വിഡി സതീശന്‍ സംഘ് രാഷ്ട്രീയം വേവിക്കുന്ന അടുക്കളയിൽ അരിവെയ്ക്കാൻ അവസരം ചോദിക്കണം: ജയ്ക് സി തോമസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ഡി വൈ എഫ് ഐ നേതാവ് ജയ്ക്ക് സി തോമസ്. കേന്ദ്രം കേരളത്തിന്റെ സാമ്പത്തിക അവകാശങ്ങളെ
വെട്ടിയെന്നും കുത്തിയെന്നുമൊക്കെ സംസ്ഥാനം പറയുന്നുണ്ട്, ഞങ്ങൾക്ക് അതിൽ പറയാനൊന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. അത്തരത്തിലുള്ള അദ്ദേഹം സംഘ് രാഷ്ട്രീയത്തെ വേവിച്ചെടുക്കുന്ന അടുക്കളയിൽ അരിവെയ്ക്കാൻ അവസരം ചോദിക്കണമെന്നും ജയ്ക്ക് സി തോമസ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
പ്രതിപക്ഷ നേതാവേ അങ്ങ് സംഘ് രാഷ്ട്രീയത്തെ വേവിച്ചെടുക്കുന്ന അടുക്കളയിൽ അരിവെയ്ക്കാൻ അവസരം ചോദിക്കണം. വാർത്താസമ്മേളേനങ്ങളും പ്രതികരണങ്ങളും പരിശോധിച്ചാൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ കോൺഗ്രസ് എങ്കിലും ആർഎസ്എസ് ശാഖയിൽ അരി കഴുകികൊടുക്കാനുള്ള പണിയെങ്കിലും തരാതിരിക്കില്ല തീർച്ച.

കേന്ദ്രം കേരളത്തിന്റെ സാമ്പത്തിക അവകാശങ്ങളെ വെട്ടിയെന്നും കുത്തിയെന്നുമൊക്കെ സംസ്ഥാനം പറയുന്നുണ്ട് ഞങ്ങൾക്ക് അതിൽ പറയാനൊന്നുമില്ല!! പഠിച്ചു പറയുന്ന മാന്യനായ കോൺഗ്രസ് നേതാവിന്റെ പ്രതികരണമാണ്. നിഷ്പക്ഷ നായകനാണ് അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ്.
ആഫ്രിക്കൻ ആർച്ച്ബിഷെപ്പായിരുന്ന ഡെസ്മണ്ട് ടുട്ടു ഒരിക്കൽ പറയുന്നുണ്ട്, ഒരാനയും ഉറുമ്പും തമ്മിൽ സംഘർഷത്തിൽ ഏർപ്പെടുമ്പോൾ നിശ്ശബ്ദരാവുക വഴി ഞങ്ങൾ നിക്ഷ്പക്ഷരാണ് എന്നാണ് നിങ്ങൾ അവകാശപെടുന്നതെങ്കിൽ, ബലവാന്റെ ബലത്തെ കണ്ടു ദുർബലനെ ഒറ്റുകൊടുക്കുന്ന ഒറ്റുകാരന്റെ പക്ഷത്താണ് നിങ്ങൾ എന്ന്. ഡെസ്മണ്ട് ടുട്ടുവിനു കേരളത്തിലെ കോൺഗ്രസിനെ അറിയില്ല എന്നിട്ടും എങ്ങനെ ഇത്രേം കൃത്യമായി പറഞ്ഞു എന്നല്ലേ ഒറ്റുകാർ കോൺഗ്രസ് ആയും അല്ലാതെയും ലോകത്തെല്ലായിടത്തും ഉണ്ടെന്നതാവാം.
ആർഎസ്എസ് കേരളത്തിലെ മനുഷ്യ മുന്നേറ്റങ്ങളുടെ കഴുത്തിനു കത്തിവെയ്ക്കുകയാണ്. നമ്മുടെ കേരളം ഉയർത്തി പിടിക്കുന്ന മതനിരപേക്ഷ ബദലനുഭവങ്ങളുടെ പേരിൽ നാടിന്റെ ജീവശ്വാസത്തെ കുത്തിപ്പിടിച്ചു കൊലപ്പെടുത്താൻ ആർ.എസ്.എസ് യൂണിയൻ ഗവ നേതൃത്വത്തിൽ തീരുമാനങ്ങൾ നടപ്പിലാക്കുകയാണ്.അപ്പോഴാണ് വെട്ടിയെന്നോ, കാശ് കുറച്ചെന്നോ,കണിക്കില്ലെന്നോ ഞങ്ങൾക്കൊന്നും അറിയില്ല ഞങ്ങളാരും ഈ നാട്ടുകാരല്ല എന്ന ഭാവത്തിൽ നമ്മുടെ 'പഠിച്ചു പറയുന്ന മാന്യന്റെ' പ്രതികരണം.
