ഡിവൈഎഫ്ഐ സ്ഥാപക ദിനം: യുവജനങ്ങള്‍ ഇന്ന് നേരിടേണ്ട 3 വിഷയങ്ങള്‍ പങ്കുവെച്ച് ഇപി ജയരാജന്‍
തിരുവനന്തപുരം: ഡി വൈ എഫ് ഐ സ്ഥാപക ദിനത്തില്‍ മുന്‍ ദേശീയ ഭാരവാഹി കൂടിയായ ഇപി ജയരാജന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുന്നു. നാടിന്റെ വളര്‍ച്ചയില്‍ യുവജനങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുകയും നേരിടേണ്ടതുമായ മൂന്ന് വിഷയങ്ങള്‍ അദ്ദേഹം തന്റെ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ലോകത്തെയാകെ കീഴ്പ്പെടുത്തിയ കൊവിഡ് മഹാമാരിയാണ് ഒന്ന്. ഈ മഹാമാരിയില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി ഡി.വൈ.എഫ്.എ രംഗത്തുണ്ട്. ആ സേവനങ്ങള്‍ ശക്തമായി തുടരേണ്ടതുണ്ട്. അത് കൃത്യമായി നിര്‍വഹിക്കാന്‍ നമ്മുടെ യുവാക്കളെ ഇനിയും സജ്ജമാക്കണം. രണ്ട്, രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ ഫാസിസമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇപി ജയരാജന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ഡി.വൈ.എഫ്.ഐ രൂപീകരിച്ചിട്ട് ഇന്നലെ 41 വര്‍ഷം പിന്നിട്ടു. കഴിഞ്ഞ 41 വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന സംഘടനയായി മാറാന്‍ ഡി.വൈ.എഫ്.ഐക്ക് കഴിഞ്ഞിട്ടുണ്ട്. 1980ല്‍ ഞങ്ങള്‍ ഡി.വൈ.എഫ്.ഐക്ക് രൂപം കൊടുക്കുമ്പോള്‍ ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലാണ് ഡി.വൈ.എഫ്.ഐയുടെ ആശയങ്ങളുമായി പൊരുത്തമുള്ള യുവജന പുരോഗമന സംഘടനകള്‍ പ്രവര്‍ത്തിച്ചിരുന്നത്. 1978ല്‍ രൂപീകരിച്ച പ്രിപ്പറേറ്ററി കമ്മിറ്റിയില്‍ പങ്കെടുത്ത പല നേതാക്കളും ഇന്ന് ജീവിച്ചിരിപ്പില്ല. ഇത്തരത്തില്‍ മണ്‍മറഞ്ഞുപോയ നേതാക്കളുടെയും കഴിഞ്ഞ 40 വര്‍ഷക്കാലം ഈ പ്രസ്ഥാനത്തെ വളര്‍ത്തിയെടുക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച പതിനായിരക്കണക്കിന് യുവജനങ്ങളുടെയും കൂട്ടായ പരിശ്രമമാണ് ഡി.വൈ.എഫ്.ഐയുടെ വളര്‍ച്ച.

ഡി.വൈ.എഫ്.ഐ പ്രസ്ഥാനത്തിന്റെ ഈ വളര്‍ച്ചക്കിടയില്‍ ഒട്ടനവധി ധീരരായ യുവാക്കള്‍ക്ക് ജീവത്യാഗം ചെയ്യേണ്ടിവന്നിട്ടുണ്ട്. പഞ്ചാബിലെ ഭീകരവാദികള്‍, ആര്‍.എസ്.എസ് സംഘപരിവാര്‍ ശക്തികള്‍, കോണ്‍ഗ്രസിന്റെ ഗുണ്ടാ സംഘങ്ങള്‍, സാമൂഹ്യ വിരുദ്ധര്‍, തീവ്രവാദ സംഘടനകള്‍ തുടങ്ങിയവരെല്ലാം ഈ പുരോഗമന പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. ഈ ആക്രമണങ്ങളുടെയൊന്നും മുന്നില്‍ പതറാതെ പ്രവര്‍ത്തിച്ചുകൊണ്ടാണ് ഡി.വൈ.എഫ്.ഐ വളര്‍ന്നുവന്നത്.
നാടിന്റെ പൊതുവായ പുരോഗതിക്കും വികസനത്തിനും, ദുഃഖമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അശ്വാസം നല്‍കാനും ആതുര സേവന രംഗത്ത് അര്‍പ്പിത മനോഭാവത്തോട് കൂടി പ്രവര്‍ത്തിച്ചുമെല്ലാം ഈ പ്രസ്ഥാനം ജനങ്ങള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കി. പ്രത്യേകിച്ച് യുവാക്കളില്‍.
ഡി.വൈ.എഫ്.ഐ രൂപീകരിക്കുന്ന കാലഘട്ടത്തില്‍ മണ്മറഞ്ഞുപോയ സ്വാതന്ത്ര്യ സമര സേനാനികള്‍ പുതുതലമുറയ്ക്ക് കൈമാറിയിട്ടുള്ള വിപ്ലവ സന്ദേശങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് നമ്മള്‍ കാതങ്ങൾ മുന്നിലെത്തിയിരിക്കുന്നു, ഇനിയും ബഹുദൂരം സഞ്ചരിക്കാനുമുണ്ട്. ഇന്ന് ഇന്ത്യയുടെ ഭരണാധികാരം വര്‍ഗീയ ഫാസിസ്റ്റുകള്‍ കയ്യടക്കിയിരിക്കുന്നു. ജനാധിപത്യം അപകടത്തിലാണ്. വര്‍ഗ്ഗീയത എല്ലാ സീമകളും ലംഘിച്ച് ഇളകിയാടുകയാണ്. മതവിദ്വേഷം, ജാതി, ഭാഷ, പ്രാദേശികത്വം തുടങ്ങിയ സങ്കുചിതചിന്തകള്‍ ഉപയോഗിച്ചും സ്വത്വരാഷ്ട്രീയത്തെ ഉപയോഗിച്ചുമെല്ലാം ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്.
