫ്തിയില്‍ ശ്രീജിത്തിനെ പിടികൂടിയത്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റൂറല്‍ ടൈഗര്‍ ഫോഴ്‌സിനെ പിരിച്ച് വിട്ടിട്ടുണ്ട്. ശ്രീജിത്തിന്റെ മരണത്തില്‍ ഇതുവരെ ഏഴ് പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. അതിനിടെ പ്രത്യേക അന്വേഷണ സംഘം സംഭവത്തെക്കുറിച്ച് അങ്കമാലി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നരഹത്യ ഉള്‍പ്പെടെ ഉള്ള വകുപ്പുകള്‍ ചേര്‍ത്താണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഈ വകുപ്പുകള്‍ ചേര്‍ത്തതോടെ പോലീസുകാര്‍ കേസില്‍ പ്രതിയാകുമെന്നുറപ്പായിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഐസി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീജിത്ത് കേസ് അന്വേഷിക്കുന്നത്. ഡിജിപിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

കുരുക്ക് മുറുകുന്നു

കുരുക്ക് മുറുകുന്നു

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് ശ്രീജിത്തിന് കടുത്ത വയറുവേദനയും മൂത്രതടസ്സവും അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് പോലീസ് മെഡിസിറ്റി ആശുപത്രിയിലെത്തിച്ചു. എന്നാൽ അവിടെ വെച്ച് ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. ശ്രീജിത്തിനെ മര്‍ദിച്ചത് പോലീസുകാര്‍ തന്നെയാണ് എന്നാണ് അമ്മ ശ്യാമള അടക്കമുള്ളവര്‍ പറയുന്നത്. ശ്രീജിത്തിനേയും താനടക്കമുള്ള മറ്റുള്ളവരേയും എസ്‌ഐ ദീപക്കും മറ്റ് മൂന്ന് പോലീസുകാരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ശ്രീജിത്തിന്റെ സഹോദരൻ സജിത്ത് വെളിപ്പെടുത്തുകയുണ്ടായി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Doctor's revelation in Sreejith's custody death

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്