കയ്യാലപ്പുറത്തെ തേങ്ങയല്ല എന്റെ നിഷ്പക്ഷത എന്നൊരിക്കൽ എഴുതിയത് കവി സച്ചിദാനന്ദൻ ആയിരുന്നു. സംഘ്പരിവാർ പറയുന്നത്, പെൻഷൻ കൊടുക്കാൻ പാടില്ലാ എന്നാണ്. കോൺഗ്രസ് കാലത്തേ പോലെ 600 രൂപ കാശ് കൊടുക്കാതെ 32 ലക്ഷം കുടുബങ്ങളെ നരകിപ്പിക്കണം എന്ന്, 1600 ആക്കി 62 ലക്ഷം കുടംബങ്ങൾക്ക് സമാശ്വാസം എത്തിക്കുന്ന ഇടതുപക്ഷ ബദൽ പറ്റില്ല എന്ന്, സ്കൂളുകൾ അന്തരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയതും 10 ലക്ഷത്തോളം കുട്ടികൾ പൊതു വിദ്യഭ്യാസ രംഗത്തേക്കെത്തിയതൊന്നും പറ്റില്ലെന്നും പറയുന്നു.
കോൺഗ്രസ് കാലത്തേ പോലെ അടച്ചു പൂട്ടിയതും പോരാതെ ബുൾഡോസർ കൊണ്ട് സ്‌കൂൾ മന്ദിരം തകർത്തു, പാഠപുസ്തകം കൊടുക്കാതെ പരീക്ഷ നടത്തി വേണമെന്ന്. അതിനെ മാറ്റിമറിച്ച കാലത്തിന്റെ അടിത്തറ പാകിയ കിഫ്‌ബി പൂട്ടിക്കണം എന്ന്, ദേശീയ പാതയ്ക്ക് 5600 കോടി കേരളത്തിനു മാത്രമായി നൽകിയ കിഫ്‌ബിയെ, ലൈഫ് സയൻസ് പാർക്ക് യാഥാർഥ്യമാക്കിയ കിഫ്‌ബിയെ, 20 ലക്ഷം മനുഷ്യരുടെ ജീവിതത്തിന്റെ അകത്തളങ്ങളിലേക്ക് അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുന്ന കെ ഫോൺ യാഥാർഥ്യമാക്കുന്ന കിഫ്‌ബിയെ.
അങ്ങനെ എണ്ണിയാലൊടുങ്ങാത്ത മനുഷ്യ മുന്നേറ്റങ്ങളുടെ ത്രസിപ്പിക്കുന്ന മഹാഗാഥകളുള്ള ഈ കാലത്തിനെ നെയ്ത രാഷ്ട്രീയത്തെ അതുവഴി കേരളത്തിനു നേരെ ഇരട്ടക്കുഴൽ നീട്ടുമ്പോഴാണ് കോൺഗ്രെസ്സിന്റെ നിഷ്പക്ഷത കത്തിക്കയറുന്നത്. ജാഗ്രത വേണ്ടത് കേരളത്തിനാണ് സംഘ്പരിവാരത്തെ മാത്രമല്ല അവർക്ക് വേണ്ടി അധിക സമയ ജോലി വേതനമേതുമില്ലാതെ ചെയ്യുന്ന അനിൽ ആന്റണിമാരെ സംഭാവന ചെയുന്ന കോൺഗ്രസിനെയും നമുക്കു ചെറുത്തു തോല്പിക്കേണ്ടതുണ്ട് തുറന്നു കാട്ടേണ്ടതുണ്ട്.
'പാളിപ്പോയ പരീക്ഷണങ്ങൾ'
പലകുറി കോൺഗ്രസ്സും ലീഗുമൊക്കെ ആയി ചേർന്നു പലതവണ നടത്തി നോക്കി പക്ഷെ പരാജയപെട്ടു. സാമുദായിക സംഘടനകളെ വിലക്കെടുത്ത പരീക്ഷണം നടത്തി അത് പരാജയപെട്ടു. വടക്കൻ കേരളത്തിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ വിലകൊടുത്തു വാങ്ങി ശീലമുള്ള അമിത് ഷാ നടന്നു വെല്ലുവിളിച്ചു, അതും പരാജയപെട്ടു. ഇ.ഡി വന്നു, സി.ബി.ഐ പലതവണ പലരോടൊപ്പം വന്നു പോയി, ദേശീയ അന്വേഷണ ഏജൻസിയും വന്നു മടങ്ങി, എന്നിട്ടും പരാജയപെട്ടു. ഇനി സാമ്പത്തിക ഉപരോധം കൂടെയാണ്
പാക്കലാം.












Click it and Unblock the Notifications