നാടിന്റെ വളര്‍ച്ചയില്‍ യുവജനങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുകയും നേരിടേണ്ടതുമായ മൂന്ന് വിഷയങ്ങള്‍ ഞാന്‍ ചൂണ്ടിക്കാണിക്കുകയാണ്. ലോകത്തെയാകെ കീഴ്പ്പെടുത്തിയ കൊവിഡ് മഹാമാരിയാണ് ഒന്ന്. ഈ മഹാമാരിയില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി ഡി.വൈ.എഫ്.എ രംഗത്തുണ്ട്. ആ സേവനങ്ങള്‍ ശക്തമായി തുടരേണ്ടതുണ്ട്. അത് കൃത്യമായി നിര്‍വഹിക്കാന്‍ നമ്മുടെ യുവാക്കളെ ഇനിയും സജ്ജമാക്കണം. രണ്ട്, രാജ്യത്ത് വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ ഫാസിസമാണ്.
ക്രൂരകൃത്യങ്ങളെപ്പോലും സാമാന്യവല്‍ക്കരിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയം നുണപ്രചരണങ്ങളിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയത ഇളക്കിവിട്ടും പ്രാദേശികമായി സങ്കുചിത ചിന്തകള്‍ ഇളക്കിവിട്ടും വിദ്വേഷങ്ങള്‍ പ്രചരിപ്പിച്ചും ദുര്‍ഘടമായ രീതിയിലേക്ക് രാജ്യത്തെ വഹിച്ചുകൊണ്ടുപോവുകയാണ് അവര്‍. ഇത്തരത്തിലുള്ള എല്ലാ തലത്തിലുമുള്ള വര്‍ഗീയ ശ്രമങ്ങളെ തോല്‍പിച്ച് എല്ലാ തരം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ഉയര്‍ന്ന് പ്രവര്‍ത്തിക്കാനും എല്ലാ മതവിഭാഗത്തിലും പെട്ട ജനങ്ങളുടെ സാഹോദര്യം കാത്തുസൂക്ഷിക്കാനും എല്ലാ ജനങ്ങളേയും ഏകോദരസഹോദരങ്ങളെപ്പോലെ ഒന്നിപ്പിച്ച് മുന്നോട്ടുകൊണ്ടുപൊകാനും അതിശക്തമായി പ്രവര്‍ത്തിക്കേണ്ട ഘട്ടമാണിത്. വര്‍ഗീയതെക്കെതിരായ പോരാട്ടങ്ങളും പ്രചരണങ്ങളും ശക്തിപ്പെടുത്തുക എന്നതാണ് അതിനുവേണ്ടി നിര്‍വഹിക്കാനുള്ളത്.
രാജ്യത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍, തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന ജനത, ചികിത്സ കിട്ടാതെ യാതന അനുഭവിക്കുന്ന മനുഷ്യര്‍, പരമദരിദ്രരരായ ജനവിഭാഗങ്ങള്‍ എന്നിവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ഈ ജനതയുടെ ഉന്നമനത്തിനായി വികസന സേവന പ്രവര്‍ത്തനങ്ങള്‍ ശകതിപ്പെടുത്തുക എന്നതാണ് മൂന്നാമത്തേത്. ഇനിയും കാലോചിതമായി വരുന്ന പ്രശ്‌നങ്ങള്‍ എല്ലാം ഏറ്റെടുത്ത് മുന്നോട്ടുപോകാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ. ഇത്തരത്തില്‍ യുവജനപ്രസ്ഥാനത്തിന് കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തനം വ്യാപിച്ച് കരുത്താര്‍ജിക്കാനാകും.
യുവജനപ്രസ്ഥാനം ഞങ്ങളുടെ കാലത്തിനേക്കാള്‍ കൂടുതല്‍ വളര്‍ന്ന് വികസിച്ചിട്ടുണ്ട്. ഇനിയും മുന്നോട്ടുപോകാന്‍ സംഘടനയ്ക്കാകും. മുന്നോട്ടുള്ള പ്രയാണത്തില്‍ തിരിച്ചടികളുണ്ടാകും.
ആക്രമണങ്ങളുണ്ടാകും. ശത്രുവര്‍ഗ്ഗം ശക്തരാണ്. എല്ലാ സജ്ജീകരണങ്ങളും ഉള്ളവരാണ്. ഇതെല്ലാം മനസ്സിലാക്കി നാടിന്റെ നന്മയ്ക്കായി യുവാക്കളെയും പൊതുജനങ്ങളെയും അണിനിരത്തി മുന്നോട്ടുപാകാന്‍ യുവസഖാക്കളെ നിങ്ങള്‍ക്ക് കഴിയട്ടെ. ഡി.വൈ.എഫ്.ഐയുടെ സ്ഥാപക പ്രസിഡന്റ് എന്ന നിലയിലും യുവജന രംഗത്ത് പ്രവര്‍ത്തിച്ച ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയിലും ഇതാണ് ഈ വേളയില്‍ നിങ്ങള്‍ക്ക് നല്‍കാനുള്ള സന്ദേശം.












Click it and Unblock the Notifications