വാക്സിനെടുക്കാത്ത അധ്യാപകരുടെ പട്ടിക പുറത്തു വിടും; കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഉച്ചയോടെ വിദ്യാഭ്യാസവകുപ്പ് പുറത്തുവിടുമെന്ന് മന്ത്രി വി. ശിവൻകുട്ടി. വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ പൊതുസമൂഹം അറിയണം. ഇത്തരക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് ഉൾപ്പെടെ വിദ്യാഭ്യാസവകുപ്പ് നൽകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
കൊവിഡിനെതിരെയുള്ള വലിയ തയ്യാറെടുപ്പ് നടത്തിയശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. വിദ്യാർഥികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും ഉൾപ്പെടെ രോഗം പടർന്നു പിടിക്കാതിരിക്കാൻ വലിയ മുന്നൊരുക്കങ്ങളും സജ്ജീകരണങ്ങളുമാണ് വിദ്യാഭ്യാസവകുപ്പ് നടത്തുന്നത്. അധ്യാപകർ വാക്സിൻ എടുക്കാതെ സ്കൂളിലെത്തുന്നതിലൂടെ വിദ്യാർഥികൾക്ക് പോലും രോഗം പടർന്നു പിടിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യം കൂടി മുന്നിൽ കണ്ടാണ് വിദ്യാഭ്യാസവകുപ്പ് വാക്സിൻ്റെ കാര്യത്തിൽ സ്വരം കടുപ്പിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്ഥാനത്തെ സ്കൂളുകൾ പ്രവർത്തിക്കുന്നത്. സ്കൂളുകളിൽ നിലവിൽ ഉച്ച വരെയാണ് ക്ലാസ്സുകളുള്ളത്. ഷിഫ്റ്റ് അടിസ്ഥാനത്തിലും ക്രമീകരണങ്ങൾ വ്യുത്തിയുമാണ് ക്ലാസുകൾ മുന്നോട്ടുകൊണ്ടുപോകുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷ ഇത്രത്തോളം പ്രധാനമാണെന്നിരിക്കെ അധ്യാപകർ സ്കൂളിൽ വാക്സിൻ എടുക്കാതെ എത്തുന്നത് സർക്കാർ പുറത്തിറക്കിയ മാർഗരേഖയ്ക്ക് പോലും വിരുദ്ധമാവുകയാണ്.

സ്കൂളുകളിൽ ക്ലാസ്സുകൾ തുടങ്ങുന്നതിന് മുൻപ് തന്നെ അധ്യാപകരും അനധ്യാപകരുമുൾപ്പടെ നിർബന്ധമായും രണ്ടു ഡോസ് വാക്സിൻ എടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇനിയും മാർഗ്ഗനിർദ്ദേശത്തെ പലരും അവഗണിക്കുന്നതായി പരാതികൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് വിദ്യാഭ്യാസ വകുപ്പ് സ്വരം കടുപ്പിക്കുന്നത്.
അയ്യായിരത്തോളം അധ്യാപകർ ഇനിയും വാക്സിനെടുക്കാൻ ഉണ്ടെന്ന് നേരത്തെ മാധ്യമങ്ങളെ കണ്ടപ്പോൾ മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ഇനിയും വാക്സിൻ എടുക്കാൻ ബാക്കിയുള്ളവർ കൃത്യമായി രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം മാത്രമേ സ്കൂളുകളിൽ ഹാജരാകാൻ പാടുള്ളൂവെന്നും മന്ത്രി നിർദ്ദേശിച്ചിരുന്നതാണ്.
അല്ലാത്തവർ വീട്ടിലിരുന്നാൽ മതിയെന്നും സ്കൂളുകളിൽ എത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടും അധ്യാപകർ അനുസരിക്കാൻ തയ്യാറാകാത്തതോടെയാണ് പട്ടിക പുറത്തു വിട്ട് കാരണം കാണിക്കൽ നോട്ടീസ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വകുപ്പ് നീങ്ങുന്നത്.
കൊവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ ഇതിനിടെ ഉച്ചയോടെ വിദ്യാഭ്യാസ വകുപ്പ് പുറത്തു വിടുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വാക്സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ പൊതുസമൂഹം അറിയണം. ഇത്തരക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് ഉൾപ്പെടെ വിദ്യാഭ്യാസവകുപ്പ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
നിരവധി മുന്നൊരുക്കങ്ങൾ നടത്തിയ ശേഷമാണ് സംസ്ഥാനത്ത് സ്കൂളുകൾ തുറന്നത്. ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിലും ഇതേ ഒരുക്കം നടത്തും. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കും. ഒമിക്രോൺ പ്രതിരോധം സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സാരിയില്‍ അതീവ സുന്ദരിയായി കല്യാണി പ്രിയദര്‍ശന്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications